ഹേമ ഉപാധ്യായ വധം;ചിന്തന് പങ്കുണ്ടെന്ന് ബന്ധുക്കള്‍

മുംബൈ: ചിത്രകാരി ഹേമ ഉപാധ്യായയുടെ കൊലപാതകത്തി ല്‍ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായക്ക് പങ്കുണ്ടെന്ന് അവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ഹേമയുടെയും അവരുടെ അഭിഭാഷകന്‍ ഹരീഷ് ഭംഭാനിയുടെയും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയില്‍ ചിന്തന് പങ്കുണ്ടെന്ന് താനും മറ്റു കുടുംബാംഗങ്ങളും സംശയിക്കുന്നതായി ഹേമയുടെ ബന്ധു ദീപക് പ്രസാദ് പറഞ്ഞു.
അഞ്ചു ലക്ഷം രൂപയ്ക്കു വേണ്ടിയാണ് ഹേമയെ വിദ്യാധര്‍ രാജ്ഭറും അയാളുടെ ശിങ്കിടികളും കൊലപ്പെടുത്തിയതെന്നു പറയുന്നതു ശരിയല്ല. വിദ്യാധറെ ഹേമ മുമ്പ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പണം ഒരിക്കലും ഹേമ തിരിച്ചുചോദിച്ചിട്ടുമില്ല. ഏതാനും കൊല്ലം മുമ്പ് ഹേമയെ കൊല്ലുമെന്ന് ചിന്തന്‍ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം നടത്താന്‍ ഏതറ്റം വരെയും പോവുമെന്നും അയാള്‍ പറഞ്ഞിരുന്നു- പ്രസാദ് പറഞ്ഞു. അതേസമയം, ഹേമയുടെ മൃതദേഹം കണ്ടെടുത്ത ഉടന്‍ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചിന്തന്‍ ഹേമയെ കൊല്ലാ ന്‍ ഗൂഢാലോചന നടത്തിയെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചിന്തനെ പോലിസ് നാലുദിവസം ചോദ്യംചെയ്തിരുന്നു. കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ല.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് പോലിസിന്റെ നിലപാട്. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി വിദ്യാധറെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കൊലപാതകത്തില്‍ ചിന്തന്റെ പങ്ക് സംബന്ധിച്ച ചിത്രം വ്യക്തമാവൂ എന്ന് പോലിസ് പറഞ്ഞു.
ഹേമയുടെയും ഭംഭാനിയുടെയും മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്ക് കടലാസില്‍ പൊതിഞ്ഞ് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ അഴുക്കുചാലില്‍നിന്നാണ് ഈ മാസം 12ന് കണ്ടെത്തിയത്. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസാദ് രാജ്ഭര്‍, പ്രദീപ് രാജ്ഭര്‍, വിജയ് രാജ്ഭര്‍, ശിവകുമാര്‍ രാജ്ഭര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ശിവകുമാര്‍ രാജ്ഭര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ ഫൈബര്‍ ഗ്ലാസ് നിര്‍മാണവും വില്‍പനയും നടത്തുന്നവരാണ്. ഹേമയുടെ ചിത്രകലയ്ക്ക് ആവശ്യമായ ഫൈബര്‍ ഗ്ലാസ് ഇവരി ല്‍നിന്നാണ് ഹേമ വാങ്ങിയിരുന്നത്.

Next Story

RELATED STORIES

Share it