kozhikode local

ഹെല്‍മെറ്റ് പരിശോധനക്കിടെ ബൈക്കില്‍ നിന്നു വീണ് യുവതിക്ക് പരിക്ക്

വടകര: ഹെല്‍മെറ്റ് പരിശോധനക്കിടെ ബൈക്കില്‍ നിന്നും വീണ് യുവതിക്ക് പരിക്ക്. ഇന്നലെ വൈകുന്നേരത്തോടെ വടകര അഞ്ചുവിളക്ക് ജംഗ്ഷനിലാണ് സംഭവം. ഏറാമല സ്വദേശി ഷൈമ(40)യാണ് അപകടത്തില്‍ പെട്ടത്. അഞ്ചുവിളക്കിന് സമീപത്തെ റോഡില്‍ വെച്ച് ഹെല്‍മെറ്റ് പരിശോധന നടത്തുകയായിരുന്നു പോലീസിനെ കണ്ട ബൈക്ക് പെട്ടെന്ന് തിരിക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്.
പോലീസ് വാഹനം കാണത്തക്ക വിധത്തില്‍ വെക്കാതെയുള്ള വാഹന പരിശോധന നടത്തിയതാണ് അപകടത്തിന് കാരണമായത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് പെട്ടെന്ന് പോലീസിനെ കണ്ടതും പിടുത്തംകൊടുക്കെണ്ടെന്ന ചിന്തയും വന്നതോടെ പെട്ടെന്ന് ബൈക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ ബൈക്കില്‍ നിന്നും വീണു പരിക്കേറ്റ ഷൈമയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ പോലീസ് ആദ്യം തയ്യാറായില്ല. ഈ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോഴാണ് പോലീസ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാര്‍ പറഞ്ഞു.കേരള പോലീസ് മേധാവി പുറപ്പെടുവിച്ച വിവിധ അറിയിപ്പുകള്‍ ലംഘിച്ച് നടത്തുന്ന വാഹന പരിശോധനയാണ് വടകരയില്‍ പോലീസ് നടത്തുന്നതെന്ന് മുമ്പും പല തവണ തേജസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ നടന്ന സംഭവവും സമാനമാവുന്നത് തന്നെയാണ്. തിരക്കു പിടിച്ച റോഡുകള്‍, റോഡുകള്‍ വളയുന്ന സ്ഥലങ്ങള്‍, രാത്രിയിലെ ചെക്കിംഗില്‍ റിഫഌക്ഷന്‍ ജാക്കറ്റ് ധരിക്കല്‍ എന്നിങ്ങനെ വിവിധ അറിയിപ്പുകളാണ് പോലീസ് മേധാവി സ്‌റ്റേഷനുകളില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് വടകരയിലെ പോലീസ് ചെക്കിംഗ്.
അഞ്ചു വിളക്ക് ജംഗ്ഷനിലെ വളവിലാണ് പോലീസ് വാഹനം വെക്കുന്നത്. കൂടാതെ ചെക്കിംഗില്ലെന്ന പോലെ കോണ്‍സ്റ്റബിള്‍മാര്‍ പുറത്തേക്കിറങ്ങി നടക്കും. ഹെല്‍മെറ്റ് ഇടാതെ വരുന്ന ബൈക്കുകള്‍ക്ക് നേരെ പെട്ടെന്നാണ് കൈ കാണിച്ച് നിറുത്തുവാന്‍ പറയുക. പിന്നില്‍ സ്ത്രീകളാണ് ഇരിക്കുന്നതെങ്കില്‍ അപകടം ഉറപ്പെന്ന അറിവ് പോലും ഇല്ലാതെയുള്ള പരിശോധനയാണ് പോലീസ് ഇന്നലെ ചെയ്തതെന്നും സംഭവം നേരില്‍ കണ്ടവര്‍ പറയുന്നു.
Next Story

RELATED STORIES

Share it