azchavattam

ഹൃദയരാഗ തന്ത്രമീട്ടി

രജിത് മുതുവിള

എഴുപതുകളുടെ പകുതിയില്‍ പാടിത്തുടങ്ങിയ ഗായികയാണ് ലതിക. അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങി...' ആണ് ആദ്യ ഗാനം. രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എസ് പി വെങ്കിടേഷ്, രാജാമണി, മലേസ്യ വാസുദേവന്‍ എന്നിവര്‍ ആദ്യമായ് സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രങ്ങളിലെ ആദ്യ ഗാനം ആലപിക്കാനുള്ള അസുലഭ ഭാഗ്യമാണ് ഈ ഗായികയെ തേടിയെത്തിയത്. എഴുപതുകളിലും എണ്‍പതുകളിലുമായ് ലതിക പാടിയത് മുന്നൂറോളം ഗാനങ്ങളാണ്. അതില്‍ ഏറെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. കാതോടു കാതോരം, ദേവദൂതര്‍ പാടി, നീ എന്‍ സര്‍ഗ സൗന്ദര്യമേ, പൊന്‍ പുലരൊളി പൂവിതറിയ, പാടാം ഞാനാ ഗാനം, നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം, ഉപ്പിന് പോകണ വഴിയേത്, ഹൃദയരാഗ തന്ത്രി മീട്ടി, പുലരെ പൂന്തോണിയില്‍, ഒത്തിരി ഒത്തിരി മോഹങ്ങള്‍ എന്നീ ഗാനങ്ങള്‍ അവയില്‍ ചിലതു മാത്രം. ഒരു ഗാനം പാടിയവര്‍ പോലും ഇവിടെ ആഘോഷിക്കപ്പെടുമ്പോള്‍ ലതിക എന്ന ഗായികയെ സൗകര്യപൂര്‍വം നാം മറന്നുവോ...? 'മലയാളികളായ സംഗീതാസ്വാദകരുടെ മനസ്സില്‍ ഞാന്‍ എന്നും ഉണ്ടാവും എന്റെ പാട്ടുകളും'- ഇതിനിടയിലും സംതൃപ്തിയോടെ ലതിക പറയുന്നു. കൊല്ലം കടപ്പാ കടയിലുള്ള 'പ്രവീണ'യിലിരുന്ന് തന്റെ സംഗീതജീവിതത്തെക്കുറിച്ച് ലതിക സംസാരിച്ചു.

സംഗീതകുടുംബം
എന്റെ അച്ഛന്‍ സദാശിവന്‍ ഭാഗവതര്‍ നന്നായി പാടും. അച്ഛനായിരുന്നു ആദ്യ ഗുരു. അത്ര നന്നായിട്ടല്ലെങ്കിലും അമ്മയും പാടും. അന്നത്തെ കാലത്ത് അഭിനയവും പാട്ടും ഒരുമിച്ചായിരുന്നു. സംഗീതത്തിലെ എല്ലാ മേഖലകളും രണ്ടുപേരും കൈകാര്യം ചെയ്തിട്ടുണ്ട്. അമ്മ ചവിട്ട് ഹാര്‍മോണിയം വായിക്കുമായിരുന്നു.
അച്ഛന്റെ അച്ഛന്‍ മൃദംഗവിദ്വാനായിരുന്നു.   എന്റെ ഒരു സഹോദരന്‍ ഹാര്‍മോണിസ്റ്റാണ്. മറ്റൊരാള്‍ തബലിസ്റ്റും. ചേച്ചിയും പാടും. മൊത്തത്തില്‍ ഒരു സംഗീത കുടുംബം- ആ കുടുംബാന്തരീക്ഷമാണ് ലതികയെ ഒരു ഗായികയായി വളര്‍ത്തിയത്.
1976ലാണ് ലതിക ആദ്യമായി സിനിമയ്ക്കു വേണ്ടി പാടുന്നത്. കണ്ണൂര്‍ രാജന്റെ സംഗീതത്തില്‍. ആ സമയത്തദ്ദേഹം എന്റെ നാട്ടില്‍ നാടകത്തിന് മ്യൂസിക് ചെയ്യാന്‍ വരുമായിരുന്നു. അന്ന് എന്റെ സഹോദരനായിരുന്നു അദ്ദേഹത്തിന്റെ അസിസ്റ്റന്റ്. അപ്പോഴാണ് നാടകത്തില്‍ ഒരു ഗായികയെ വേണമെന്നു പറയുന്നത്. ബാബുവിന്റെ സഹോദരി നന്നായി പാടും എന്ന് ആരോ പറഞ്ഞുകേട്ടിട്ടാണ് എന്നെ വിളിപ്പിച്ചത്. അങ്ങനെ ഞാന്‍ നാടകത്തില്‍ പാടിത്തുടങ്ങി. തുടര്‍ന്ന്, എറണാകുളത്ത് സംഘമിത്ര എന്ന നാടകട്രൂപ്പിന് വേണ്ടി പാടി. ഐവി ശശി സംവിധാനം ചെയ്ത അഭിനന്ദനത്തിലെ 'പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങി' എന്ന ഗാനത്തിനുപയോഗിച്ചത് സംഘമിത്ര മുഖ്യ നാടകത്തിനുവേണ്ടി ചെയ്ത ഈണമാണ്.

ഭരതന്റെ ഇഷ്ടഗായിക
ഭരതന്റെ ചാമരം എന്ന ചിത്രത്തിലൂടെയാണ് ലതിക സിനിമയിലെത്തുന്നത്. രവീന്ദ്രന്‍ മാഷായിരുന്നു സംഗീതം. അതുകഴിഞ്ഞ് ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന ചിത്രത്തിലെ 'പൊന്‍പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ...' എന്ന പാട്ട്. ഈ പാട്ട് ലതിക പാടിയാല്‍ നന്നായിരിക്കും എന്ന് ഭരതേട്ടനോട് പറയുന്നത് രവീന്ദ്രന്‍ മാഷ് തന്നെ. പാട്ടുകേട്ട ശേഷം നല്ല സ്വരമെന്ന് ഭരതേട്ടന്‍ എന്നോട് പറഞ്ഞു. ഭരതേട്ടന്‍ എന്റെ അനുജത്തി എന്നു പറഞ്ഞാണ് പലര്‍ക്കും പരിചയപ്പെടുത്തിയത്. ആ സമയത്ത് ഞാന്‍ ഗുരുവായൂരില്‍ ചെന്നപ്പോള്‍ ആരോ എന്നോട് ചോദിച്ചു. 'ഭരതന്റെ സിസ്റ്ററാണല്ലെ' എന്ന്. എന്നെ രക്ഷപ്പെടുത്തണം എന്ന് കരുതിയാണ് കാതോടുകാതോരത്തിലെ എല്ലാ പാട്ടുകളും ഭരതേട്ടന്‍ എന്നെക്കൊണ്ട് പാടിച്ചത്. പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബവുമായും ഞങ്ങള്‍ വളരെയടുത്തു. ലതിക നന്നായി പാടിക്കൊണ്ടിരിക്കുന്ന സമയത്താണ് സംഗീത കോളജില്‍ ജോലി കിട്ടുന്നത്. 'അപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. സിനിമ വേണോ അതോ ജോലി വേണോ? ഗവണ്‍മെന്റ് ജോലി എന്നാല്‍ ലൈഫ് ലോങ് സെക്യൂരിറ്റിയാണ്. സിനിമാഫീല്‍ഡ് എന്നാല്‍, നമുക്ക് അങ്ങനെ പറയാന്‍ പറ്റില്ല. ഇന്ന് പാടും നാളെ പാടുമോ എന്നറിയില്ല. അങ്ങനെ ആലോചിച്ചപ്പോള്‍ ജോലിയാണ് നല്ലത് എന്നു വീട്ടില്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. പാലക്കാട് സംഗീത കോളജിലായിരുന്നു നിയമനം. തുടര്‍ന്നായിരുന്നു വിവാഹം. അതോടെ ഞാനിനി പാടുന്നില്ല എന്നൊരു പ്രചാരണമുണ്ടായി. ജോലി കിട്ടിയ ശേഷമാണ് അമരം, വെങ്കലം, ആര്‍ദ്രം എന്നീ സിനിമകളില്‍ പാടിയത്. പുലരെ പൂന്തോണിയില്‍ (അമരം) ഒത്തിരി ഒത്തിരി മോഹങ്ങള്‍ (വെങ്കലം) എന്നീ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

പാടിയത് ലതിക, ക്രെഡിറ്റ് ചിത്രയ്ക്ക്
ഇന്നത്തെപ്പോലെ ചാനലുകള്‍ ഇല്ലാത്ത കാലം. റേഡിയോയില്‍ കൂടിയാണ് ആളുകള്‍ പാട്ടുകള്‍ കേള്‍ക്കുന്നത്. അന്ന് എന്റെ പല പാട്ടുകളും ചിത്രയാണ് പാടിയത് എന്നാണ് സാധാരണക്കാര്‍ വിശ്വസിച്ചിരുന്നത്. ചാനലുകള്‍ വന്ന ശേഷമാണ് ഞാനാണ് പാടിയതെന്ന് ജനം തിരിച്ചറിയുന്നത്. ആ കാലത്ത് ഗള്‍ഫില്‍ ഗാനമേള അവതരിപ്പിക്കാന്‍ പോയ ചിത്രയോട് കാതോടു കാതോരത്തിലെ പാട്ടുകള്‍ പാടാന്‍ അവിടുത്തെ മലയാളികള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ചിത്ര പറഞ്ഞു. ആ പാട്ടുകള്‍ പാടിയത് താനല്ല ലതികയാണെന്ന്. ഈ കാര്യം പിന്നീടാണ് ഞാന്‍ അറിയുന്നത്. അവിടെയാണ് ചിത്ര എന്ന ഗായികയുടെ മഹത്ത്വം നാം തിരിച്ചറിയുന്നത്. പൂവേണം, പൂപ്പടവേണം, കണ്‍മണിയെ ആരിരാരോ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങി(അഭിനന്ദനം), കാതോടു കാതോരം(കാതോടു കാതോരം), പുലരേ പൂന്തോണിയില്‍(അമരം), നിലാവിന്റെ പൂങ്കാവില്‍(ശ്രീകൃഷ്ണപ്പരുന്ത്), ദും ദും ദും ദുന്ദുഭിനാദം (വൈശാലി) തുടങ്ങിയവയാണ് ലതികയുടെ ഇഷ്ടഗാനങ്ങള്‍. ി
Next Story

RELATED STORIES

Share it