ഹിറ്റ്‌ലര്‍ ജനിച്ച വീട് കണ്ടുകെട്ടുമെന്ന് ഓസ്ട്രിയ

വിയന്ന: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജനിച്ച വീട് കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രിയന്‍ സര്‍ക്കാര്‍. 1889 ഏപ്രില്‍ 20ന് അപ്പര്‍ ഓസ്ട്രിയയിലെ ബ്രൗനോ ആം ഇന്നിലുള്ള ഈ വീട്ടിലാണ് ഹിറ്റ്‌ലര്‍ ജനിച്ചത്.
നാത്സിസത്തെ അനുകൂലിക്കുന്നവരുടെ ഒരു കേന്ദ്രമായി മാറാന്‍ സാധ്യതയുണ്ടെന്നതിനാലാണ് വീട് പിടിച്ചെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുന്നതെന്ന് ഓസ്ട്രിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 1972 മുതല്‍ വീട് അതിന്റെ ഉടമസഥരില്‍ നിന്ന് സര്‍ക്കാര്‍ പാട്ടത്തിനെടുത്തുവരുകയാണ്. വീട്ടുടമസ്ഥ ഗെര്‍ലിന്ദ് പോമര്‍ക്ക് നഷ്ടപരിഹാരം നല്‍കി വീട് ഏറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് കാള്‍ ഹെയിന്‍സ് ഗ്രന്ദ്‌ബോക്ക് പറഞ്ഞു.
വസ്തുവിന്റെ ഉടമസ്ഥാവകാശം റിപബ്ലിക് ഓഫ് ഓസ്ട്രിയയിലേക്കു മാറ്റുന്നതിനുള്ള നിയമനിര്‍മാണം നടത്തുന്നതു സംബന്ധിച്ച് പരിശോധിച്ചു വരുകയാണ്. കെട്ടിടം നാത്സിസത്തെ പിന്തുണയ്ക്കുന്നവര്‍ ഉപയോഗിച്ചു വരുന്നത് തടയാന്‍ അത് ഏറ്റെടുക്കുകയാണു വേണ്ടതെന്നും ഗ്രന്ദ്‌ബോക്ക് അറിയിച്ചു. എന്നാല്‍, ഏറ്റെടുത്തു കഴിഞ്ഞാല്‍ കെട്ടിടം എന്തുചെയ്യുമെന്ന കാര്യം സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
കെട്ടിടത്തിനു മുമ്പില്‍ ഹിറ്റ്‌ലറുടെ വീടാണതെന്നു വ്യക്തമാക്കുന്നതിനുള്ള സൂചനകളൊന്നുമില്ല. 'ഫാഷിസം ഇനി ഒരിക്കലുമില്ല, മരണപ്പെട്ട ദശലക്ഷക്കണക്കിനു പേരുടെ ഓര്‍മയില്‍' എന്നെഴുതിയ ശിലാഫലകം ചരിത്രത്തിന്റെ സൂചകമായി കെട്ടിടത്തിനു മുന്നിലുണ്ട്.
കെട്ടിടത്തെ അപാര്‍ട്ട്‌മെന്റുകളായി മാറ്റുക, വിദ്യാഭ്യാസകേന്ദ്രമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നേരത്തേ മുന്നോട്ടു വന്നിരുന്നു. ഇത് പൊളിച്ചു കളയുന്നതു സംബന്ധിച്ചും ചര്‍ച്ചകളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it