Religion

ഹിറായിലെ മാലാഖയും തിരുദൂതനും

ഹിറായിലെ മാലാഖയും തിരുദൂതനും
X


മരുഭൂമിയിലെ വസന്തം - പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള പരമ്പര ഭാഗം 2

ഇംതിഹാന്‍ ഒ അബ്ദുല്ല

സമയം സായം സന്ധ്യ. മക്കാ പട്ടണത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹിറാപര്‍വതത്തിന്റെ മുകളിലുളള ഗുഹാസമാനമായ ആ പാറക്കെട്ടിലേക്ക്  അസ്തമനസൂര്യന്റെ ചെഞ്ചോര കിരണങ്ങള്‍ ദാക്ഷിണ്യമേതുമില്ലാതെ ആഞ്ഞു തറച്ചു കൊണ്ടിരിക്കുകയാണ്. പാറക്കെട്ടിനകത്ത് വിശുദ്ധഗേഹത്തിനഭിമുഖമായി ധ്യാനനിമഗ്നനായി ഇരിക്കുന്ന വ്യക്തിയുടെ മുഖവക്ത്രത്തിന് അസ്തമന ശോഭ നിഗൂഢമായ ദിവ്യകാന്തി പകരുന്നുണ്ട്. നാല്‍പതിനോടടുത്തു പ്രായം തോന്നിക്കുന്ന അദ്ദേഹത്തിന്റെ മുഖം ശാന്തമാണ്. ജനമധ്യത്തില്‍ നിന്ന് അകന്നിരിക്കുവെങ്കിലും ജീവിതനൈരാശ്യം ബാധിച്ചവനോ ചിത്തഭ്രമം ബാധിച്ചവനോ അല്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. ഒറ്റപ്പെട്ട് കഴിയുന്ന നാടോടിയുമല്ലെന്ന് വേഷവിധാനങ്ങള്‍ വ്യക്തമാക്കുന്നു. തന്റെ സമപ്രായക്കാര്‍ മദ്യത്തിലും മദിരാക്ഷിയിലും മുങ്ങിക്കുളിച്ച് സുഖഭോഗങ്ങളിലാറാടുമ്പോള്‍ ദുഷ്‌കരമായ വഴികള്‍ താണ്ടി മലമുകളിലെ പാറക്കെട്ടിനുളളില്‍ ധ്യാനനിരതനാവാന്‍ അരോഗദൃഢഗാത്രനായ ഈ യുവാവിനെ പ്രേരിപ്പിച്ച വികാരമെന്തായിരിക്കും?
ലൗകികജീവിതത്തിന്റെ തിരക്കുകളില്‍നിന്നകന്ന് സൃഷ്ടിപ്പിന്റെ രഹസ്യങ്ങളും ജീവിത വ്യവഹാരങ്ങളുടെ സത്യാസത്യങ്ങളും ആത്യന്തിക മോക്ഷവും അന്വേഷിച്ച് വഴിയറിയാതെ പകച്ചു നില്‍ക്കുകയാണോ  കുലീനതയും പക്വതയും തുളുമ്പുന്ന ഈ അറബി യുവാവ്.
പെട്ടെന്ന് ആകാശത്ത് സൂര്യന് തിരശ്ശീല വീണിട്ടെന്ന പോലെ ഇരുട്ടു മൂടി. തന്റെ മുഖത്തേക്ക് ആഞ്ഞുതറച്ചിരുന്ന സൂര്യരശ്മികള്‍ക്ക് എന്തു പറ്റിയെന്നറിയാന്‍ ആ യുവാവ് കണ്ണുതുറന്നു നോക്കി.  ചക്രവാളങ്ങളെ മൂടിയിരിക്കുന്ന രണ്ട്  ചിറകുകളാണ് ആദ്യം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ പെട്ടത്. പിന്നീടതാ ആകാശത്ത്  പീഠത്തില്‍ ഉപവിഷ്ഠനായിരിക്കുന്ന ഒരു രൂപം തന്റെ നേരെ വരുന്നു. പരിഭ്രാന്തനായ അദ്ദേഹം കണ്ണുകളടച്ചു പോയി. അപ്പോഴേക്കും ആ രൂപം ഗുഹയിലെത്തികഴിഞ്ഞിരുന്നു. പെട്ടെന്ന് ഒരു ലിഖിതവുമായി ആ രൂപം യുവാവിനെ സമീപിച്ചു അദ്ദേഹത്തോട് വായിക്കാന്‍ ആവശ്യപ്പെട്ടു.  പേടിച്ചരണ്ട അദ്ദേഹം തനിക്ക് വായിക്കാനറിയില്ലെന്നു പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തെ കെട്ടിപ്പുണര്‍ന്നു വീണ്ടും വായിക്കാനാവശ്യപ്പെട്ടു. ആദ്യത്തെ മറുപടി തന്നെ ആവര്‍ത്തിക്കപ്പെട്ടു.
ഉടനെ ആ ജീവി വീണ്ടും അദ്ദേഹത്തെ തന്നോട് ചേര്‍ത്തു പിടിച്ചു. പിടിവിട്ട ശേഷം വീണ്ടും വായിക്കാന്‍ ആവശ്യപ്പെട്ടു.  ഇനിയും തന്നെ പിടിച്ചു ഞെരുക്കുമെന്നു ഭയന്ന്  യുവാവ് താന്‍ എന്താണ് വായിക്കേണ്ടതെന്നന്വേഷിച്ചു. നാടോടി കഥകളില്‍ കേട്ട മാലാഖയെപ്പോലെ തോന്നിക്കുന്ന ആ അജ്ഞാത ജീവി അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചു-:
'വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ രക്ത പിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാകുന്നു. പേന കൊണ്ടു പഠിപ്പിച്ചവന്‍. മനുഷ്യന് അവന്‍ അറിയാത്തത് പഠിപ്പിച്ചവന്‍'.(വിശുദ്ധ ഖുര്‍ആന്‍ അധ്യായം-96  സൂറ അല്‍ അലഖ് 1-5)
ഈ വാക്യങ്ങള്‍ വായിച്ചു കേള്‍പ്പിച്ചതിനു ശേഷം ആ രൂപം അപ്രത്യക്ഷമാവുകയും ചെയ്തു. ഹിറാ ഗുഹയിലേക്കുളള  അജ്ഞാതജീവിയുടെ അപ്രതീക്ഷിതമായ വരവിലും പെരുമാറ്റത്തിലും ഹിറയിലെ താമസക്കാരന്‍ പരിഭ്രാന്തനായി . താന്‍ കണ്ടത് യാഥാര്‍ത്ഥ്യമാണോ അതോ സ്വപ്‌ന ദര്‍ശനമാണോ ഇനി അതല്ല തനിക്കു വല്ല ജിന്നു ബാധയുമുണ്ടായതാണോ എന്നദ്ദേഹം ആശയകുഴപ്പത്തിലായി.
ഗുഹയില്‍ നിന്നും പുറത്തു കടന്ന അദ്ദേഹം നേരെ വീട്ടിലേക്കോടി. ഭാര്യ അദ്ദേഹത്തിനു ആശ്വാസത്തിന്റെ പച്ചതുരുത്താണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും പതറാതെ സംയമനത്തോടും പക്വതയോടും കൂടി കാര്യങ്ങള്‍ നേരിടാനുളള തന്റേടം അവര്‍ കാണിക്കാറുണ്ട്. ഭയവിഹല്വനായി വിറച്ചു കൊണ്ട് വീട്ടിലെത്തി അദ്ദേഹം വാതിലില്‍ തുരുതുരാ മുട്ടി. ആരാണ് ? അകത്തു നിന്ന് അന്വേഷണം. 'അബുല്‍കാസിം' വിറയാര്‍ന്ന സ്വരത്തില്‍ ആ യുവാവ് മറുപടി നല്‍കി. ഭര്‍ത്താവിന്റെ പതിവില്ലാത്ത സമയത്തെ വരവും ശബ്ദത്തിലെ  പരിഭ്രമവും അവരില്‍ ആശ്ചര്യവും ആശങ്കയും ഉയര്‍ത്തി. ക്ഷണനേരം കൊണ്ട് ഒരുപാട് ചിന്തകള്‍ അവരെ തഴുകിക്കൊണ്ട് കടന്നു പോയി. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തന്റെ പ്രിയങ്കരനായ ഭര്‍ത്താവാണ് ഖുറൈശി വംശജനും ഹാശിം കുടുംബക്കാരനുമായ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്. നാലു പതിറ്റാണ്ടു കാലത്തെ ജീവിതപരിചയത്തില്‍ ഇത്രയും സദ്ഗുണസമ്പന്നനായ ഒരു വ്യക്തിയെ താന്‍ കണ്ടുമുട്ടിയിട്ടില്ല.  അതുകൊണ്ടാണ് സമ്പന്നരും പ്രമാണിമാരുമായ നിരവധി പേര്‍ വിവാഹവാഗ്ദാനവുമായി മുമ്പോട്ടു വന്നിട്ടും എല്ലാം തട്ടിമാറ്റിയിരുന്ന താന്‍ നിര്‍ധനനായിരുന്ന മുഹമ്മദുമായുളള വിവാഹത്തിന് സ്വയം മുമ്പോട്ട് വന്നത്. തന്റെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നുവെന്ന് അദ്ദേഹത്തോടൊത്തുളള ജീവിതം തെളിയിച്ചു.
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടയില്‍ കറുത്ത ഒരു വാക്കോ അനിഷ്ടകരമായ എന്തെങ്കിലും പെരുമാറ്റമോ അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. താനും അദ്ദേഹത്തോട് വളരെ മാന്യമായി മാത്രമേ ഇടപഴകാറുളളൂ. തന്റെ സമ്പത്ത് മുഴുവന്‍ യഥേഷ്ടം ചിലവഴിക്കാന്‍ താന്‍ അദ്ദേഹത്തിന് സ്വാതന്ത്യം നല്‍കി. പക്ഷെ നിനച്ചിരിക്കാതെ കൈവന്ന  സമ്പത്ത് അദ്ദേഹത്തെ സുഖാഡംബരങ്ങളില്‍ മതിമയക്കിയില്ല. വര്‍ത്തക പ്രമാണിയായിരുന്ന ഖദീജയുമായുളള വിവാഹത്തിലൂടെ ദൈനംദിന ജീവിത വ്യവഹാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമില്ലാതായ മുഹമ്മദ് കൂടുതല്‍ അധ്യാത്മിക ചിന്തയിലേക്കു നീങ്ങുകയായിരുന്നു. അക്കാലത്ത് അധ്യാത്മിക ചിന്തയുളള അറബികള്‍ക്കിടയിലുണ്ടായിരുന്ന പതിവനുസരിച്ച് എല്ലാ വര്‍ഷവും നിശ്ചിത ദിവസങ്ങള്‍ ആത്മീയ ചിന്തകള്‍ക്കു മാറ്റി വെക്കാന്‍ തുടങ്ങി. എല്ലാ വര്‍ഷത്തിലും റമദാന്‍ മാസത്തിലായിരുന്നു ഇപ്രകാരം കഴിച്ചു കൂട്ടിയിരുന്നത്.  ഖദീജ ഒരുക്കി കൊടുക്കുന്ന പരിമിത വിഭവങ്ങളുമായി തന്റെ മനസ്സിനെ അശാന്തമാക്കുന്ന ചുറ്റുപാടിന്റെ പ്രശ്്‌നങ്ങളുടെ പരിഹാരം തേടി അദ്ദേഹം ഹിറാ ഗുഹയില്‍ ധ്യാനനിരതനായി ഇരിക്കും.
അതിനിടയില്‍ മുഹമ്മദ് ചില സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. പകല്‍ വെളിച്ചം പോലെ വ്യക്തമായ സ്വപ്‌നങ്ങളായിരുന്നു അവ.  ആ സ്വപ്‌ന ദര്‍ശനങ്ങള്‍ ഈ ഭൗതിക ജീവിതത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചും അതിന്റെ വഞ്ചനാത്മകമായ പ്രലോഭനങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹത്തെ ബോധവാനാക്കി.  എന്നാല്‍ തന്റെ സമൂഹം അകപ്പെട്ടിരിക്കുന്ന പതിതാവസ്ഥയില്‍ നിന്നും അവരെ കൈ പിടിച്ചുയര്‍ത്താനുതകുന്ന മൂര്‍ത്തമായ പദ്ധതികളൊന്നും തന്നെ അദ്ദേഹത്തിന് മുമ്പിലുണ്ടായിരുന്നില്ല. ജൂത ക്രൈസ്തവ മതങ്ങള്‍ ഒരു പരിധി വരെ താനന്വേഷിക്കുന്ന മാര്‍ഗത്തിലാണെങ്കിലും പൗരോഹിത്യത്തിന്റെ കടന്നു കയററം അവയെ തങ്ങളുടെ തനത് സ്വഭാവത്തില്‍ നിന്നും പാതയില്‍ നിന്നും വ്യതിചലിപ്പിച്ചിരിക്കുന്നുവെന്നദ്ദേഹം മനസ്സിലാക്കി. തന്റെ അസ്വസ്ഥതകള്‍ അദ്ദേഹം ഭാര്യയുമായി പങ്കുവെക്കാറുണ്ട്. അഗതികളുടെയും അശരണരുടേയും കണ്ണീരൊപ്പുകയും കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുകയും ചെയ്യുന്ന തന്റെ ഭര്‍ത്താവിന്റെ മനസ്സിന്റെ വിശുദ്ധി അവര്‍ ഉള്‍ക്കൊളളുന്നുണ്ട്. പക്ഷെ അവര്‍ക്കും ആ പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദ്ദേശിക്കാനായില്ല. ഭര്‍ത്താവിനെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും സ്വാന്തനിപ്പിക്കുകയും ശ്രുശൂഷിക്കുകയും മാത്രമാണ് അവര്‍ക്ക് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ ഭാര്യയുടെ സ്‌നേഹ പൂര്‍ണമായ പരിലാളനങ്ങളോ മക്കളുടെ കളി ചിരികളോ അദ്ദേഹത്തിന്റെ അസ്വസ്ഥമായ മനസിനെ ശാന്തമാക്കിയില്ല.  ഹിറാ ഗുഹയിലെ ഏകാന്തമായ ധ്യാനത്തിന്റെ സമയം വര്‍ഷം കഴിയും തോറും വര്‍ധിച്ചു കൊണ്ടിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന പതിവ് ഇത്തവണയും അദ്ദേഹം മുടക്കിയില്ല. തന്റെ നാല്പതാമത്തെ വയസില്‍ റമദാന്‍ മാസത്തില്‍ അദ്ദേഹം പതിവു പോലെ ഹിറാ ഗുഹയില്‍ ധ്യാനത്തിനായി പുറപ്പെട്ടു.  അവിടെ അദ്ദേഹം താന്‍ അന്വേഷിക്കുന്ന സത്യത്തിന്റെ മറ നീക്കിത്തരണേയെന്ന് ഉളളുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കാറാണെന്നാണ് പറയാറ്. ഇന്നേക്ക് പതിനേഴു ദിവസമായി അദ്ദേഹം ഹിറായിലേക്ക് പോയിട്ട്. എന്തായിരിക്കും അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ടാവുക. പരിഭ്രാന്തയായി വാതില്‍ തുറന്ന ഖദീജയോട് അദ്ദേഹം തന്നെ പുതപ്പിട്ടു മൂടാന്‍ ആവശ്യപ്പെട്ടു. ഖദീജ അദ്ദേഹത്തോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തന്റെ അനുഭവം വിവരിച്ചു കൊണ്ട് തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം ഭാര്യയോട ചോദിച്ചു. തന്റെ സമൂഹത്തിന്റെ അധപതനത്തില്‍ മനം നൊന്ത് അസ്വസ്ഥനായി ഏകാന്ത വാസമനുഷ്ഠിക്കുമ്പോള്‍ ആശങ്കിച്ചതു പോലെ ജിന്നു ബാധയേററതാണോ എന്ന സംശയവും പങ്കു വെച്ചു. എല്ലാം കേട്ടപ്രിയ പത്‌നി അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ' കാസിമിന്റെ പിതാവേ,പ്രിയപ്പെട്ടവനേ സന്തോഷിച്ചു കൊളളുക. ദൃഢ ചിത്തനാവുക. ഖദീജയുടെ ആത്മാവ് ആരുടെ കയ്യിലാണോ, അവനില്‍ സത്യം. താങ്കള്‍ ഈ സമുദായത്തിന്റെ പ്രവാചകനായിത്തീരുമെന്ന് നിശ്ചയമായും ഞാന്‍ പ്രതീക്ഷിക്കുന്നു. നിസ്സംശയം, അല്ലാഹു ഒരിക്കലും താങ്കളെ കൈവെടിയുകയോ നിന്ദിക്കുകയോ ഇല്ല. താങ്കള്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നു. മാത്രമല്ല സത്യസന്ധനുമാണ്. പോരാത്തതിന് അഗതികളെ സഹായിക്കുകയും അതിഥികളെ സ്വീകരിക്കുകയും  സത്യത്തിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ആ ഭര്‍ത്താവ് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. നന്ദി പൂര്‍വ്വം ഭാര്യയെ നോക്കി. സമാധാന ചിത്തനായി പതിയെ അല്പം മയങ്ങി. ഖദീജയുടെ മനസ്സും അസ്വസ്ഥമായിരുന്നു. ഭര്‍ത്താവിനോട് ആശ്വാസ വാക്കുകള്‍ പറഞ്ഞിരുന്നുവെങ്കിലും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയായിരുന്നു അവര്‍ക്കും. ആ സമയത്ത് അവര്‍ തന്റെ പിതൃവ്യ പുത്രനും വേദ പണ്ഡിതനുമായ വറഖതു ബ്‌നു നൗഫലിനെ ഓര്‍ത്തു. ജ്ഞാന വൃദ്ധനായ അദ്ദേഹത്തിനു തങ്ങളുടെ പ്രശ്‌നത്തിനു ഉത്തരം നല്കാന്‍ സാധിച്ചേക്കുമെന്ന് അവര്‍ കരുതി. ഖദീജ സമയം കളയാതെ പിതൃവ്യ പുത്രനെ കാണാന്‍ പോയി. അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. തെല്ലിട ആലോചിച്ചു നിന്ന ശേഷം വറഖ പ്രതികരിച്ചു. 'പരിശുദ്ധാത്മാവ്! പരിശുദ്ധാത്മാവ്! വറഖതിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനില്‍ സത്യം. ഞാന്‍ കേട്ടത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ഖദീജ, അദ്ദേഹത്തിന്റെ അടുത്തു വന്നത് മൂസായുടെ അടുത്തു വന്നിരുന്ന അതേ മഹാ ദൂതന്‍ തന്നെ! തീര്‍ച്ചയായും അദ്ദേഹം ഈ ജനതയുടെ പ്രവാചകനായി നിയോഗിതനായിരിക്കുന്നു. അദ്ദേഹത്തോട് ധൈര്യമായി ഇരിക്കാന്‍ പറയൂ. ഖദീജ സമാധാനത്തോടെ വീട്ടിലേക്കു മടങ്ങി. ഈ സമയത്ത് ഉറങ്ങുകയായിരുന്ന അല്ലാഹുവിന്റെ ദൂതനെ ദിവ്യബോധനവുമായെത്തിയ മലക്ക് ജിബ്‌രീല്‍ ഉണര്‍ത്തി.  അദ്ദേഹത്തിന്റെ ഉത്തരവാദിത്വം ബോധ്യപ്പെടുത്തി കൊണ്ട് കര്‍മ്മ നിരതരാവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു.
'അല്ലയോ മൂടി പുതച്ചു കിടക്കുന്നവനേ, എഴുന്നേല്‍ക്കുക, മുന്നറിയിപ്പു നല്‍കുക. നിന്റെ രക്ഷിതാവിന്റെ മഹത്വം വിളബരം ചെയ്യുക. നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കി വെക്കുക. അഴുക്കുകളില്‍ നിന്ന് അകന്നു നില്‍ക്കുക. കൂടുതല്‍ (തിരികെ) കരസ്ഥമാക്കുന്നതിനു വേണ്ടി ഔദാര്യം ചെയ്യാതിരിക്കുക. നിന്റെ രക്ഷിതാവിനു വേണ്ടി ക്ഷമ കൈ കൊളളുക.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 74 സൂറ അല്‍ മുദ്ദസ്സിര്‍ 17)
അങ്ങനെ ഒരു കാലത്ത് അനാഥബാലനായി മരുഭൂമിയില്‍ ആട്ടിന്‍പറ്റങ്ങളെ തെളിച്ച് നടന്നിരുന്ന  മുഹമ്മദ് വിഗ്രഹാരാധനയിലും മറ്റു സാമൂഹിക അത്യാചാരങ്ങളിലും പെട്ടുഴലുന്ന തന്റെ ജനതക്കു മാത്രമല്ല ലോകാവസാനം വരെയുളള മുഴുവന്‍ ജനതതികള്‍ക്കുമുളള മാര്‍ഗദര്‍ശകനും ജഗന്നിയന്താവിന്റെ ദൂതനുമായി നിയോഗിക്കപ്പെട്ടു.

കുടുംബത്തിലെ പൊട്ടിത്തെറി

സൈദ്ബ്‌നു ഹാരിസ ഒരാടിനെ തൊലിയുരിഞ്ഞു കൊണ്ടിരിക്കുകയാണ്. സഹായത്തിനായി പ്രവാചകന്റെ പിതൃവ്യപുത്രന്‍ അലിയ്യുബ്‌നു അബീത്വാലിബുമുണ്ട്. പ്രവാചക ഭവനത്തില്‍ ഇന്ന് സന്ധ്യക്ക് ശേഷം ഹാശിം കുടുംബക്കാരെയെല്ലാം സദ്യക്ക് ക്ഷണിച്ചിരിക്കുന്നു. അതിനായുളള ഒരുക്കങ്ങളിലാണ് ഇരുവരും. പ്രവാചകദൗത്യം മൂന്നു വര്‍ഷം പിന്നിട്ടിരിക്കുന്നു. പരസ്യപ്രബോധനം ഇനിയും ആരംഭിച്ചിട്ടില്ല. അതീവ രഹസ്യമായി പാത്തും പതുങ്ങിയും കാതുകളില്‍ നിന്ന് കാതുകളിലേക്കാണ് ഇക്കാലമത്രയും സന്ദേശ പ്രചാരണം നടന്നത്. പക്ഷെ ഇനിയതു പോരാ, താങ്കളുടെ അടുത്ത കുടുംബാംഗങ്ങളെ താങ്കള്‍ താക്കീതു ചെയ്യുക എന്ന അല്ലാഹുവിന്റെ നിര്‍ദ്ദേശം വന്നു കഴിഞ്ഞിരിക്കുന്നു.
സന്ധ്യ കഴിഞ്ഞതും അതിഥികള്‍ എത്തി തുടങ്ങി. പ്രവാചകന്റെ പിതൃവ്യന്‍മാരായ അബൂത്വാലിബും അബൂലഹബും അബ്ബാസും ഹംസയുമൊക്കെ വന്നു കഴിഞ്ഞു. അനാഥനായിരുന്ന തങ്ങളുടെ സഹോദരപുത്രന് ഖദീജയുമായുളള വിവാഹം വഴി  വന്നു ചേര്‍ന്ന സൗഭാഗ്യത്തിലും അദ്ദേഹം പ്രകടിപ്പിക്കുന്ന കുടുംബസ്‌നേഹത്തിലും അവര്‍ സന്തുഷ്ടരാണ്. ഭക്ഷണത്തിനു ശേഷം അറബികളുടെ പതിവുശൈലിയില്‍ എല്ലാവരും  വട്ടം കൂടിയിരുന്നു. പ്രവാചകന്‍ ആതിഥേയന്റെ റോളില്‍ എല്ലാവരോടും കുശലാന്വേഷണം നടത്തി. ശേഷം സൃഷ്ടാവായ തമ്പുരാന്‍ തന്നില്‍ അര്‍പ്പിച്ച ദൗത്യത്തെക്കുറിച്ചു സംസാരിക്കാനാരംഭിച്ചു. പ്രവാചകന്‍ ഇ
ക്കാര്യം അവരോട് നേരിട്ട് സംസാരിക്കുന്നത് ആദ്യമായിട്ടാണെങ്കിലും ' മുഹമ്മദിന്റെ പുത്തന്‍ വാദത്തെക്കുറ
ിച്ച് ' പലതും അവര്‍ കേട്ടിരിക്കുന്നു. വീട്ടുകാരടക്കം നാല്‍പതോളം പേര്‍ ഇതിനകം പുത്തന്‍പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി തങ്ങളുടെ പാരമ്പര്യ മതം ഉപേക്ഷിച്ച കാര്യവുമറിയാം. എന്നാല്‍ പ്രവാചകന്‍ സംസാരം തുടങ്ങിയപ്പോഴേക്ക് പിതൃവ്യന്‍ അബൂലഹബ് ഇടപെട്ടു. എല്ലാവരോടും എഴുന്നേറ്റു പോകാനാവശ്യപ്പെട്ടു.
ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും പ്രവാചകന്‍ പിന്മാറിയില്ല. അടുത്ത ദിവസം തന്നെ അതിഥികള്‍
വീണ്ടും ക്ഷണിക്കപ്പെട്ടു. ആതിഥേയന്റെ ഉദ്ദേശം അവര്‍ക്കജ്ഞാതമല്ല. പക്ഷെ അവരില്‍ ഹംസയെയും അ
ബ്ബാസിനെയും പോലുളള പലരും 'മുഹമ്മദിന്റെ  ഒരു കിറുക്ക് ' ആയിട്ടല്ലാതെ അക്കാര്യം ഒരു ഗൗരവതരമായ സംഗതിയായി ഇപ്പോഴും പരിഗണിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മിക്കവാറും പേരിലും മുഹമ്മദിന്റെ പ്രാചകത്വ പ്രഖ്യാപനം കാര്യമായ പ്രതികരണമുളവാക്കിയില്ല. എന്നാല്‍  അബൂലഹബിനെപ്പോലുളള മറ്റുചില പാരമ്പര്യവാദികളാകട്ടെ കാര്യം അത്ര നിസ്സാരമായി ഗണിച്ചിരുന്നവരായിരുന്നില്ല. തങ്ങളുടെ പാരമ്പര്യമതത്തിന്റെ അടിത്തറ ഇളക്കാന്‍ മാത്രം വിസ്‌ഫോടക ശേഷിയുളളതാണ് മുഹമ്മദ് പ്രബോധനം ചെയ്യുന്ന ഏക
ദൈവത്വ വാദമെന്ന് സൂക്ഷ്മാലുക്കളായ അവര്‍ മനസ്സിലാക്കിയിരുന്നു. എന്നിരുന്നാലും പ്രവാചകഭവനത്തി
ല്‍ എല്ലാവരും സന്നിഹിതരായിരുന്നു. കാരണം അതിഥികളെ ക്ഷണിക്കലും ക്ഷണം സ്വീകരിക്കലും അറേ
ബ്യന്‍ ഗോത്രസംസ്‌കൃതിയുടെ അവിഭാജ്യഘടകമായിരുന്നു. സദ്യക്കു ശേഷം പ്രവാചകന്‍ സംസാരം ആരം
ഭിച്ചു. ' ഹാശിം കുടുംബമേ, അബ്ദുല്‍ മുത്തലിബിന്റെ മക്കളേ,  അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും.അവന
ല്ലാതെ മറ്റൊരാധ്യനില്ലെന്നും അവന് പങ്കുകാരനില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.  ഞാന്‍ അവനില്‍ വിശ്വസിക്കുകയും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു. നിങ്ങളെല്ലാം ഉറങ്ങുന്നതു പോലെ മരിക്കും.ഉണരുന്നതു പോലെ പുനര്‍ജനിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ നാഥന്റെ സന്ദേശത്തെ പിന്‍പറ്റുക. നിങ്ങള്‍ക്കായി ഞാന്‍ കൊണ്ടുവന്ന സന്ദേശം ഈ ലോകത്തും പരലോകത്തും ഏറ്റവും ഉല്‍കൃഷ്ടമായതാകുന്നു. ഇതിലും ഉത്തമമായത് സ്വജനതക്കായി കൊണ്ടുവന്ന ഒരാളും അറബികളിലില്ല. ജനങ്ങളില്‍ നിങ്ങളെ ആദ്യം ഇതിലേക്ക് ക്ഷണിക്കണമെന്ന് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. (നമ്മള്‍ തമ്മിലുളള രക്തബന്ധം പരിഗണിച്ചു കൊണ്ട് )എന്റെ ഇക്കാര്യത്തില്‍ നിങ്ങള്‍ എനിക്ക് പിന്തുണ നല്‍കുകയും സഹായിക്കുകയും ചെയ്യണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.
പ്രവാചകന്റെ സംസാരം തുടര്‍ന്നു കൊണ്ടിരിക്കെ അബൂലഹബ് ഇടപെട്ടുകൊണ്ട് പറഞ്ഞു: നിന്റെ പുത്തന്‍ വാദത്തില്‍ നിന്ന് നീ പിന്മാറുക. അറബികളെ മൊത്തം നേരിടാന്‍ നിനക്കോ നിന്റെ ആളുകള്‍ക്കോ കഴിയില്ല. നിന്നെ പിടിച്ചു കെട്ടാന്‍ ഏറ്റവും അര്‍ഹതയുളളത് എനിക്കാണ്. അപ്പോള്‍ നിനക്ക്  നിന്റെ പിതൃകുടുംബം തന്നെ മതിയാകും. ഇനി നീ ഇതുമായി മുമ്പോട്ടു പോവാനാണ് ഭാവമെങ്കില്‍ ഖുറൈശി ഗോത്രങ്ങള്‍ നിന്റെ മേല്‍ ചാടി വീഴും. അറബികള്‍ മുഴുവന്‍ അവരെ സഹായിക്കുകയും ചെയ്യും. നീ കൊണ്ടുവന്നതു പോലെ മോശമായ ഒന്ന് കൊണ്ടുവന്ന ഒരുത്തനെയും ഞാന്‍ കണ്ടിട്ടില്ല.
അബൂലഹബിന്റെ സംസാരത്തിന് പ്രവാചകന്‍ മറുപടിയൊന്നും പറഞ്ഞില്ല.
പക്ഷെ തന്റെ പ്രിയങ്കരനായ സഹോദരപുത്രന്‍ നിസ്സഹായനായി അവഹേളിക്കപ്പെടുന്നതു അബൂത്വാലിബിന് സഹിക്കാനായില്ല. അദ്ദേഹം എഴുന്നേറ്റു നിന്നു പ്രഖ്യാപിച്ചു: ഞാന്‍ അബ്ദുല്‍മുത്വലിബിന്റെ മതത്തില്‍ നിലകൊളളുന്നവനാണ്. അതെനിക്ക് കൈയ്യൊഴിയുക സാധ്യമല്ല. പക്ഷെ ഈ നില്‍ക്കുന്ന മുഹമ്മദിന്റെ കാര്യത്തില്‍ അങ്ങേയറ്റത്തെ താല്‍പര്യമുളളവനാണ് ഞാനും ഇവിടെ കൂടിയിരിക്കുന്നവരും. അവന്റെപിതൃവ്യന്മാരും അവരുടെ പുത്രന്‍മാരുമായ നാമെല്ലാം അവനാവശ്യമായ സഹായം ചെയ്യാന്‍ തയ്യാറാവണം. അല്ലാഹുവാണ് സത്യം, ഞാന്‍ മുഹമ്മദിനെ സംരക്ഷിക്കുകയും അവനെ പ്രതിരോധിക്കുകയും ചെയ്തു.
അബൂലഹബിന്റെ അപ്രതീക്ഷിത ശകാരവര്‍ഷം മനപ്രയാസത്തിലാക്കിയ പ്രവാചകന് ആശ്വാസത്തിന്റെ കുളിര്‍മഴയായിരുന്നു വാല്‍സല്യനിധിയായ പിതൃവ്യന്‍ അബൂത്വാലിബിന്റെ ഇടപെടല്‍. ഖുറൈശീഗോത്രത്തിലും ഹാശിംകുടുംബത്തിലും ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന അബൂലഹബിനാകട്ടെ കനത്ത തിരിച്ചടിയും. വെടിയേറ്റ സിംഹത്തെപ്പോലെ അയാള്‍ അലറി: അല്ലാഹുവാണ് സത്യം, ഇതൊരു വലിയ നാശം തന്നെ, മുഹമ്മദിന്റെ കൈ പിടിച്ചു കെട്ടുക. നിശ്ചയം, നമ്മളത് ചെയ്തില്ലെങ്കില്‍ മറ്റാരെങ്കിലും അത് ചെയ്യും.
അബൂത്വാലിബ് തെല്ലും പതറിയില്ല. അദ്ദേഹം ധീരമായി പ്രഖ്യാപിച്ചു: അല്ലാഹുവാണ് സത്യം, എന്റെ ജീവന്‍ നിലനില്‍ക്കുന്ന കാലത്തോളം മുഹമ്മദിനെയും അവന്റെ ദൗത്യത്തെയും ഞാന്‍ സംരക്ഷിക്കുക തന്നെ ചെയ്യും.

സഫാമലയിലൊരു കശപിശ
മരുഭൂമിയിലെ ഗ്രീഷ്മകാല പ്രഭാതങ്ങള്‍ സുന്ദരവും ഊര്‍ജ്ജദായകവുമാണ്. സൂര്യാതപം കനക്കുന്ന മധ്യാഹ്നത്തിനു മുമ്പേ ജീവിതവ്യവഹാരങ്ങള്‍ പൂര്‍ത്തീകരിക്കപ്പേടേണ്ടതുണ്ട്. അതിനാല്‍ രാവിലെ തന്നെ ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങും. അന്നും രാവിലെ മക്കാ നിവാസികള്‍ പതിവു പോലെ നേരത്തേ ഉറക്കമുണര്‍ന്ന് ദിനചര്യകളാരംഭിച്ചു. കച്ചവടക്കാര്‍ ചരക്കുകളുമായി ഉക്കാള് ചന്തയിലേക്ക് പുറപ്പെടാനൊരുങ്ങി. ഇടയന്‍മാര്‍ ആടുകളെയും ഒട്ടകങ്ങളെയുമായി മേച്ചില്‍ പുറങ്ങള്‍ തേടി പോകാനിറങ്ങുന്നു. വിശുദ്ധഗേഹത്തിന്റെ മുറ്റത്ത് മാടപ്രാവുകള്‍ തീറ്റപെറുക്കി നടക്കുന്നുണ്ട്.
സഫാമലയുടെ ഭാഗത്തു നിന്നും ഉയര്‍ന്ന യാ സബാഹാ എന്ന ആ വിളി ആദ്യം കേട്ടത് കാലികളുമായി പുറപ്പെട്ട ഇടയന്‍മാരാണ്. വരാനിരിക്കുന്ന മഹാവിപത്തിനെക്കുറിച്ച മുന്നറിയിപ്പാണ് ആ വിളി. അതെന്തുമാകാം. ചിലപ്പോള്‍ ഗോത്രസംസ്‌കൃതിയുടെ ഒഴിച്ചുകൂടാനാവാത്ത ഗോത്രസംഘട്ടനങ്ങളുടെ മുന്നറിയിപ്പാകാം. അതല്ലെങ്കില്‍ നഗരവാസികളുടെ ചരക്കുകളുമായി കച്ചവടത്തിനു പോയ ഏതെങ്കിലും യാത്രാസംഘത്തിനു സംഭവിച്ച അത്യാഹിതത്തെക്കുറിച്ച വാര്‍ത്തകളാവാം. ഇനിയുമൊരു പക്ഷെ കാലികള്‍ കൊളളയടിക്കപ്പെട്ട ഇടയന്റെ വിലാപമാകാം. എന്തായിരുന്നാലും ശബ്ദം കേട്ടവര്‍ തന്താങ്ങള്‍ ഏര്‍പ്പെട്ടിരുന്ന ജോലികള്‍ നിര്‍ത്തിവെച്ച് സഫാമലയുടെ നേര്‍ക്ക് ഓടി. എത്തിപ്പെടാനാവാത്തവര്‍ വിവരമറിഞ്ഞു വരാന്‍ പ്രതിനിധികളെ അയച്ചു.
ഓടിക്കൂടിയ ജനക്കൂട്ടം കണ്ടത് അബ്ദുല്ലയുടെ മകന്‍ മുഹമ്മദിനെയാണ്. അവരുടെ ആശങ്കയും പരിഭ്രമവും വര്‍ധിച്ചു. വിളിച്ചിരിക്കുന്നത് അവരുടെ പ്രിയങ്കരനായ നേതാവായിരുന്ന അബ്ദുല്‍ മുത്വലിബിന്റെ പേരക്കുട്ടിയാണ്. അദ്ദേഹമാകട്ടെ സത്യസന്ധനും ആനാവശ്യ സംസാരങ്ങളിലോ വക്കാണങ്ങളിലോ ഏര്‍പ്പെടാത്ത മാന്യരില്‍ മാന്യനും. എന്തായിരിക്കും അദ്ദേഹത്തിന് അറിയിക്കാനുളള വാര്‍ത്ത. ഏതു വിപത്തിനെക്കുറിച്ചായിരിക്കും അദ്ദേഹം തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.
എല്ലാവരും എത്തിച്ചേര്‍ന്നു എന്നുറപ്പായപ്പോള്‍ പ്രവാചകന്‍ അവരെ അഭിസംബോധന ചെയ്തു കൊണ്ട് ചോദിച്ചു: ഖുറൈശികളേ, നിങ്ങളെ ആക്രമിക്കാനുദ്ദേശിച്ചു കൊണ്ട് ഒരു വമ്പിച്ച സൈന്യം ഈ മലക്കു പിറകില്‍ പതിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കില്ലേ''? എന്തിനവിശ്വസിക്കണം, ചോദ്യകര്‍ത്താവ് നാലു ദശകത്തിലേറെയായി തങ്ങളോടൊപ്പം ജീവിക്കുന്നു. ദീര്‍ഘമായ ഈ കാലയളവിനിടയില്‍ ഒരിക്കല്‍ പോലും കളിയായിട്ടു പോലും അദ്ദേഹം കളളം പറഞ്ഞതായി തങ്ങള്‍ക്കോര്‍മ്മയില്ല. മറ്റുളളവരെ വഞ്ചിച്ച് ഒരു ദീനാറു പോലും അദ്ദേഹം സമ്പാദിച്ചതായും ഇക്കാലം വരെ ആരും ആരോപിച്ചിട്ടില്ല. ജനക്കൂട്ടം ചിന്തിച്ചു. അവര്‍ ഏക സ്വരത്തില്‍ പ്രതികരിച്ചു. ' അതെ, താങ്കള്‍ പറയുന്നത് ഞങ്ങള്‍ പൂര്‍ണമായും വിശ്വസിക്കും. താങ്കളെ അവിശ്വസിക്കേണ്ട ഒരു കാരണവും ഞങ്ങള്‍ക്കില്ല.'
അല്ലയോ ഖുറൈശികളേ, ലുഅയ്യിന്റെ പുത്രന്‍ കഅ്ബിന്റെ വംശമേ, മുര്‍റവംശമേ, ഖുസയ്യ്കുടുംബമേ, അബ്ദു മനാഫിന്റെ മക്കളേ, അബ്ദുശംസിന്റെ മക്കളേ, അബ്ദുല്‍ മുത്വലിബിന്റെ കുടുംബമേ, ഹാശിംവംശമേ ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറഞ്ഞതിനേക്കാള്‍ കൊടിയ ഒരു വിപത്തിനെക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് നിങ്ങളെ ഞാന്‍ വിളിച്ചു കൂട്ടിയത്. മറ്റുളളവരോട് കളവ് പറയുന്നവര്‍ പോലും സ്വന്തക്കാരോട് കളവ് പറയില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അല്ലാഹുവിന്റെ കഠിനമായ ശിക്ഷ വന്നെത്തും മുമ്പ് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും നിങ്ങളെ തടുക്കുവാന്‍ എനിക്കു സാധിക്കുകയില്ല. എന്റെ അടുത്ത കുടുംബാംഗങ്ങളായ നിങ്ങള്‍ക്ക് താക്കീത് നല്‍കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് നിങ്ങള്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ഈ ലോകത്ത് എന്തെങ്കിലും ഗുണമോ പരലോകത്ത് എന്തെങ്കിലും നേട്ടമോ നിങ്ങള്‍ക്കുറപ്പ് നല്‍കാന്‍ എനിക്കു സാധിക്കുകയില്ല. അന്ത്യനാളില്‍ എന്റെ ബന്ധുക്കള്‍ ഭക്തന്‍മാര്‍ മാത്രമായിരിക്കും. ഞാന്‍ നിങ്ങളെ ഏകദൈവത്തിന്റെ അടിമത്വത്തിലേക്ക് ക്ഷണിക്കുന്നു. പുനരുത്ഥാന നാളില്‍ മറ്റുളളവര്‍ സല്‍ക്കര്‍മ്മങ്ങളുമായി ഹാജരാകുമ്പോള്‍ ദുഷ്‌ചെയ്തികളുടെ ഭാണ്ഡവുമായി നിങ്ങള്‍ ഹാജരാവാതിരിക്കാനാണ് ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നത്. നമ്മള്‍ തമ്മിലുളള കുടുംബബന്ധം ഈ ലോകത്ത് മാത്രമാകുന്നു. നിങ്ങള്‍ വിശ്വസികളാകാത്ത പക്ഷം പുനരുത്ഥാന നാളില്‍ നിങ്ങള്‍ എന്നെ ചൊല്ലി വിലപിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല. അന്നേരം നിങ്ങളില്‍ നിന്ന് വിട്ടുമാറാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കും'. തങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രശ്‌നത്തെക്കുറിച്ച പ്രവാചകന്റെ വാക്കുകള്‍ കേട്ട ശ്രോതാക്കള്‍ അമ്പരന്നു പോയി. മുഹമ്മദിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം തങ്ങളുടെ ദൈവങ്ങളെ നിഷേധിക്കുന്നുവെന്നുമെല്ലാമുളള ചില രഹസ്യവാര്‍ത്തകള്‍ അവരില്‍ പലരും ഇതിനകം കേട്ടിട്ടുണ്ട്. പക്ഷെ ഈ പ്രഭാതത്തില്‍ അദ്ദേഹം തങ്ങളെ വിളിച്ചുവരുത്തിയത് ഇത്തരത്തിലുളള ഒരു കാര്യം പറയാനായിരിക്കുമെന്ന് ഒരിക്കലും അവര്‍ ഊഹിച്ചിരുന്നില്ല.
പ്രവാചക പിതൃവ്യന്‍മാരായ അബൂതാലിബും അബൂലഹബും അബ്ബാസും ഹംസയുമെല്ലാമുണ്ട് ഒത്തു കൂടിയവരില്‍. അബൂലഹബ് ഇതിനകം പ്രവാചകന്റെ ബദ്ധവൈരിയായി മാറിയിട്ടുണ്ട്. മുഹമ്മദിന്റെ പ്രവാചകത്വ വാദം വകവെച്ചു കൊടുക്കാന്‍ അദ്ദേഹത്തിന്റെ  അഹങ്കാരം അനുവദിച്ചില്ല. ഇക്കാര്യത്തില്‍ അബൂലഹബിന്റെ അതേ മനസ്സായിരുന്നു ഭാര്യ ഉമ്മുജമീലക്കും. പ്രവാചകന് അദ്ദേഹത്തിന്റെ സ്ഥാനം വകവെച്ചുകൊടുത്താല്‍ നഷ്ടപ്പെടുന്ന സമൂഹത്തിലെ തങ്ങളുടെ നേതൃസ്ഥാനവും പ്രവാചകാധ്യാപനങ്ങള്‍  അംഗീകരിച്ചാല്‍  ഇല്ലാതാകുന്ന പലിശ പോലുളള വരുമാന മാര്‍ഗങ്ങളുമായിരുന്നു സത്യദീന്‍ അംഗീകരിക്കുന്നതിന് അബൂലഹബിന്റെ തടസ്സം. ഖുറൈശി പ്രമാണിയായ താനും മറ്റുളളവരും തമ്മില്‍ അവസ്ഥാന്തരങ്ങളില്ലാതാക്കുന്ന ഒരു വ്യവസ്ഥിതിയുടെ വ്യാപനത്തെ അബൂലഹബ് ഭയപ്പെടുകയും അതിന്റെ നിര്‍മാജനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തു. പ്രവാചകന്റെ പുത്രിമാരായ റുഖിയയെയും ഉമ്മുകുല്‍സൂമിനെയും വിവാഹം ചെയ്തിരുന്നത് അബൂലഹബിന്റെ പുത്രന്‍മാരായ ഉത്ബയും ഉതൈബയുമായിരുന്നു. മക്കളുടെ ഭാര്യാപിതാവിന്റെ പ്രവാചകത്വവാദം പ്രകോപിപ്പിച്ച അബൂലഹബ് രണ്ടു പേരുടേയും ബന്ധം വേര്‍പ്പെടുത്തി. പ്രവാചകനെ പരമാവധി ഞെരുക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുകയായിരുന്നു അതുവഴി അബൂലഹബിന്റെ ലക്ഷ്യം.
സഫാമലയില്‍ നിന്നു കൊണ്ടുളള പ്രവാചകന്റെ പ്രസംഗം അബൂലഹബിനെ വിറളി പിടിപ്പിച്ചു. മുഹമ്മദിനെ ഇനിയും ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. ഏതാനും ദിവസങ്ങള്‍ക്ക്  മുമ്പാണ് മുഹമ്മദിന്റെ വീട്ടിലെ സല്‍ക്കാരത്തിനിടയില്‍ അവന്‍ ഇതുപോലൊരു പ്രഭാഷണം നടത്തിയത്. ഖുറൈശികളുടെ കുലദൈവങ്ങളായ ലാത്തയെയും മനാത്തയെയും അനാഥരാക്കുന്ന അതുവഴി ഖുറൈശികളുടെ പ്രതാപവുമസ്തമിക്കുന്ന ഈ ഏര്‍പ്പാട് നിര്‍ത്താന്‍ താന്‍ അന്നേ അവനെ ശാസിച്ചതാണ്. പക്ഷെ അവന്‍ വീണ്ടും മുന്നോട്ടാണ്.  ഇതങ്ങിനെ വിട്ടാല്‍ ശരിയാവില്ല. ഈ വിപത്തിനെ മുളയിലേ നുളളിയാലേ ശരിയാവൂ. അബൂലഹബിന് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു.
അറബികള്‍ എക്കാലത്തും വിലമതിച്ചിരുന്ന രക്തബന്ധത്തെ പോലും വിലമതിക്കാതെ തന്റെ സഹോദരപുത്രനു നേരെ അബൂലഹബ് ചീറി: നിനക്ക് നാശം, ഇതിനു വേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത്. ജനക്കൂട്ടത്തിന്റെ ശ്രദ്ധ പ്രവാചകന്‍ പറഞ്ഞതില്‍ നിന്നെല്ലാം തെന്നിമാറി. അബൂലഹബിന്റെ ധാര്‍ഷ്ഠ്യം കാരണം പ്രബോധന പ്രവര്‍ത്തനങ്ങള്‍  തടസ്സപ്പെട്ടിരിക്കുകയാണ്. അബൂലഹബിന്റെ ആ ഹുങ്കിനെ അടിച്ചമര്‍ത്തുകയും അയാളെ മാനസികമായി നിര്‍വീര്യമാക്കുകയും ചെയ്യാതെ മക്കയില്‍ പുതുതായി ബീജാവാപം ചെയ്യപ്പെട്ട പ്രവാചകന്റെ പ്രസ്ഥാനത്തിന് ഒരടി മുമ്പോട്ടു നീങ്ങുക സാധ്യമല്ല. കൂടാതെ പ്രവാചകനോടൊപ്പം ഈ കര്‍മ്മവീഥിയില്‍ അണിനിരന്നിരിക്കുന്ന അബൂബക്കര്‍, ഉസ്മാന്‍ പോലുളളവര്‍ക്ക് ആത്മവിശ്വാസം പകരാനും അതനിവാര്യമാണ്.
പക്ഷെ പ്രവാചകന്‍ അബൂലഹബിനോട് സ്വന്തം നിലയില്‍ യാതൊന്നും പ്രതികരിച്ചില്ല. കാരണം താന്‍ സ്വന്തം നിലയില്‍ ഒരധികാരകേന്ദ്രമാണെന്നോ അല്ലെങ്കില്‍ അജയ്യമായ ഒരു ശക്തിദുര്‍ഗമാണെന്നോ അല്ല പ്രവാചകന്‍ അവകാശപ്പെടുന്നത്. മറിച്ച് പ്രപഞ്ച സൃഷ്ടാവും അജയ്യനും രാജാധിരാജനുമായ അല്ലാഹുവിന്റെ ദൂതനാണെന്നാണ്. അപ്പോള്‍ പ്രവാചകനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന  പ്രസ്ഥാനവും നേരിട്ട അവഹേളനത്തിനു തക്കതായ മറുപടി അദ്ദേഹത്തെ സന്ദേശവുമായി അയച്ച ശക്തികേന്ദ്രത്തില്‍ നിന്നു തന്നെ നല്‍കപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മുഹമ്മദ് കേവലം ഒരു വ്യക്തിയല്ലെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വേഛ പ്രകാരമല്ലെന്നും വരൂ. ഏറെ താമസിയാതെ തന്നെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദിനെ മുഴുവന്‍ മനുഷ്യരാശിക്കുമുളള പ്രവാചകനായി നിശ്ചയിച്ച അല്ലാഹുവില്‍ നിന്നും അബൂലഹബിനുളള മറുപടി അവതീര്‍ണമായി: അബൂലഹബിന്റെ ഇരു കരങ്ങളും നശിച്ചിരിക്കുന്നു. അവന്‍ മുടിഞ്ഞിരിക്കുന്നു.അവന്റെ സമ്പത്തും നേട്ടങ്ങളും അവന് യാതൊരുപകാരവും ചെയ്തില്ല. നിശ്ചയം അവന്‍ ജ്വാലകളുയരുന്ന അഗ്‌നിയില്‍ എരിയുന്നതാകുന്നു. അനോടൊപ്പം ഏഷണിക്കാരിയായ അവന്റെ ഭാര്യയും(എരിയുന്നതാകുന്നു). അവളുടെ കഴുത്തില്‍ പനനാരുകൊണ്ടുളള വടമുണ്ടാകും.
(തുടരും ....)
Next Story

RELATED STORIES

Share it