Idukki local

ഹെലിബറിയ ഫാക്ടറി തീപ്പിടിത്തം : ജീവിതം വഴിമുട്ടി തൊഴിലാളികളും ചെറുകിട കര്‍ഷകരും



പീരുമേട്: നൊമ്പരങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമപ്പുറം ജീവിതത്തില്‍ ഹെലിബറിയ തേയില തോട്ടത്തിലെ സെമിനിവാലി ഫാക്ടറി തന്ന സൗഭാഗ്യങ്ങളെ നന്ദിയോടെ ഓര്‍ക്കുകയാണ് ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍. 1923ലാണ് ഹെലിബറിയ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. തോട്ടം പ്രതിസന്ധിയെ തുടര്‍ന്ന് അടഞ്ഞു കിടന്ന ഫാക്ടറി ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു നൂറ്റാണ്ടുകാലം ജീവിതത്തിന്റെ ഭാഗമായിരുന്ന ഹെലിബറിയ ഫാക്ടറി അഗ്‌നിക്കിരയാവുന്നത് കണ്ടു നില്‍ക്കാനെ അവര്‍ക്കായുള്ളു. വേദനകള്‍ പേറി നഷ്ടമായ ഫാക്ടറിയോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച്ച തൊഴിലാളികള്‍ ഒന്നടങ്കം പണിക്കിറങ്ങിയില്ല. പ്രതിസന്ധികളെയും തര്‍ക്കങ്ങളെയും അതിജീവിച്ച് ഫാക്ടറി തുടര്‍ പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതീക്ഷകളെ തച്ചടുച്ചു ഫാക്ടറി കത്തിച്ചാമ്പലായത്. ഈ സമയം ഇരുപതോളം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയില്ല. ഹൈറേഞ്ചിന്റെ തേയില കൃഷിയുടെ പ്രതാപത്തില്‍ ഒരു നൂറ്റാണ്ട് പഴക്കമുണ്ട് നാലു നിലകളുള്ള ഹെലിബറിയ ഫാക്ടറിക്ക്. ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ച ഫാക്ടറിയുടെ ഉള്‍വശം തേക്ക്, ഈട്ടി തുടങ്ങി വന്‍ മരങ്ങളാല്‍ പണി കഴിപ്പിച്ചതാണ്. കത്തി ചാമ്പലായ ഫാക്ടറിയുടെ അവസ്ഥ കാണുവാന്‍ വിവിധ  എസ്‌റ്റേറ്റുകളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. ജോയിസ് ജോര്‍ജ് എം.പി ,ഇ എസ് ബിജിമോള്‍ എം.എല്‍.എ  എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയോടെ ഫോറന്‍സിക് വിദഗ്ദരും ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരും ഫാക്ടറിയില്‍ പരിശോധന നടത്തി. വ്യാഴാഴ്ച മുതല്‍ വിളവെടുക്കുന്ന  പച്ച കൊളുന്ത് പഴയപടി ഹെലിബറിയ കമ്പനിയുടെ ഉടമസ്ഥതയിലെ തന്നെ ചെമ്മണ്‍ ഫാക്ടറിയില്‍ എത്തിച്ച് തേയിലപ്പൊടി ഉദ്പാദിപ്പിക്കാനാണ് തീരുമാനം. ഫാക്ടറിയുടെ അഭാവം ഏറെ അലട്ടുന്നത് ചെറുകിട കര്‍ഷകരെയാണ്. ചെറുകിട തേയില കര്‍ഷകരില്‍ നിന്നും കമ്പനി ദിവസേന വാങ്ങുന്ന നാപ്പതിനായിരം കിലോയോളം കൊളുന്ത് വില്‍ക്കാനായില്ലങ്കില്‍ ചെറുകിട കര്‍ഷകരെ അത് പ്രതികൂലമായി ബാധിക്കും. ഒരു കിലോയ്ക്ക് ആറു രൂപ പോലും കിട്ടാത്ത അവസ്ഥയാണ് നിലവില്‍. നിലവില്‍ ഫാക്ടറിയില്‍ ജോലി ചെയ്തു വന്നിരുന്നവരും ജോലിയെ ഓര്‍ത്ത് ആശങ്കയിലാണ്.
Next Story

RELATED STORIES

Share it