Second edit

ഹെന്റി എട്ടാമന്‍

ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവിന് ആന്‍ ബൊലീന്‍ എന്ന സുന്ദരിയോടു തോന്നിയ അനുരാഗം ലോകചരിത്രത്തെയാകെ മാറ്റിമറിച്ച സംഭവമാണ്. രാജാവാണെങ്കിലും ഈ യുവസുന്ദരിയെ വേള്‍ക്കാന്‍ ഹെന്റി പെടാപ്പാടു പെട്ടു. കാരണം, കത്തോലിക്കാസഭ. ഹെന്റിയുടെ ആദ്യ ഭാര്യയെ ഒഴിവാക്കി പുതിയ വേളി നടപ്പില്ല എന്നാണ് റോമിലെ സര്‍വാധികാരിയായ പോപ്പ് കല്‍പിച്ചത്. പോപ്പിന്റെ മനംമാറ്റാന്‍ ഹെന്റി പഠിച്ച പണി പതിനെട്ടും നോക്കി. നടപ്പില്ലാതെ വന്നപ്പോള്‍ ഹെന്റി കത്തോലിക്കാസഭയെത്തന്നെ നിഷ്‌കാസനം ചെയ്തുകളഞ്ഞു. അങ്ങനെയാണ് ഇംഗ്ലണ്ടില്‍ രാജാവും ജനങ്ങളും ആംഗ്ലിക്കന്‍ സഭക്കാരായത്. രാജാവ്, ആന്‍ ബൊലീന് അയച്ച പ്രേമലേഖനങ്ങള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ വലിയ കൗതുകമുണ്ടാക്കിയ സംഗതിയാണ്. മഹാകവി ഷേക്‌സ്പിയര്‍ മുതല്‍ സമകാല നോവലിസ്റ്റ് ഹില്ലരി മാന്റല്‍ വരെ നിരവധി എഴുത്തുകാര്‍ ഹെന്റിയുടെ പ്രേമവും വിവാഹവും തദനന്തരം പുതിയ ഭാര്യയെ മടുത്തപ്പോള്‍ രാജാവ് അവരുടെ തലവെട്ടിയ കഥയും ഒക്കെ തങ്ങളുടെ രചനകള്‍ക്കു വിഷയമാക്കിയിട്ടുണ്ട്. ഹെന്റിയുടെ 17 പ്രേമലേഖനങ്ങള്‍ പക്ഷേ, റോമിലെ വത്തിക്കാന്‍ ലൈബ്രറിയുടെ കൈവശമായിരുന്നു. എങ്ങനെ ഇത് വത്തിക്കാന്റെ കൈയിലെത്തി എന്ന കാര്യം ഇന്നും വ്യക്തമല്ല. സമീപകാലത്ത് ഈ രേഖകള്‍ വത്തിക്കാന്‍ ലൈബ്രറി തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രകാശനം ചെയ്തിട്ടുണ്ട്. അങ്ങനെ രാജാവിന്റെ പ്രേമലേഖനങ്ങള്‍ ഇപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ക്കുപോലും തങ്ങളുടെ സ്വന്തം രചനകള്‍ക്ക് മാതൃകയാക്കാവുന്നവിധം ലോകമെങ്ങും ലഭ്യമായിരിക്കുന്നു.
Next Story

RELATED STORIES

Share it