ഹിന്ദു പരിഷത്ത് സമ്മേളനം: വര്‍ഗീയ ധ്രുവീകരണ ശ്രമത്തില്‍ നടപടിയെടുക്കാതെ പോലിസ്‌

കാലടി: ഡോ. പ്രവീണ്‍ തൊഗാഡിയയുടെ ഹിന്ദു പരിഷത്ത് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു നീക്കങ്ങള്‍ നടത്തുന്നതായി സംശയം. കാലടി നാസ് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം നടന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അഖിലേന്ത്യാ സെക്രട്ടറിയായ പ്രതീഷ് വിശ്വനാഥ് കേരളത്തില്‍ ഗുജറാത്ത് മോഡല്‍ വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തിയ വിവരം പുറത്തുവന്നു.
ഹിന്ദു ഹെല്‍പ്‌ലൈന്‍ നേതാവുകൂടിയായ പ്രതീഷ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് തൃശൂല്‍ ദീക്ഷ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആയുധ പരിശീലനത്തിന് ശേഷം തൃശൂലം വിതരണം ചെയ്യുമെന്ന് പ്രതീഷ് വിശ്വനാഥ് തന്റെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിതരണം ചെയ്യുന്ന തൃശൂലങ്ങളുടെ ചിത്രങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഗുജറാത്ത് കലാപത്തില്‍ സംഘപരിവാര സംഘടനകള്‍ ഉപയോഗിച്ച ആയുധങ്ങളില്‍ പ്രധാനം തൃശൂലങ്ങള്‍ ആയിരുന്നു. വിശ്വഹിന്ദു പരിഷത്തില്‍ നിന്നും പിരിഞ്ഞ പ്രവീണ്‍ തൊഗാഡിയ രൂപീകരിച്ച തീവ്രഹിന്ദുത്വ സംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ സായുധ വിഭാഗമാണ് രാഷ്ട്രീയ ബജ്‌രംഗ്ദള്‍. പ്രവീണ്‍ തൊഗാഡിയയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
തങ്ങള്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ മുസ്‌ലിംകള്‍ക്ക് ഒരു സ്ഥാനവും ഉണ്ടാവില്ലെന്നും രാജ്യത്തിന്റെ സായുധ വിഭാഗം പൂര്‍ണമായും ഹിന്ദുക്കളുടെ കൈയിലാവുമെന്നും ഉദ്ഘാടനസമ്മേളനത്തില്‍ തൊഗാഡിയ പറഞ്ഞിരുന്നു.
വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുന്ന ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കാലടി പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് അത് അവഗണിക്കുകയാണുണ്ടായത്.
സമൃദ്ധ ഹിന്ദു, സുരക്ഷിത ഹിന്ദു, സ്വാഭിമാന ഹിന്ദു എന്ന തലക്കെട്ടില്‍ നടത്തിയ പരിപാടിയില്‍ അയോധ്യ, മധുര, കാശി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി, കശ്മീരിനു വേണ്ടി, ഏകീകൃത സിവില്‍കോഡിനു വേണ്ടി, ഗോസംരക്ഷണത്തിനു വേണ്ടി നമുക്കൊരുമിക്കാം തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങള്‍.

Next Story

RELATED STORIES

Share it