Flash News

ഹുസൈനബ്ബയെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത് പോലിസ് നോക്കിനില്‍ക്കെ

ഉഡുപ്പി: കന്നുകാലിക്കച്ചവടക്കാരനായ ജോക്കട്ടയിലെ ഹുസൈനബ്ബയെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയത് പോലിസ് നോക്കിനില്‍ക്കെ. തുടര്‍ന്ന് മൃതദേഹം പോലിസും പ്രതികളും ചേര്‍ന്ന് വഴിയില്‍ തള്ളുകയായിരുന്നുവെന്നും  വെളിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പോലിസുകാര്‍ ഉള്‍പ്പെടെ പത്തുപേര്‍ ഇതുവരെ അറസ്റ്റിലായി.
അക്രമികള്‍ക്ക് കൂട്ടുനിന്ന ഹരിയഡ്ക എസ്‌ഐ ഡി എന്‍ കുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ മോഹന്‍ കോത്‌വാള്‍, പോലിസ് ജീപ്പ് ഡ്രൈവര്‍ ഗോപാല്‍ എന്നിവരാണ് അറസ്റ്റിലായ പോലിസുകാര്‍. വിഎച്ച്പി നേതാവ് സുരേഷ് മെന്‍ഡന്‍ എന്ന സുരി, പ്രസാദ് കൊണ്ടാടി, ഉമേഷ് ഷെട്ടി (28), രത്തന്‍ (22), ചേതന്‍ എന്ന ചേതന്‍ ആചാര്യ (22), ശൈലേഷ് ഷെട്ടി (20), ഗണേഷ് (24) എന്നിവരാണ് പോലിസുകാര്‍ക്കു പുറമെ അറസ്റ്റിലായവര്‍. എല്ലാവരും സംഘപരിവാര പ്രവര്‍ത്തകരാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇനിയും ചിലരെ പിടികൂടാനുണ്ടെന്ന് പോലിസ് അറിയിച്ചു.
മെയ് 30ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ കാലികളുമായി പോവുകയായിരുന്ന ഹുസൈനബ്ബയുടെ സ്‌കോര്‍പിയോ വാഹനം തടഞ്ഞത്. തൊട്ടടുത്തായി ഹരിയഡ്ക എസ്‌ഐയും സംഘവും പോലിസ് ജീപ്പില്‍ ഉണ്ടായിരുന്നു. ഇവരെ കണ്ട് ഹുസൈനബ്ബയുടെ സഹായികള്‍ ഓടിരക്ഷപ്പെട്ടു. ബജ്‌രംഗ്ദള്‍ ഗുണ്ടകളുടെ കൈയില്‍ അകപ്പെട്ട ഹുസൈനബ്ബ ക്രൂരമായ മര്‍ദനത്തിനിരയായി. തുടര്‍ന്ന് ഗുണ്ടാസംഘം അദ്ദേഹത്തെ പോലിസ് ജീപ്പിലേക്ക് വലിച്ചിട്ടു. സ്‌റ്റേഷനിലെത്തിയപ്പോള്‍ ഹുസൈനബ്ബ മരിച്ചതായി വ്യക്തമായി. പിന്നീട് പ്രതികളുടെ സഹായത്തോടെ നേരത്തേ വാഹനം തടഞ്ഞ സ്ഥലത്തിന് സമീപം വിജനമായ സ്ഥലത്ത് പോലിസ് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള എസ്പി ലക്ഷ്മണ്‍ നിംബാര്‍ഗി അറിയിച്ചു.
കാലികളെ കടത്തുന്ന വിവരം ലഭിച്ചതനുസരിച്ച് പോലിസ് വാഹനം സ്ഥലത്തെത്തിയപ്പോള്‍ ഹുസൈനബ്ബയും കൂട്ടരും ഓടിരക്ഷപ്പെട്ടെന്നും രാവിലെ 11 മണിയോടെ ദുരൂഹസാഹചര്യത്തില്‍ ഹുസൈനബ്ബയുടെ മൃതദേഹം കണ്ടെത്തിയെന്നുമായിരുന്നു പോലിസ് നേരത്തേ പറഞ്ഞിരുന്നത്. തുടര്‍ന്ന് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഓടിരക്ഷപ്പെടുന്നതിനിടെ ഹൃദയാഘാതം മൂലം ഹുസൈനബ്ബ മരിച്ചതാവാമെന്നായിരുന്നു പോലിസിന്റെ അവകാശവാദം. എന്നാല്‍, ഹുസൈനബ്ബയെ പോലിസും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഹോദരന്‍ മുഹമ്മദ് ഇസ്മാഈല്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, മരണകാരണം വ്യക്തമാവണമെങ്കില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നു എസ്പി അറിയിച്ചു.
Next Story

RELATED STORIES

Share it