kozhikode local

'ഹൃദയത്തിലോട്ട് നോക്ക്' സൗന്ദര്യ സങ്കല്‍പത്തെ പൊളിച്ചെഴുതുന്നു

വടകര: സൗന്ദര്യം കുടികൊള്ളുന്നത് മനസ്സിലാണെുള്ള ആത്യന്തിക സത്യത്തെ സാക്ഷ്യപ്പെടുത്തുന്ന ഷോര്‍ട്ട് ഫിലിം ഹൃദയത്തിലോട്ട് നോക്ക് യൂ ടൂബില്‍ വൈറലാകുന്നു. യൂ ടൂബില്‍ പോസ്റ്റ് ചെയ്തതിന് ശേഷം അന്‍പതിനായിരത്തോളം പേരാണ് ആര്‍ രമേശ് കുമാര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം കണ്ടത്. തൊലിവെളുപ്പും കൃത്രിമമായ ബാഹ്യ പ്രകടനങ്ങളും വിവാഹ പങ്കാളികളെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങളായി പൊതു സമൂഹത്തില്‍ അപ്രഖ്യാപിത നിയമങ്ങള്‍ കയറി വരുമ്പോള്‍ മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയാണ് ബന്ധങ്ങളുടെ കാതലെന്ന് ഈ കൊച്ചുഫിലിം കൃത്യമായി പറഞ്ഞുവയ്ക്കുന്നു. കടപ്പുറത്തു വച്ചുള്ള പെണ്ണുകാണലില്‍ തുടങ്ങുന്നതാണ് ഈ ഷോര്‍ട്ട് ഫിലിം. കറുത്ത പ്രകൃതക്കാരനായതിനാല്‍ തന്നെ പെണ്‍കുട്ടി സ്വീകരിക്കില്ലെന്ന ഭയം യുവാവിനുണ്ട്. കാണാന്‍ ആകര്‍ഷകത്വം തോന്നില്ലെങ്കിലും എനിക്ക് വിശാലമായ മനസ്സുണ്ട്, ഒരു പെണ്ണിനെ പോറ്റാനുള്ള കഴിവുമുണ്ട് എന്ന് യുവാവ് പെണ്‍കുട്ടിയോട് പറയുന്നു.
സത്യചന്ദ്രന്‍ പൊയില്‍കാവിന്റെ കവിതയുടെ പശ്ചാത്തലത്തിലാണ് പിന്നീട് ഷോര്‍ട്ട് ഫിലിം പുരോഗമിക്കുന്നത്. സ്‌നേഹത്തിന്റെ പരിമളത്താല്‍ വിളക്കി ചേര്‍ത്ത യുവാവും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം ചിത്രീകരിച്ചിരിക്കുന്നത് ഭാവനാത്മകമായാണ്. സൗന്ദര്യമെന്ന സങ്കല്‍പം പരസ്പരമുള്ള ഉള്‍ക്കൊള്ളലിലൂടെയാണ് പൂര്‍ണമാവുന്നതെന്ന് ഏഴ് മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള സിനിമയിലൂടെ സംവിധായകന്‍ അടിവരയിടുന്നു. ലിഹാന്‍ കണിയാങ്കണ്ടിയാണ് ഹൃദയത്തിലോട്ട് നോക്ക് നിര്‍മിച്ചിരിക്കുന്നത്. ഗാനരചയിതാവ് കൂടിയായ സലീത്ത് വില്യാപ്പള്ളിയാണ് സ്‌ക്രിപ്്റ്റ് നിര്‍വഹിച്ചിരിക്കുന്നത്. പ്രവിരാജ് വി നായര്‍ കാമറ കൈകാര്യം ചെയ്തിരിക്കുന്നു. സലീത്ത് വില്യാപ്പള്ളിയും വീണ നാരായണനുമാണ് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it