ernakulam local

ഹെക്ടര്‍ കണക്കിന് പാടശേഖരം ദയനീയാവസ്ഥയില്‍

മൂവാറ്റുപുഴ: വെള്ളകെട്ടിന് പരിഹാരം ഉണ്ടാകാത്ത  കാരണം മൂവാറ്റുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഹെക്ടര്‍ കണക്കിന് പാടശേഖരം തരിശിട്ടിരിക്കുകയാണ്. നാട് നീളെ കാര്‍ഷിക വിപ്ലവവും നെല്‍കൃഷി  നടത്താന്‍ പല പദ്ധതികളും ആസൂത്രണം ചെയ്തിരിക്കുമ്പോഴാണ്  കൃഷിയോഗ്യമായ വയല്‍ വെള്ളകെട്ടില്‍ മുങ്ങി കിടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറു മേനി വിളവ്  കിട്ടിയിരുന്ന നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന തൃക്ക പാടശേഖരമാണ് കൃഷി ചെയ്യാതെ കാടു കയറി വെള്ളകെട്ടായി കിടക്കുന്നത്. നഗരസഭയിലെ രണ്ടാം വാര്‍ഡിലെ 15 ഏക്കറോളം വരുന്ന പാടശേഖരമാണ് അധികാരികളുടെ അനാസ്ഥയില്‍ ഉപയോഗശൂന്യമായിരിക്കുന്നത്. ആയിരക്കണക്കിന് പറ നെല്ല് വിളഞ്ഞിരുന്ന പാടം ഇന്ന് കിടക്കുന്നത്  ദയനീയാവസ്ഥയിലാണ്. വെള്ളകെട്ടില്‍ മുങ്ങി മാലിന്യ പ്ലാന്റായി മാറിയിരിക്കുകയാണ്.
രാത്രിയില്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നു വരെ മാലിന്യങ്ങള്‍ തള്ളാറുണ്ടന്ന് നാട്ടുകാര്‍ പറയുന്നു. കര്‍ഷക ദിനങ്ങള്‍ ഓരോ വര്‍ഷവും കടന്ന് പോകുമ്പോഴും എല്ലാം ആഘോഷമാക്കുന്നവര്‍ക്ക് ഇത് ശ്രദ്ധിക്കാന്‍ പോലും സമയമില്ല. നെല്‍കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന കര്‍ഷകര്‍ക്കാകട്ടെ ഇത് വിറ്റ് കളയാനും മനസ് വരുന്നില്ല. ഭൂ മാഫിയയുടെ കൈയ്യില്‍ പെട്ടാല്‍ വെള്ളകെട്ടെല്ലാം മാറ്റി ഇവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാകാന്‍ ദിവസങ്ങള്‍ മതി. ഒന്നര വര്‍ഷം മുമ്പ് ഒരു പറ്റം യുവാക്കള്‍ മുന്‍കൈയെടുത്ത് പാടശേഖരത്തില്‍ കൃഷി ഇറക്കാമെന്ന് താല്‍പര്യപ്പെട്ട് നഗരസഭ അധികൃതരെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭ അധികൃതര്‍ വെള്ളകെട്ട് ഒഴിവാക്കാനായി നിരോഴുക്ക്  സുഗമമാക്കുന്നതിനുള്ള  നിര്‍മ്മാണത്തിനായി തുക അനുവദിക്കുന്നതിനായി ജില്ലാ പ്ലാനിങ്ങ് ബോര്‍ഡിന് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് അധികൃതരാകട്ടെ അതേ കുറിച്ച് ചിന്തിച്ചിട്ടുമില്ല. ഇതു പോലെ നിരവധി പാടശേഖരമാണ് പ്രദേശത്ത് തരിശായി കിടക്കുന്നത്. ഇവയില്‍ പലതും അധികൃതര്‍ ശ്രമിച്ചാല്‍ നെല്ല് വിളയിക്കാന്‍ പറ്റുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it