Flash News

ഹൃദയശസ്ത്രക്രിയ: മരുന്നു നിറച്ച സ്റ്റെന്റുകള്‍ക്ക് വിലകുറയും, പുതിയ നിയന്ത്രണം നിലവില്‍;

ഹൃദയശസ്ത്രക്രിയ:  മരുന്നു നിറച്ച സ്റ്റെന്റുകള്‍ക്ക് വിലകുറയും, പുതിയ നിയന്ത്രണം നിലവില്‍;
X


ന്യൂഡല്‍ഹി: ഹൃദ്രോഗ ചികില്‍സയ്ക്കുപയോഗിക്കുന്ന സ്‌റ്റെന്റുകളുടെ വിലയില്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ബയോ റിസോര്‍ബബിള്‍ വാസ്‌കുലാര്‍ സ്‌കഫോള്‍ഡ്, ബയോഡിഗ്രേഡബിള്‍, മെറ്റല്‍ എന്നിങ്ങനെയുള്ള മരുന്നു നിറച്ച സ്‌റ്റെന്റുകളുടെ വില ഇതോടെ രണ്ടായിരം രൂപയിലേറെ കുറയും. ഇവയുടെ വില 30180 രൂപയില്‍ നിന്ന് (നികുതിയില്ലാതെ) 27890 രൂപയായി കുറയ്ക്കാന്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ഔഷധ വിലനിയന്ത്രണസമിതി യോഗമാണ് തീരുമാനിച്ചത്. ഇത്തരം സ്‌റ്റെന്റ്ുകളെ വില നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ബഹുരാഷ്്ട്ര സ്റ്റെന്റ് നിര്‍മാതാക്കളുടെ ആവശ്യം തള്ളിയാണ് സമിതി തീരുമാനമെടുത്തത്. എന്നാല്‍, മരുന്നില്ലാത്ത ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില നേരിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 7260 മുതല്‍ 7400 രൂപവരെയുണ്ടായിരുന്ന ഈ സ്റ്റെന്റുകളുടെ വില 7660 രൂപയാക്കിയാണ് ഉയര്‍ത്തിയത്. വിതരണക്കാരുടെ ലാഭവിഹിതം എട്ട് ശതമാനമായി നിജപ്പെടുത്തി.

ആന്‍ജിയോ പ്ലാസ്്റ്റി ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ഗൈഡ് വയറുകള്‍, കത്തീറ്ററുകള്‍, ബലൂണുകള്‍ എന്നിവയ്ക്ക് അമിതവില ഈടാക്കുന്നുവെന്ന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഈ വക വസ്തുക്കളിന്‍മേല്‍ ഈടാക്കി വരുന്ന ലാഭം സംബന്ധിച്ച് തയ്യാറാക്കിയ വിശകലനവും സമിതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതിവിലയുടെ 150 ശതമാനം മുതല്‍ 400 ശതമാനം വരെ ലാഭമെടുത്താണ് ഇവ വില്‍ക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ആശുപത്രി ബില്ലുകളില്‍ കത്തീറ്ററുകളുടെയും ബലൂണുകളുടെയും ഗൈഡ് വയറുകളുടെയും വില പ്രത്യേകമായി കാണിക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.
മരുന്നു നിറച്ച സ്റ്റെന്റുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന സ്‌റ്റെന്റ്ുകളില്‍ 95 ശതമാനത്തോളവും. സ്‌റ്റെന്റുകളെ മരുന്നു നിറച്ചതും മരുന്നില്ലാത്തതുമായി തരം തിരിച്ച്് വില നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സമിതിയുടെ തീരുമാനം ഈ രംഗത്ത്് അമിത ചൂഷണം നടത്തുന്നവര്‍ക്ക്് കനത്ത തിരിച്ചടിയായി. മരുന്നു നിറച്ച സ്റ്റെന്റ്ുകളില്‍ പുതിയതരം സ്റ്റെന്റുകളെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നായിരുന്നു ഈ രംഗത്തെ കമ്പനികളുടെ ആവശ്യം. എന്നാല്‍, സമിതി ഇതും തള്ളി.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സ്റ്റെന്റ്ുകളുടെ വിലയില്‍ 85 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതിനെതിരെ പല ആശുപത്രികളും വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. വില നിയന്ത്രണം മറികടന്ന് അമിത ലാഭമെടുക്കാന്‍ കത്തീറ്ററുകളും ബലൂണുകളും പോലുള്ള അനുബന്ധ ഉപകരണങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ അനുബന്ധ ഉപകരണങ്ങള്‍ക്ക് സ്‌റ്റെന്റുകളേക്കാള്‍ വിലയീടാക്കുന്ന സ്ഥിതി വന്നു. വിലനിയന്ത്രണം അട്ടിമറിക്കപ്പെട്ടു. ബലൂണ്‍ കത്തീറ്ററുകളുടെ വില ഇറക്കുമതി വിലയേക്കാള്‍ 400 ശതമാനം വരെ ഈടാക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് സമിതിയുടെ നിരീക്ഷണത്തില്‍ ബോധ്യമായി. സമിതിയുടെ ഈ വിശകലനം സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്്് മാര്‍ച്ച്് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഈ നിരക്കുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന യാതൊരു നിയമവും നിലവിലില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Next Story

RELATED STORIES

Share it