Pathanamthitta local

ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് വരുന്നു

പത്തനംതിട്ട: സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെ കാത്ത് ലാബ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 12ന് തുടങ്ങും. ആഗസ്ത് 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി ആശുപത്രിക്ക് കൈമാറുന്നതിനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി വിദഗ്ധ സംഘം പരിശോധന നടത്തി. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എം.ഡി. ഡോ. സതീഷ്, കേരളാ ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി, വിപ്രോ എന്നിവയുടെ ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ,പൊതുമരാമത്ത് എന്‍ജീനിയര്‍മാര്‍ സംഘത്തിലുണ്ടായിരുന്നു. വീണാ ജോര്‍ജ്ജ് എംഎല്‍എ, നഗരസഭാധ്യക്ഷ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് നേതൃത്വം നല്‍കി. സൂപ്രണ്ട് ഡോ.ശ്രീലത, ആര്‍എംഒ ആശിഷ് മോഹന്‍ സന്നിഹിതരായിരുന്നു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് നിര്‍മ്മാണചുമതല. വിപ്രോയാണ് തീവ്രപരിചരണ വിഭാഗം ഒരുക്കുന്നത്. കാത്ത് ലാബിന്റെ പ്രവര്‍ത്തനത്തിനായി പഴയ ശബരിമല വാര്‍ഡ് പൂര്‍ണമായും ഹൃദ്രോഗചികില്‍സാ കേന്ദ്രമാകും. ഇതിനുള്ളിലാണ് കാത്ത് ലാബ് ഒരുക്കുന്നത്. രണ്ട് ഹൃദ്രോഗചികില്‍സാ വിദഗ്ധര്‍ മുഴുവന്‍ സമയം ഇവിടെ ഉണ്ടാവും. അടുത്ത ശബരിമല തീര്‍ഥാടനകാലത്ത് കോട്ടയം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത് ഒഴിവാക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രി കാത്ത് ലാബിന് എട്ട് കോടി രൂപ അനുവദിച്ചു. ശബരിമലയുടെ അടിസ്ഥാന പട്ടണം എന്ന നിലയിലും പത്തനംതിട്ട ആശുപത്രിക്ക് പ്രാധാന്യമുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it