Flash News

ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപരെ പുറത്താക്കിയത് മോദിയുടെ സമ്മര്‍ദം മൂലം



ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപര്‍ ബോബി ഘോഷിനെ പൊടുന്നനെ പുറത്താക്കിയതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മര്‍ദമാണെന്നു സൂചന. ടൈംസ് ഉടമ ശോഭന ഭാരതിയ ഈയിടെ മോദിയെ സന്ദര്‍ശിച്ചപ്പോള്‍ ടൈംസ് തുടങ്ങിവച്ച ഹേറ്റ് ട്രാക്കര്‍ വെബ്‌സൈറ്റിനെപ്പറ്റി പരാതി പറഞ്ഞതായിട്ടാണ് വിവരം. ഇന്ത്യയിലെ വംശീയമായ ദുഷ്പ്രചാരണം രേഖപ്പെടുത്തുന്ന വെബ്‌സൈറ്റാണ് ഹേറ്റ് ട്രാക്കര്‍. അതില്‍ റിപോര്‍ട്ടു ചെയ്യപ്പെടുന്ന അക്രമ സംഭവങ്ങളില്‍ ബഹുഭൂരിഭാഗവും ഹിന്ദുത്വ സംഘടനകള്‍ നടത്തിയതാണ്. പ്രമുഖ പത്രപ്രവര്‍ത്തകനായ ഘോഷ് ടൈം വാരികയുടെ എഡിറ്ററായിരിക്കുമ്പോഴാണ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ചേരുന്നത്. ഘോഷ് പത്രാധിപരായിരുന്ന 16 മാസങ്ങള്‍ക്കുള്ളില്‍ വിരസമായ റിപോര്‍ട്ടിനു പേരുകേട്ട ടൈംസ് കുറേകൂടി ധീരമായി രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ റിപോര്‍ട്ടു ചെയ്യാന്‍ തുടങ്ങിയിരുന്നു. ടൈംസ് രാഷ്ട്രീയ കാര്യങ്ങള്‍ റിപോര്‍ട്ടു ചെയ്യുന്നതില്‍ കാണിക്കുന്ന നിഷ്പക്ഷത ബിജെപി നേതാക്കളെയും ചില സീനിയര്‍ മന്ത്രിമാരെയും കുപിതരാക്കിയിരുന്നു. ഘോഷ് പുറത്തായതിനുശേഷം ടൈംസ് ഹേറ്റ് ട്രാക്കറിന്റെ പ്രവര്‍ത്തനം തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. മോദി അധികാരത്തില്‍ വന്നശേഷം ഇതാദ്യമായല്ല മാധ്യമങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ജാഗരണ്‍ തുടങ്ങിയ പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ വരുന്ന സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന റിപോര്‍ട്ടുകള്‍ പെട്ടെന്ന് അപ്രത്യക്ഷമായി. ഔട്ട്‌ലുക്കില്‍ അമിത് ഷായുടെ ആസ്തിയെക്കുറിച്ചു വന്ന റിപോര്‍ട്ടും ദോക്‌ലമില്‍ ഇന്ത്യന്‍ നയങ്ങളെ വിമര്‍ശിക്കുന്ന അപഗ്രഥനവുമാണ് മറ്റ് ഉദാഹരണങ്ങള്‍. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സീനിയര്‍ എഡിറ്റര്‍മാരിലൊരാളായ ശിശിര്‍ ഗുപ്ത, ബിജെപിയുടെ നിരീക്ഷകനായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കണോമിക് ടൈംസിന്റെ ഒരു ബിസിനസ് നേതൃത്വ ഉച്ചകോടി  അവസാന നിമിഷം മോദിയും കൂട്ടരും ബഹിഷ്‌കരിച്ചതും സമ്മര്‍ദ തന്ത്രമായിരുന്നു. തുടര്‍ന്നു ഇക്കണോമിക് ടൈംസ് ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ ചില റിപോര്‍ട്ടര്‍മാരെ മൂലക്കിരുത്തുകയും മോദിയുടെ പ്രസംഗശൈലിയെ അനുകരിക്കുന്ന ഒരു റേഡിയോ മിര്‍ച്ചി പ്രോഗ്രാം നിര്‍ത്തലാക്കുകയും ചെയ്തു. ഹിന്ദു പത്രത്തിന്റെ അധിപരായിരുന്ന സിദ്ധാര്‍ഥ് വരദരാജന്‍ സ്ഥാനമൊഴിഞ്ഞതും ബിജെപി സമ്മര്‍ദം മൂലമായിരുന്നു.
Next Story

RELATED STORIES

Share it