Flash News

ഹിന്ദു പാര്‍ലമെന്റിന്റെ ഉദ്ഘാടകനായി പിണറായി വിജയന്‍

ഹിന്ദു പാര്‍ലമെന്റിന്റെ ഉദ്ഘാടകനായി  പിണറായി വിജയന്‍
X
janasabha sangadippicha hindu parlement cpi m polit bureau angam pinarai vijayan ulghadanam cheyyunu

തിരുവനന്തപുരം: ഹിന്ദു പാര്‍ലമെന്റ് ജനസഭ സംഘടിപ്പിച്ച സെമിനാറില്‍ ഉദ്ഘാടകനായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെത്തിയത് ചര്‍ച്ചയാവുന്നു. തിരുവനന്തപുരത്ത് വിജെടി ഹാളില്‍ ഹിന്ദു പാര്‍ലമെന്റ് സംഘടിപ്പിച്ച ഹിന്ദു സമൂഹവും മതേതര സങ്കല്‍പവുമെന്ന സെമിനാറാണ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.
ബിഡിജെഎസ് രൂപീകരിച്ചതിനാല്‍ ഹിന്ദു പാര്‍ലമെന്റിന്റെ അധ്യക്ഷസ്ഥാനത്തുനിന്നും വെള്ളാപ്പള്ളി നടേശന്‍ പുറത്താക്കപ്പെട്ടിരുന്നു. ഹിന്ദു സംഘടനകള്‍ അണിനിരക്കുന്ന സംഘടനയെ വരുതിയിലാക്കാനാണ് സിപിഎം ശ്രമം. മുന്‍ രാജകുടുംബത്തിനെ സഭാപതിയായി പ്രഖ്യാപിച്ച് രാഷ്ടീയ മത വിഷയങ്ങളില്‍ ഇടപെട്ടിരുന്ന ഹിന്ദു പാര്‍ലമെന്റിനെ ജനാധിപത്യവിരുദ്ധ സംഘടനയെന്നാണ് സിപിഎം ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. പാര്‍ട്ടി മതേതര സങ്കല്‍പത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സംഘാടകരുടെ ഉറപ്പിലാണ് സെമിനാറിനെത്തിയതെന്ന് പിണറായി പറഞ്ഞെങ്കിലും, ബിജെപി ബിഡിജെഎസ് സഖ്യത്തിന്റെ രാഷ്ട്രീയ അജണ്ടയെ നേരിടാന്‍ ഹിന്ദു സംഘടനകളുടെയും ഹിന്ദുസമുദായങ്ങളുടേയും വിശാല സഖ്യത്തെ കൂട്ടുപിടിക്കലാണ് പാര്‍ട്ടിയുടെ പുതിയ നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് പിണറായിയുടെ നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. 2001 മുതല്‍ രൂപീകരിച്ച ഹിന്ദുപാര്‍ലമെന്റിന്റെ രാഷ്ട്രീയകാര്യ വിഭാഗമാണ് ജനസഭ. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമാണ് സംഘപരിവാരത്തിന്റെ മുന്‍കൈയില്‍ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം.
108ലേറെ ഹിന്ദുസമുദായങ്ങള്‍ ഈ പാര്‍ലമെന്റില്‍ അംഗങ്ങളാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചപ്പോള്‍ തന്നെ 108 ഹിന്ദു സംഘടനകള്‍ ചേര്‍ന്ന ഹിന്ദു പാര്‍ലമെന്റ് വെള്ളാപ്പള്ളിയെ പുറത്താക്കിയിരുന്നു. വിശ്വകര്‍മസഭയുടെ പ്രസിഡന്റ് അഡ്വ. പി ആര്‍ ദേവദാസിനെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തു.
ജനസഭ സംഘടിപ്പിച്ച സെമിനാറില്‍ എസ്എന്‍ഡിപി മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. രാജ്യത്ത് മുമ്പെങ്ങുമില്ലാത്തവിധം അസഹിഷ്ണുത വളരുകയാണെന്നും അത് മതേതര സങ്കല്‍പത്തിനും ലോകത്തിന് മുന്നില്‍ ഇന്ത്യ കാഴ്ചവച്ച ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ചിന്താധാരയ്ക്കും മങ്ങലേല്‍പിക്കുന്നതാണെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it