ഹിസ്ബുല്ലയെ ജിസിസി കരിമ്പട്ടികയില്‍പെടുത്തി

റിയാദ്: ലബ്‌നാനിലെ ശിയാ പ്രസ്ഥാനമായ ഹിസ്ബുല്ലയെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) കരിമ്പട്ടികയില്‍ പെടുത്തി. ഹിസ്ബുല്ലയുടെ 'യുദ്ധ പ്രവര്‍ത്തനങ്ങള്‍' ചൂണ്ടിക്കാട്ടിയാണ് നടപടി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ ഹിസ്ബുല്ല റിക്രൂട്ട് ചെയ്യുന്നതിനാലാണ് നടപടിയെന്നു ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി അറിയിച്ചു. സായുധ, രാഷ്ട്രീയ സംഘടനയായ ഹിസ്ബുല്ല സിറിയന്‍ ഏകാധിപതി പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്നുണ്ട്.
സുന്നി ഭൂരിപക്ഷ രാജ്യങ്ങളായ ബഹ്‌റയ്ന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവയാണ് ജിസിസി അംഗരാജ്യങ്ങള്‍. കഴിഞ്ഞ മാസം 400 ലക്ഷം ഡോളറിന്റെ സൈനിക സഹായം സൗദി നിര്‍ത്തലാക്കിയതിനു പിന്നാലെ ഹിസ്ബുല്ലയ്‌ക്കെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. ഹിസ്ബുല്ലയ്ക്ക് ഇറാന്റെ പിന്തുണയുണ്ട്. സിറിയ, യമന്‍ സംഘര്‍ഷങ്ങളില്‍ സൗദിയും ഇറാനും വിരുദ്ധ നിലപാടാണുള്ളത്.
യമനിലെ സൗദി ഇടപെടലിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേറ്റിരുന്നു.
Next Story

RELATED STORIES

Share it