ഹിമാചല്‍: മുഖ്യമന്ത്രിസ്ഥാനത്തേക്ക്ജെ പി നഡ്ഡയും ജയറാം താക്കൂറും

ഷിംല/അഹ്മദാബാദ്: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയാവാന്‍ കേന്ദ്രമന്ത്രി ജെ പി നഡ്ഡയും അഞ്ചുതവണ എംഎല്‍എ ആയ ജയറാം താക്കൂറും. ഹിമാചലില്‍ പ്രേംകുമാര്‍ ധുമല്‍ ആയിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണു മുഖ്യമന്ത്രി സ്ഥാനത്തേക്കു പാര്‍ട്ടി പുതിയ ആളെ അന്വേഷിക്കുന്നത്. ബിജെപിയുടെ ഉന്നത നേതൃത്വവുമായി നഡ്ഡയ്ക്കുള്ള അടുപ്പം അദ്ദേഹത്തിനു മേല്‍ക്കൈ നല്‍കുന്നുണ്ട്. എന്നാല്‍ നഡ്ഡ ബ്രാഹ്മണനാണ്. സംസ്ഥാനത്തെ പ്രബലമായ താക്കൂര്‍ സമുദായത്തിന്റെ നേതാവായതിനാല്‍ ജയറാം താക്കൂറിനു നറുക്കു വീഴുമെന്ന് അഭ്യൂഹമുണ്ട്. മൊഹീന്ദര്‍ സിങിനെ പോലുള്ള മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രി പദത്തിനായി രംഗത്തുണ്ട്. തോറ്റതു കണക്കിലെടുക്കാതെ ധുമലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നവരും പാര്‍ട്ടിയിലുണ്ട്. ഗുജറാത്തില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരെ ചുമതലപ്പെടുത്തി. ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പു ഫലങ്ങള്‍ അവലോകനം ചെയ്യാനായി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റേതാണു തീരുമാനം. മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും തീരുമാനിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നേരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ ഉന്നത തല പാര്‍ട്ടി യോഗം തിങ്കളാഴ്ച വളിച്ചിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേരു നിര്‍ദേശിക്കുക.  രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് അരലക്ഷത്തോളം വോട്ടുകള്‍ക്കു വിജയിച്ച നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിക്കു തന്നെയാണു കൂടുതല്‍ സാധ്യത. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ പ്രദീപ്‌സിങ് ജഡേജയാണു മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്ന രണ്ടാമന്‍. പട്ടേല്‍ പ്രക്ഷോഭം ഉള്‍പ്പെടെ ഗുജറാത്തില്‍ ഭരണപക്ഷത്തിനെതിരായി തുടര്‍ച്ചയായി അരങ്ങേറിയ സമര പരിപാടികള്‍ അമര്‍ച്ച ചെയ്യുന്നതില്‍ ആഭ്യന്തരമന്ത്രി ജഡേജ വിജയിച്ചതായാണു ദേശീയ നേതൃതത്തിന്റെ വിലയിരുത്തല്‍.  ഉപമുഖ്യമന്ത്രി നിഥിന്‍ പട്ടേലും മുഖ്യമന്ത്രിയായി പരിഗണനയിലുണ്ട്. കോണ്‍ഗ്രസ്സിലേക്ക് ചാഞ്ഞ പട്ടേല്‍ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നിഥിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കുന്നത് ഉചിതമാവുമെന്ന കണക്കുകൂട്ടലാണ് ഇദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it