ഹിമാചലിലും മധ്യപ്രദേശിലും റോഡപകടം; 31 മരണം

ഷിംല/ശിവപുരി: ഹിമാചല്‍പ്രദേശിലും മധ്യപ്രദേശിലുമുണ്ടായ റോഡപകടങ്ങളില്‍ 31 പേര്‍ മരിച്ചു. ഹിമാചലില്‍ രണ്ടിടത്ത് അപകടങ്ങളുണ്ടായി. കിന്നാവൂര്‍, ഷിംല ജില്ലകളിലാണ് അപകടം.
കിന്നാവൂരില്‍ കാര്‍ 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. കാറില്‍ 14 യാത്രക്കാരുണ്ടായിരുന്നു. ഒരാള്‍ കാറില്‍ നിന്നു ചാടി രക്ഷപ്പെട്ടു. നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടിലാക്കി മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. 12 പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നവഴിയുമാണ് മരിച്ചത്. മരിച്ചവരില്‍ വധുവിന്റെ സഹോദരനും കാറിന്റെ ഡ്രൈവറും പെടുന്നു. ജില്ലാ അധികൃതര്‍ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്തു.
ഷിംലയില്‍ ഹിമാചല്‍പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബസ് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേരാണ് മരിച്ചത്. 20 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഷിംല ഡെപ്യൂട്ടി കമ്മീഷണര്‍ റോഹന്‍ ഠാക്കൂര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജില്ലാ ഭരണകൂടം അരലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ശിവപുരിയില്‍ ജീപ്പ്, ലോറിയിലിടിച്ച് ആറു സ്ത്രീകളടക്കം ഒമ്പതു പേരാണ് മരിച്ചത്. കുംഭമേളയില്‍ പങ്കെടുത്ത് ഗൊരഖ്പൂരിലേക്കു മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ആറുപേര്‍ അപകടസ്ഥലത്തുവച്ചും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കുംഭമേളയ്ക്കിടെ അത്യുഷ്ണത്തില്‍ മരിച്ച കുടുംബാംഗത്തിന്റെ മൃതദേഹവുമായി തിരിച്ചുപോവുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
Next Story

RELATED STORIES

Share it