ഹൃദയശസ്ത്രക്രിയക്ക് അനുവദിച്ച ധനസഹായം വൈകുന്നു

സ്വന്തം പ്രതിനിധി

തൊടുപുഴ: മൂന്നര വയസ്സുകാരിയുടെ ഹൃദയശസ്ത്രക്രിയക്ക് അനുവദിച്ച പണം നല്‍കാതെ പട്ടികജാതി വികസന വകുപ്പ്. അടിയന്തരമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അതുല്യ സാബുവിന്റെ ചികില്‍സയ്ക്കായി അനുവദിച്ച 50,000 രൂപ ലഭിക്കാനായി പിതാവ് സാബുവും മാതാവ് മായയും ജില്ലാ പട്ടികജാതി ഓഫിസില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഇരുപതു ദിവസമായി.
ഫെബ്രുവരി 25ന് പട്ടികജാതി വികസന മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ച ഉത്തരവ് തങ്ങള്‍ക്കു കിട്ടിയതായി മായ പറഞ്ഞു. പണം കൈപ്പറ്റാനായി ജില്ലാ ഓഫിസിലെത്തണമെന്ന അറിയിപ്പനുസരിച്ച് 25നു തന്നെ ഇവര്‍ ഓഫിസിലെത്തി. ഫണ്ട് അനുവദിച്ചതിന്റെ റിപോര്‍ട്ട് വന്നില്ലെന്ന കാരണം പറഞ്ഞ് ആദ്യദിനം മടക്കിയയച്ചു. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞതനുസരിച്ച് എത്തിയപ്പോള്‍ ഓഫിസില്‍ ചെക്ക് സ്‌റ്റോക്കില്ലെന്നും അതിനാല്‍ കുറച്ചു ദിവസം കഴിഞ്ഞെത്താനും അറിയിച്ചു തിരിച്ചയച്ചു. ഒരാഴ്ച കഴിഞ്ഞെത്തിയപ്പോള്‍ ഡയറക്ടറേറ്റില്‍ നിന്ന് റിപോര്‍ട്ട് വന്നെങ്കിലും ഫണ്ടില്ലെന്ന കാരണത്താല്‍ മടക്കി. ഇതിനുശേഷം കഴിഞ്ഞ കുറേ ദിവസങ്ങളായി ഓഫിസ് അധികൃതര്‍ പറയുന്നത് സര്‍ക്കാരില്‍ നിന്ന് തുക അലോട്ട്‌മെന്റ് വന്നിട്ടില്ലെന്നാണ്. മാനുഷിക പരിഗണന വച്ച് ജില്ലാ ഓഫിസിലെ മറ്റ് ഫണ്ടുകളില്‍ നിന്നു തുക അനുവദിക്കാമെന്നിരിക്കെയാണ് നിര്‍ധന കുടുംബത്തെ അധികൃതര്‍ ചുറ്റിക്കുന്നത്.
ജനിച്ച് ഒമ്പതാം മാസം മുതല്‍ അതുല്യയുടെ ഹൃദയത്തിന് തകരാര്‍ ആരംഭിച്ചതാണെന്ന് മാതാവ് മായ പറഞ്ഞു. തൊടുപുഴ താലൂക്ക് ആശുപത്രി, കോട്ടയം ഇഎസ്‌ഐ, തിരുവനന്തപുരം എസ്എടി, ശ്രീചിത്തിര എന്നിവിടങ്ങളിലെല്ലാം ചികില്‍സിച്ചെങ്കിലും രോഗം ഭേദമായില്ല. നാട്ടുകാരില്‍ നിന്നും മറ്റും കടം വാങ്ങിയും പിരിവെടുത്തുമാണ് ഇതുവരെ ചികില്‍സിച്ചത്. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിച്ച പണമുപയോഗിച്ച് ഇടുക്കി എംപിയുടെ സഹായത്തോടെ ഡല്‍ഹി എയിംസില്‍ ചികില്‍സ തേടി. വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍ ചികില്‍സകള്‍ക്കുമായി മാര്‍ച്ച് ഒന്നിന് ഡല്‍ഹിയിലെത്തേണ്ടതായിരുന്നു. ഇതിനായി ഫെബ്രുവരി 26ലേക്ക് ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടിയും വന്നു. വീണ്ടും ഡല്‍ഹിക്കു പോവുന്നതിനായി മാര്‍ച്ച് 21ന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് അനുവദിച്ച പണം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം.
Next Story

RELATED STORIES

Share it