ഹെല്‍മന്ത് പ്രവിശ്യ താലിബാന്‍ കീഴടക്കിയേക്കാമെന്ന് മുന്നറിയിപ്പ്

കാബൂള്‍: ആറു മാസക്കാലമായി സംഘര്‍ഷം നിലനില്‍ക്കുന്ന അഫ്ഗാനിലെ തെക്കന്‍ പ്രവിശ്യയായ ഹെല്‍മന്ത് താലിബാന്‍ കീഴടക്കിയേക്കുമെന്നു പ്രവിശ്യയിലെ ഡെപ്യൂട്ടി മേയറുടെ മുന്നറിയിപ്പ്. അഫ്ഗാന്‍ സുരക്ഷാ സൈന്യവും താലിബാന്‍ പ്രവര്‍ത്തകരുമായി മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സംഘര്‍ഷത്തില്‍ സുരക്ഷാ സൈന്യത്തിലെ 90ഓളം പേര്‍ മരിച്ചതായി ഡെപ്യൂട്ടി മേയര്‍ മുഹമ്മദ് ജാന്‍ റസുല്യര്‍ പറഞ്ഞു. പ്രസിഡന്റ് അഷ്‌റഫ് ഗാനി തക്കതായ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കറുപ്പ് ഉല്‍പാദനകേന്ദ്രം കൂടിയായ പ്രവിശ്യ വൈകാതെ താലിബാന്‍ കീഴടക്കും. താലിബാന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ഹെല്‍മന്ത് പ്രവിശ്യയില്‍ വര്‍ഷങ്ങളായി ബ്രിട്ടിഷ്, യുഎസ് സേന താലിബാനെ തുരത്താന്‍ ശ്രമം നടത്തിവരുകയാണ്. വടക്കന്‍ പ്രവിശ്യയായ കുന്ദുസും താലിബാന്‍ നിയന്ത്രണത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റസുല്യര്‍ മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ സപ്തംബറില്‍ കുന്ദുസ് താലിബാന്‍ കീഴടക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഹെല്‍മന്ത് പ്രവിശ്യ പിടിച്ചെടുക്കാന്‍ താലിബാനു സാധിക്കില്ലെന്നു പോലിസ് മേധാവി അബ്ദുര്‍റഹ്മാന്‍ സര്‍ജാങ് പ്രതികരിച്ചു. പ്രസ്താവനയോട് പ്രതികരിക്കാന്‍ കരസേനാ വക്താവ് മുഹമ്മദ് റസൂല്‍ സസായി തയ്യാറായില്ല.
Next Story

RELATED STORIES

Share it