thrissur local

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തീരുമാനം

ചാലക്കുടി: നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷിനെതിരെ നടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ആക്ടിംഗ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പിലിനോട് അപമര്യാദയായി പെരുമാറിയതിനും നിശ്ചിത സമയത്തിനുള്ളില്‍ നല്‍കേണ്ടതായ സര്‍ട്ടിഫിക്കറ്റ് നല്കാതെ കാലതാമസം വരുത്തിയതിനുമാണ് നടപടി സ്വീകരിക്കാന്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ശുപാര്‍ഷ ചെയ്തത്. സെന്റ്.ജെയിംസ് ആശുപത്രിക്ക് നല്‍കേണ്ട ലൈസന്‍സിന്റെ അപേക്ഷയില്‍ നടപടി സ്വീകരിക്കാതെ കാലതാമസം വരുത്തിയത് സംബന്ധിച്ച് ചോദിക്കാനായി ആക്ടിംഗ് ചെയര്‍മാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിളിച്ച് വരുത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അപമര്യാദയായി പെരുമാറിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാനും ആശുപത്രിക്ക് ലൈസന്‍സ് ഉടന്‍ നല്‍കാനും യോഗം തീരുമാനിച്ചു. കളിസ്ഥലം വികസനവുമായി ബന്ധപ്പെട്ട് സ്ഥല ഉടമകള്‍ക്ക് പണം നല്‍കാനുള്ള കേസില്‍ ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന കലക്ടറുടെ നിര്‍ദേശാനുസരണമാണ് അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തത്. ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള പണം കണ്ടെത്താന്‍ ദേശാസാത്കൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാന്‍ യോഗം തീരുമാനം എടുത്തു. സര്‍ക്കാരുമായി ബന്ധപ്പെട്ട് കുറഞ്ഞ പലിശ നിരക്കില്‍ വായ്പയെടുക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ അനുമതി ഉറപ്പുവരുത്തി സ്റ്റേഡിയം നിര്‍മ്മാണത്തിനും ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മാണത്തിനും ക്വട്ടേഷന്‍ വിളിച്ച് ഡിപിആര്‍ തയ്യാറാക്കി അത് വഴി ലോണെടുക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. ചെയര്‍മാന്‍ കലക്ടറുടെ നോട്ടിസ് അറിഞ്ഞിട്ടും യോഗം വിളിച്ച് ചേര്‍ക്കാന്‍ വൈകിയെന്നും അതില്‍ ദുരൂഹതയുണ്ടെന്നും സ്ഥല ഉടമകളെ സഹായിക്കാനുമാണെന്നും ആരോപിച്ച് പ്രതിപക്ഷം യോഗത്തില്‍ നിന്നും ഇറങ്ങിപോയി. ആക്ടിംഗ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ യു.വി.മാര്‍ട്ടിന്‍, പി.എം.ശ്രീധരന്‍, വി.ജെ.ജോജി, വി.ഒ.പൈലപ്പന്‍, ഷിബു വാലപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it