kasaragod local

ഹിന്ദുസമാജോല്‍സവത്തില്‍ കോണ്‍ഗ്രസ് നേതാവ്; പ്രതിഷേധവുമായി അണികള്‍

ബദിയടുക്ക: വിശ്വഹിന്ദുപരിഷത്ത്, ബജ്‌രംഗ്ദള്‍, മാതൃശക്തിയുടെ നേതൃത്വത്തില്‍ 27ന് ബദിയടുക്കയില്‍ നടക്കുന്ന ഹിന്ദുസമാജോല്‍സവ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്നത് പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കി. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് ഹിന്ദു സമാജോല്‍സവം 27ന് ബോളുകട്ട മൈതാനിയില്‍ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് നവജീവന ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും.
മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റും കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ എന്‍ കൃഷ്ണഭട്ട് അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് നേതാവായ സ്വാതി ബാലിക സരത്വതിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
ഒഡിയൂര്‍ ഗുരുദത്ത ഗുരുദേവാനന്ദ സ്വാമിജി, രാമചന്ദ്ര സ്വാമിജി കപില ആശ്രമം, യോഗാനന്ദ സരസ്വതി സ്വാമിജി, ആര്‍എസ്എസ് നേതാവ് പ്രഭാകര ഭട്ട് കല്ലടുക്ക, എം വി പുരാണിക്, കെ പി ഹരിദാസ്, ശരണ്‍ പമ്പുവയല്‍ തുടങ്ങിയ ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിലാണ് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട് സംബന്ധിക്കുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായ സായിറാംഗോപാലകൃഷ്ണഭട്ടിന്റെ മകനാണ് കെ എന്‍ കൃഷ്ണഭട്ട്. ബദിയടുക്ക പഞ്ചായത്ത് ഭരണസമിതിയില്‍ ലീഗിനും കോണ്‍ഗ്രസ്സിനും അഞ്ച് വീതം അംഗങ്ങളാണുള്ളത്. യുഡിഎഫ് തീരുമാന പ്രകാരം കോണ്‍ഗ്രസ്സിലെ കെ എന്‍ കൃഷ്ണഭട്ടിനെ പ്രസിഡന്റാക്കുകയായിരുന്നു.
കേരള-കര്‍ണാടക അതിര്‍ത്തി മേഖലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ആര്‍എസ്എസ് നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്.
കാസര്‍കോട് മണ്ഡലത്തില്‍ മല്‍സരിച്ച് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥിയും ഹിന്ദുഐക്യവേദി ദേശീയ കമ്മിറ്റി അംഗവുമായ രവീശതന്ത്രി കുണ്ടാറിന്റെ നേതൃത്വത്തിലാണ് അതിര്‍ത്തി മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍ ഹിന്ദു മഹോല്‍സവം നടത്തുന്ന പരിപാടിയായതിനാല്‍ താന്‍ സംബന്ധിക്കാമെന്ന് ഏറ്റതാണെന്നും  ബിജെപി ഇല്ലെന്നും കെ എന്‍ കൃഷ്ണഭട്ട് തേജസിനോട് പറഞ്ഞു. ഹിന്ദുവായ തനിക്ക് ഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്. ഇതിന് ആരുടേയും ഔദാര്യം വേണ്ട. ആര്‍എസ്എസ് ബിജെപിയുടെ പോഷക സംഘടനയല്ല.
അതേസമയം ഇന്നലെ വൈകിട്ട് ചേര്‍ന്ന കോണ്‍ഗ്രസ് കാറഡുക്ക ബ്ലോക്ക് യോഗം സംഭവത്തെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അതേസമയം കെ എന്‍ കൃഷ്ണഭട്ട് ആര്‍എസ്എസ് സ്‌പോണ്‍സേര്‍ഡ് പരിപാടിയില്‍ ധാരണക്ക് വിരുദ്ധമായി പങ്കെടുത്താല്‍ ഇദ്ദേഹത്തിനെതിരേ അവിശ്വാസം കൊണ്ടുവരാന്‍ ലീഗിലെ ഒരു വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it