ഹിന്ദുസേനാ നേതാവിനെ ഡല്‍ഹിയില്‍ നിന്നു പുറത്താക്കുന്നു

ന്യൂഡല്‍ഹി: നിരവധി കേസുകളില്‍ പ്രതിയായ ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയെ ഡല്‍ഹിയില്‍ നിന്നു പുറത്താക്കുന്നു. രാജ്യതലസ്ഥാനമേഖല (എന്‍സിആര്‍)യില്‍ നിന്നു പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഷ്ണു ഗുപ്തയ്ക്ക് ഡല്‍ഹി പോലിസ് നോട്ടീസയച്ചു. ഈ മാസം 25ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് അഡീഷനല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വിജയ്കുമാര്‍ ആണ് നോട്ടീസയച്ചത്.
നിങ്ങളും നിങ്ങളുടെ സംഘടനയും അപകടകരമാണ്. നിങ്ങളുടെ സാന്നിധ്യം ഡല്‍ഹി നിവാസികള്‍ക്ക് ആപല്‍ക്കരമാണ്. ഭയം കാരണം സാക്ഷികള്‍ നിങ്ങള്‍ക്കെതിരേ മൊഴിനല്‍കാന്‍ ധൈര്യപ്പെടുന്നില്ലെന്നും ഈ മാസം 11ന് അയച്ച നോട്ടീസില്‍ പറയുന്നു.
ഡല്‍ഹിയിലെ നിരവധി ആക്രമണക്കേസുകളില്‍ പ്രതിയായ വിഷ്ണുഗുപ്ത കേരളാ ഹൗസില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന് പോലിസിന് വ്യാജവിവരം നല്‍കിയ കേസില്‍ അറസ്റ്റിലായിരുന്നു. കേരളാ ഹൗസ് കാന്റീനില്‍ അതിക്രമിച്ചു കടക്കുകയും പോലിസിനു തെറ്റായ വിവരം നല്‍കുകയും ചെയ്തതിനാണ് കേസ്. ഡല്‍ഹിയിലെ ബാറക്കമ്പ റോഡിലെ പാകിസ്താന്‍ എയര്‍ലൈന്‍സ് ഓഫിസ് ആക്രമിച്ചതടക്കം അഞ്ചുവര്‍ഷത്തിനിടെ 11 കേസില്‍ പ്രതിയാണ്. കഴിഞ്ഞവര്‍ഷം മാത്രം ഇയാള്‍ രണ്ടുതവണ അറസ്റ്റിലാവുകയും ചെയ്തു.
ഇയാള്‍ അപകടകാരിയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നതിനാലാണ് രാജ്യതലസ്ഥാന മേഖല വിട്ടുപോവാന്‍ ആവശ്യപ്പെടുന്നതെന്നും ഡല്‍ഹി പോലിസ് പറഞ്ഞു. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാവാന്‍ സാധ്യതയുള്ള ആളെ പുറത്താക്കാന്‍ അനുവദിക്കുന്ന ഡല്‍ഹി പോലിസിന്റെ 47ാം വകുപ്പ് പ്രകാരമാണ് നടപടി. ഭഗത്‌സിങ് ക്രാന്തിസേനയുടെ അക്രമങ്ങളിലും ഇയാള്‍ പങ്കാളിയാണ്.
Next Story

RELATED STORIES

Share it