ഹിറ്റ്‌ലറുടെ മെയിന്‍ കാഫ് വീണ്ടും ഇറങ്ങുന്നു

ബര്‍ലിന്‍: 70 വര്‍ഷത്തിനിടെ ആദ്യമായി അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാത്‌സി പ്രകടനപത്രിക മെയിന്‍ കാഫ് ജര്‍മന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നു. രണ്ടാം ലോകയുദ്ധാനന്തരം ജൂതവിരുദ്ധമെന്ന് ആരോപണമുള്ള പുസ്തകം പുനപ്രസിദ്ധീകരിക്കുന്നത് പകര്‍പ്പവകാശമുണ്ടായിരുന്ന ബവേറിയന്‍ ഭരണകൂടം നിരോധിച്ചിരുന്നു.
പകര്‍പ്പവകാശം കാലഹരണപ്പെട്ടതോടെയാണ് മ്യൂണിക്കിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി ഹിസ്റ്ററി പുതിയ പതിപ്പ് ആഴ്ചകള്‍ക്കകം പ്രസിദ്ധീകരിക്കുന്നത്. പുതിയ പതിപ്പ് നിരവധി രാജ്യങ്ങളില്‍ ലഭ്യമാവുമെന്നാണു കരുതുന്നത്. നാത്‌സി കാലഘട്ടത്തില്‍ എന്തു സംഭവിച്ചു എന്നു മനസ്സിലാ ക്കാന്‍ പുതിയ പതിപ്പ് സഹായിക്കുമെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.
ആയിരക്കണക്കിന് അക്കാദമിക് കുറിപ്പുകളടങ്ങിയ പുതിയ പതിപ്പ് പ്രലോഭനപരം എന്നതിലുപരി മെയിന്‍ കാഫ് ഒരു തെറ്റായ രചനയായിരുന്നുവെന്നു കാണിക്കാനുള്ള ശ്രമം കൂടിയായിരിക്കും. ഹോളകാസ്റ്റ് വിശദീകരിക്കാന്‍ പുതിയ പതിപ്പ് സഹായിക്കുമെന്നു കരുതുന്നതിനാല്‍ പുതിയ പതിപ്പിനെ ജൂതസംഘടനകള്‍ സ്വാഗതം ചെയ്തു.
ഹിറ്റ്‌ലര്‍ അധികാരത്തിലെത്തുന്നതിന് എട്ടു വര്‍ഷം മുമ്പ് 1925ലാണ് മെയിന്‍ കാഫിന്റെ പ്രഥമപ്രതി അച്ചടിച്ചത്. 1945ല്‍ നാത്‌സികളുടെ പതനത്തിനുശേഷം പകര്‍പ്പവകാശം സഖ്യകക്ഷികള്‍ ബവേറിയ സംസ്ഥാനത്തിനു നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it