Flash News

ഹിന്ദു യുവവാഹിനിയില്‍ കൂട്ടത്തല്ല്; 2,500 പേര്‍ രാജിവച്ചു

ലഖ്‌നോ: സംസ്ഥാന നേതാക്കളുടെ അഴിമതിയെ ചൊല്ലി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ഹിന്ദു യുവവാഹിനിയില്‍ കൂട്ടത്തല്ല്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഴിമതിയിലൂടെ നേതാക്കള്‍ കോടികള്‍ സമ്പാദിച്ചെന്നാണു പ്രാദേശിക നേതാക്കള്‍ പറയുന്നത്. ആഭ്യന്തരകലഹത്തെ തുടര്‍ന്ന് സംഘടനയുടെ ലഖ്‌നോ മഹാനഗര്‍ യൂനിറ്റ് പിരിച്ചുവിട്ടു. ലഖ്‌നോയിലെ വിവിധയിടങ്ങളില്‍നിന്നായി 2,500 പേര്‍ രാജിവച്ചു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി പങ്കജ് സിങിനെതിരെയാണ് പ്രധാനമായും ആരോപണമുയര്‍ന്നത്. പണമുണ്ടാക്കാനുള്ള മാര്‍ഗമായി സംഘടനാ ബന്ധം ചിലര്‍ മാറ്റിയതായി വിവാദവുമായി ബന്ധപ്പെട്ട് സംഘടന നിയോഗിച്ച അന്വേഷണസമിതി കണ്ടെത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രവര്‍ത്തകര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ടെന്നാണു കണ്ടെത്തല്‍. തുടര്‍ന്നാണ് സ്‌റ്റേറ്റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പികെ മാള്‍ മഹാനഗര്‍ യൂനിറ്റ് പിരിച്ചുവിട്ടത്. നടപടി ചോദ്യംചെയ്ത് മഹാനഗര്‍ സെക്രട്ടറി ആകാശ് സിങ്, വൈസ് പ്രസിഡന്റ് രാം കൃഷ്ണ ദ്വിവേദി, മറ്റു ചില പ്രാദേശിക നേതാക്കള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ നേതാക്കളുടെ നില വീണ്ടും പരുങ്ങലിലായി. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പങ്കജ് സിങ് സര്‍ക്കാര്‍ കരാറുകളിലൂടെ കോടികള്‍ സമ്പാദിച്ചിരുന്നു. സംഘടനാ സ്ഥാപകനും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് മൗനം വെടിയണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും വാര്‍ത്താസമ്മേളനം നടത്തിയവര്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് 2,500 പ്രവര്‍ത്തകര്‍ രാജിവയ്ക്കുകയാണെന്നു മഹാനഗര്‍ യൂനിറ്റ് ഇന്‍ചാര്‍ജ് അനുഭവ് ശുക്ല പറഞ്ഞു. ഹിന്ദു യുവവാഹിനിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പേര് ദുരുപയോഗം ചെയ്താണ് പങ്കജ് സിങ് സര്‍ക്കാര്‍ കരാറുകള്‍ അനധികൃതമായി കൈവശപ്പെടുത്തുന്നത്. ഇ- ടെന്‍ഡര്‍ ഇല്ലാതെയാണ് മിക്ക കരാറുകളും ഇദ്ദേഹം സ്വന്തമാക്കിയത്. പ്രത്യക്ഷമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പേര്‍ സംഘടനയില്‍ നിന്ന് രാജിവയ്ക്കും. അടുത്തയാഴ്ച 10,000 പേര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് ഹിന്ദു യുവവാഹിനിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍. അതേസമയം, പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ഇതാണു പ്രശ്‌നമെന്നുമാണ് പങ്കജ് സിങ് പറയുന്നത്.
Next Story

RELATED STORIES

Share it