ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇനി പെട്രോളില്ല: ഉത്തരവ് ആഗസ്തില്‍ പ്രാബല്യത്തില്‍ വരും; നടപടി റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രികര്‍ക്ക് ഇനിമുതല്‍ പമ്പില്‍ നിന്ന് പെട്രോള്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിറക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. ഉത്തരവ് ആഗസ്ത് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
കേരളത്തിലെ പ്രമുഖ ഇന്ധന കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ഇരുചക്രവാഹനയാത്രികര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനെത്തുടര്‍ന്നുള്ള റോഡപകടങ്ങളും മരണങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് മോട്ടോര്‍വാഹന വകുപ്പ് മുതിര്‍ന്നത്. ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദേശം നല്‍കുമെന്നും റോഡപകടങ്ങള്‍ കുറയ്ക്കാനാണു പുതിയ നടപടിയെന്നും ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി.
ഇതുസംബന്ധിച്ച അറിയിപ്പ് പെട്രോള്‍ പമ്പുകളില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, പമ്പുകളില്‍ കാമറകളും സ്ഥാപിക്കും. പദ്ധതി വിജയകരമായാല്‍ കേരളമൊട്ടാകെ വ്യാപിപ്പിക്കാനാണു തീരുമാനം. പെട്രോള്‍ പമ്പുകളില്‍ നിര്‍ദേശം നടപ്പാക്കുന്നതിനു മോട്ടോര്‍വാഹന വകുപ്പിനെയും പോലിസിനെയും ചുമതലപ്പെടുത്തി. സുരക്ഷിതമായി വാഹനമോടിക്കാന്‍ ഹെല്‍മറ്റ് അവിഭാജ്യഘടകമായി കാണണമെന്നും ഇതു ലംഘിക്കുന്ന ഇരുചക്രവാഹനയാത്രികരില്‍ നിന്നു പിഴയീടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. നിര്‍ദേശം നല്‍കിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും കര്‍ശന നടപടികളിലേക്കു പോവാതെ ആരും നിയമം പാലിക്കില്ലെന്നും തച്ചങ്കരി പറഞ്ഞു.
ഹെല്‍മറ്റ് ധരിക്കാത്തത് അപകടങ്ങളുടെ ആഘാതം വര്‍ധിപ്പിക്കുന്നു. ബൈക്കപകട മരണങ്ങളില്‍ കൂടുതലും ഹെല്‍മറ്റ് ഉപയോഗിക്കാത്തതിനാലാണ്. പിഴത്തുക വര്‍ധിപ്പിക്കണം. ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടായാല്‍ മാത്രമേ നിയമം പാലിക്കപ്പെടുകയുള്ളൂ. വരുമാനം കൂട്ടാനല്ല, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണിതെന്നാണു സര്‍ക്കാര്‍ നിലപാട്. ഇരുചക്രവാഹനം വാങ്ങുന്നവര്‍ക്കു സൗജന്യമായി ഹെല്‍മറ്റ് കൂടി നല്‍കണമെന്ന് ഈ വര്‍ഷമാദ്യം മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ പുതുതായി വിഭാവനം ചെയ്യുന്ന റോഡ് സുരക്ഷാ ബില്ലില്‍ 2,500 രൂപയാണു പിഴ നിഷ്‌കര്‍ഷിക്കുന്നത്.
അതിനിടെ, തീരുമാനത്തിലെ അപ്രായോഗികത പല കോണുകളില്‍നിന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഉത്തരവു സംബന്ധിച്ച് പെട്രോള്‍ പമ്പുടമകള്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. ഉത്തരവ് ഇറക്കിയത് മോട്ടോര്‍വാഹനവകുപ്പ് ആണെങ്കിലും നടപ്പാക്കേണ്ടതു പമ്പുടമകളാണ്.
എന്നാല്‍ ഉത്തരവിനോട് പൊതുവേ അനുകൂല പ്രതികരണമാണു ജനങ്ങളില്‍നിന്നുണ്ടാവുന്നത്. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലുള്ള അധികൃതരുടെ കണിശമായ നടപടിയെ പലരും സ്വാഗതംചെയ്തു. അതേസമയം, നിയമം നടപ്പാക്കുന്നതിനു മുമ്പ് പ്രായോഗിക, മാനുഷികവശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മുന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it