Flash News

ഹുസൈനബ്ബയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത് പോലിസ് നോക്കിനില്‍ക്കേ; മൃതദേഹം പിന്നീട് വഴിയില്‍ തള്ളി

ഹുസൈനബ്ബയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത് പോലിസ് നോക്കിനില്‍ക്കേ; മൃതദേഹം പിന്നീട് വഴിയില്‍ തള്ളി
X

ഉഡുപ്പി: കന്നുകാലിക്കച്ചവടക്കാരനായ ജോക്കട്ടയിലെ ഹുസൈനബ്ബയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് പോലിസ് നോക്കിനില്‍ക്കേ. ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ശേഷം മൃതദേഹം പോലിസും ഗുണ്ടകളും ചേര്‍ന്ന് വഴിയില്‍ തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹിരിയഡ്ക പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്ന് പോലിസുകാരെ അറസ്റ്റ് ചെയ്തു. എ്‌സ്‌ഐ ഡിഎന്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മോഹന്‍ കോത്‌വാള്‍, പോലിസ് ജീപ്പ് ഡ്രൈവര്‍ ഗോപാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച്ച രാത്രി മജ്‌സ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ഇവരെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കാര്‍വാര്‍ ജയിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പത്തു പേര്‍ അറസ്റ്റിലായി. ഇനിയും ചിലരെ പിടികൂടാനുണ്ടെന്നും പോലിസ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കാലികളുമായി പോവുകയായിരുന്ന ഹുസൈനബ്ബയുടെ സ്‌കോര്‍പ്പിയോ വാഹനം തടഞ്ഞത്. തൊട്ടടുത്തായി ഹരിയഡ്ക എസ്‌ഐ യും സംഘവും പോലിസ് ജീപ്പില്‍ ഉണ്ടായിരുന്നു. ഇവരെ കണ്ട് ഹുസൈനബ്ബയുടെ സഹായികള്‍ ഓടി രക്ഷപ്പെട്ടു. ബജ്‌റംഗ്ദള്‍ ഗുണ്ടകളുടെ കൈയില്‍ അകപ്പെട്ട ഹുസൈനബ്ബ ക്രൂരമായ മര്‍ദ്ദനത്തിരയായി. തുടര്‍ന്ന് ഗുണ്ടാ സംഘം അദ്ദേഹത്തെ പോലിസ് ജീപ്പിലേക്ക് വലിച്ചിട്ടു. ഹരിയഡ്ക എസ്‌ഐ ഹുസൈനബ്ബയെ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയപ്പോള്‍ ഹുസൈനബ്ബ മരിച്ചതായി വ്യക്തമായി.

പ്രതികളിലൊരാളും വിഎച്ച്പി പ്രാദേശിക നേതാവുമായ സുരേഷ് മെന്‍ഡന്‍ എന്ന സുരിയാണ് ഹുസൈനബ്ബയുടെ വാഹനം ഡ്രൈവ് ചെയ്ത് പോലിസ് സ്‌റ്റേഷനിലെത്തിച്ചിരുന്നത്. ഹുസൈനബ്ബ മരിച്ചെന്ന് വ്യക്തമായതോടെ പോലിസ്, പ്രസാദ് കൊണ്ടാടി ഉള്‍പ്പെടെയുള്ള മറ്റു പ്രതികളുടെ സഹായത്തോടെ നേരത്തേ വാഹനം തടയപ്പെട്ട സ്ഥലത്തിന് ഏതാനും വാര അകലെ വിജനമായ സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്പി ലക്ഷ്മണ്‍ നിംബാര്‍ഗി അറിയിച്ചു.

സംഭവത്തെക്കുറിച്ച് പോലിസ് നേരത്തേ പറഞ്ഞിരുന്ന കഥ ഇങ്ങനെയായിരുന്നു: ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഹുസൈനബ്ബയും സുഹൃത്തുക്കളും അനധികൃതമായി കാലിക്കടത്ത് നടത്തുന്നതായി പോലിസിന് വിവരം കിട്ടി. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. പോലിസിനെ കണ്ടപ്പോള്‍ ഇവര്‍ വാഹനം പിറകിലോട്ടെടുത്തു. തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് അവര്‍ ഓടി രക്ഷപ്പെട്ടു. ഹുസൈനബ്ബ ഒരു വഴിക്കും ബാക്കിയുള്ളവര്‍ മറ്റൊരു വഴിക്കുമാണ് ഓടിയത്. പിറ്റേന്ന് ഉച്ചയോടെ ഹുസൈനബ്ബയുടെ മൃതദേഹം കണ്ടെത്തുകായായിരുന്നുവെന്നുമാണ് പോലിസ് അറിയിച്ചത്.

വിഎച്ച്പി നേതാവ് സുരേഷ് മെന്‍ഡന്‍ എന്ന സുരി, പ്രസാദ് കൊണ്ടാടി, ഉമേഷ് ഷെട്ടി(28), രത്തന്‍(22). ചേതന്‍ എന്ന ചേതന്‍ ആചാര്യ(22), ശൈലേഷ് ഷെട്ടി(20), ഗണേഷ്(24) എന്നിവരാണ് പോലിസുകാര്‍ക്കു പുറമേ അറസ്റ്റിലായത്. സുരിയെയും പ്രസാദിനെയും ബല്ലാരിയിലും മറ്റുള്ളവരെ ഉഡുപ്പിയിലുമാണ് പിടികൂടിയത്. എല്ലാവരും സംഘപരിവാര പ്രവര്‍ത്തകരാണ്.
Next Story

RELATED STORIES

Share it