ഹിമാചല്‍: ജയ്‌റാം ഠാക്കൂര്‍ അധികാരമേറ്റു

ഷിംല: ഹിമാചല്‍പ്രദേശിന്റെ 14ാമത് മുഖ്യമന്ത്രിയായി ജയ്‌റാം ഠാക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു. 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ചരിത്രപ്രധാനമായ റിഡ്‌ഗെ മൈതാനിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ആചാര്യദേവ് പ്രത് ആണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
പുതിയ മന്ത്രിസഭയില്‍ അഞ്ച് പുതുമുഖങ്ങളുണ്ട്. രാജീവ് ബിന്‍ഡല്‍ ആയിരിക്കും നിയമസഭയുടെ പുതിയ സ്പീക്കര്‍. 52കാരനായ ഠാക്കൂര്‍ സെറാജ് മണ്ഡലത്തെയാണ് നിയമസ—ഭയില്‍ പ്രതിനിധീകരിക്കുന്നത്. മാണ്ഡി ജില്ലയില്‍ പെട്ട മണ്ഡലമാണ് സെറാജ്.
സെറാജില്‍ നിന്ന് ഠാക്കൂര്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇത് അഞ്ചാം തവണയാണ്. മാണ്ഡിയില്‍ നിന്ന് ഒരാള്‍ മുഖ്യമന്ത്രിയായിവന്നത് ഇതാദ്യമാണ്.
സര്‍വീന്‍ ചൗധരി മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ്. സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ ആയിരക്കണക്കിനാളുകള്‍ മാണ്ഡിയില്‍ നിന്ന് എത്തിയിരുന്നു. പരമ്പരാഗത നാടോടി സംഗീതത്തിന്റെ താളത്തിനൊത്ത് അവര്‍ നൃത്തം വച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, ജെ പി നദ്ദ, ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, മനോഹര്‍ലാല്‍ ഖട്ടാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, സര്‍ബാനന്ദ് സോനോവാള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
Next Story

RELATED STORIES

Share it