ഹിസ്‌ബെ ഇസ്‌ലാമിയുമായി അഫ്ഗാന്‍ സമാധാന ഉടമ്പടിയിലെത്തുന്നു; അന്തിമതീരുമാനം ഇന്ന്

കാബൂള്‍: അഫ്ഗാന്‍ ഭരണകൂടവും സായുധസംഘമായ ഹിസ്‌ബെ ഇസ്‌ലാമിയുമായുള്ള സമാധാന ഉടമ്പടി വിഷയത്തില്‍ ദിവസങ്ങള്‍ക്കകം ധാരണയിലെത്തുമെന്നു സൂചന. താലിബാനുള്‍പ്പെടെയുള്ള സായുധസംഘങ്ങളുടെ മുന്നേറ്റം മൂലം ഭരണം ആശങ്കയിലായ അഫ്ഗാനിലെ അഷ്‌റഫ് ഗനി സര്‍ക്കാരിന് നേരിയ പ്രതീക്ഷയേകുന്നതാണിത്. 25 കാര്യങ്ങളില്‍ ധാരണയിലെത്തുമെന്നാണ് സൂചന. ധാരണ നിലവില്‍ വന്നാല്‍ സര്‍ക്കാരിനെതിരേയുള്ള യുദ്ധം സംഘടന അവസാനിപ്പിക്കുകയും അഫ്ഗാന്‍ ഭരണഘടനയെ ബഹുമാനിക്കുകയും മറ്റെല്ലാ സായുധസംഘങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്യും. ഇതിനു പകരമായി സംഘടനയിലെ പ്രവര്‍ത്തകരെ വേട്ടയാടുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കും. തടവില്‍ കഴിയുന്ന പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് കരാര്‍ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നതെന്ന് അഫ്ഗാന്‍ സമാധാനസമിതി ഉപമേധാവി അതാവുല്‍ റഹ്മാന്‍ സലീം അറിയിച്ചു.

തങ്ങള്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് സംഘടനയുടെ വക്താവ് അമിന്‍ കരീം അറിയിച്ചു. റഷ്യന്‍ പിന്തുണയുള്ള അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ പൊരുതുന്നതിനായാണ് 1975ല്‍ ഗുല്‍ബുദ്ദീന്‍ ഹിക്മതിയാറിന്റെ നേതൃത്വത്തില്‍ ഹിസ്‌ബെ ഇസ്‌ലാമി ആരംഭിക്കുന്നത്. 1992-96 കാലഘട്ടത്തിലെ ആഭ്യന്തരയുദ്ധക്കാലത്ത് സംഘടന വളരെ സജീവമായിരുന്നു. ഹിക്മതിയാര്‍ ഇപ്പോള്‍ പാകിസ്താനിലാണെന്നാണു കരുതുന്നത്. ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ അദ്ദേഹം ഉടന്‍ കാബൂളില്‍ തിരിച്ചെത്തുമെന്ന് വക്താവ് അറിയിച്ചു.
അതേസമയം, രാജ്യത്ത് സജീവമായ താലിബാന്‍ പ്രവര്‍ത്തകരുടെ മുന്നേറ്റം തടയാനാവാതെ അഫ്ഗാന്‍ സര്‍ക്കാര്‍ കുഴങ്ങുകയാണ്.
Next Story

RELATED STORIES

Share it