ഹിന്ദു അഭയാര്‍ഥികള്‍ക്ക് പൗരത്വം; പൗരത്വ നിയമം ലളിതമാക്കുന്നു

ന്യൂഡല്‍ഹി: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് സൗകര്യമൊരുക്കാന്‍ നിയമഭേദഗതി കൊണ്ടുവരുന്നു. ഇവര്‍ക്ക് രാജ്യത്തെ പൗരത്വം സ്വന്തമാക്കുന്നതിന് വ്യവസ്ഥകള്‍ ലളിതമാക്കുന്നതാണ് ഭേദഗതി. ഇതിനായി 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ജൂലൈ-ആഗസ്ത് മാസങ്ങളിലാണ് മഴക്കാല സമ്മേളനം നടക്കുന്നത്. കരടു ബില്ലിന് മന്ത്രിസഭാ യോഗം ഈ മാസം അംഗീകാരം നല്‍കും. ആഭ്യന്തരമന്ത്രാലയമാണ് ഭേദഗതി ബില്ല് തയ്യാറാക്കുന്നത്.
[related]ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നായി രണ്ടു ലക്ഷം ഹിന്ദു അഭയാര്‍ഥികള്‍ രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 400 പാകിസ്താനി ഹിന്ദു അഭയാര്‍ഥി പാര്‍പ്പിട കേന്ദ്രങ്ങള്‍ തന്നെ വിവിധ ഭാഗങ്ങളിലായുണ്ട്. നിലവിലെ നിയമത്തില്‍ നിരവധി ഇളവുകളാണ് കൊണ്ടുവരുന്നത്. നിലവില്‍ രാജ്യത്തെ പൗരത്വം ലഭിക്കാന്‍ ജനിച്ച രാജ്യത്തിന്റെ ബാധ്യതാ നിരാകരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍, പുതിയ ഭേദഗതിയില്‍ ഇത് ഒഴിവാക്കും.
കുടുംബത്തിലെ ഓരോ അംഗത്തിനും രജിസ്‌ട്രേഷന്‍ ഫീസായി 5000 രൂപ നല്‍കണമെന്ന വ്യവസ്ഥയിലും ഇളവുണ്ട്. ഇത് 100 രൂപയായിരിക്കും. പൗരത്വത്തിനുളള അപേക്ഷ ജില്ലാ മജിസ്‌ട്രേറ്റോ, പോലിസ് സൂപ്രണ്ടോ പരിശോധിക്കണമെന്ന വ്യവസ്ഥയിലും ഇളവുണ്ട്. പൗരത്വം ലഭിക്കുന്നതോടെ ഇവര്‍ക്ക് രാജ്യത്ത് ലഭിച്ചു വളര്‍ന്ന പൗരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ജോദ്പൂര്‍, ജയ്‌സാല്‍മിര്‍, ജയ്പൂര്‍, റായ്പൂര്‍, അഹ്മദാബാദ്, രാജ്‌കോട്ട്, കച്ച്, ഭോപ്പാല്‍. ഇന്‍ഡോര്‍, മുംബൈ, നാഗ്പൂര്‍, പൂനെ, ഡല്‍ഹി, ലഖ്‌നോ എന്നിവിടങ്ങളിലാണ് അഭയാര്‍ഥി ഹിന്ദു പാര്‍പ്പിട കേന്ദ്രങ്ങളുള്ളത്. രാജ്യത്തെ ഹിന്ദു അഭയാര്‍ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികയുന്നതിനുള്ളില്‍ 4000 ഹിന്ദു അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കി. യുപിഎ സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് 1000 പേര്‍ക്ക് മാത്രമായിരുന്നു പൗരത്വം നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it