ഹിന്ദുത്വര്‍ പ്രതികളാവുമ്പോള്‍

ത്വാഹാ ഹാശ്മി
ഹിന്ദുത്വര്‍ നിയമലംഘകരും പ്രതികളുമാവുന്ന സംഭവങ്ങളില്‍ പോലിസ് സേനയും അന്വേഷണസംഘങ്ങളും പക്ഷപാതപരമായി ഇടപെടുന്നതിന്റെയും പ്രോസിക്യൂഷന്‍ ദുര്‍ബലമാകാന്‍ ശ്രമിക്കുന്നതിന്റെയും നീതിന്യായവ്യവസ്ഥ വിവേചനപരമായി പെരുമാറുന്നതിന്റെയും ഉച്ചാവസ്ഥയാണ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസ് വിധി വ്യക്തമാക്കിത്തരുന്നത്.
2007 മെയ് 18ന് ഹൈദരാബാദ് മക്കാ മസ്ജിദില്‍ അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകര്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. പ്രതികളായി പിടിക്കപ്പെട്ടവരെ ഭീകരവിരുദ്ധ കോടതി കുറ്റവിമുക്തരായി പ്രഖ്യാപിച്ചു. സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രാത്വേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരെയാണ് അവര്‍ സ്‌ഫോടനത്തില്‍ പങ്കാളികളായതിനു തെളിവു സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനു കഴിയാതെ വന്നിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ രവീന്ദര്‍ റെഡ്ഡി വെറുതെ വിട്ടത്.
ആറേഴു വര്‍ഷമായി ഹിന്ദുത്വ ഭീകരര്‍ ദേശവ്യാപകമായി പ്രവര്‍ത്തിച്ചു മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും ശരിയായ പാതയിലല്ല സഞ്ചരിക്കുന്നത്. ഒരു അത്യാഹിതം ഉണ്ടായാല്‍ ഉടനെത്തന്നെ ജിഹാദി ഗ്രൂപ്പുകള്‍’ആരോപണവിധേയമാവുന്നു. കുറ്റവാളികള്‍ ജിഹാദികളാണെന്ന പ്രചാരണം അഴിച്ചുവിടാന്‍ സുരക്ഷാസേനയും കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങളും സര്‍വ പിന്തുണയും നല്‍കുന്നു. സംജോത എക്‌സ്പ്രസ് സ്‌ഫോടനം (ഫെബ്രുവരി 2007), മക്കാ മസ്ജിദ് സ്‌ഫോടനം (മെയ് 2007), അജ്മീര്‍ ദര്‍ഗ സ്‌ഫോടനം (ഒക്ടോബര്‍ 2007) എന്നിവ ഉള്‍പ്പെട്ട നിരവധി സംഭവങ്ങളില്‍ താനും സഹകാരികളും പങ്കെടുത്തുവെന്ന് കുറ്റസമ്മതം നടത്തിയ അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെയാണ് കുറ്റവിമുക്തരാക്കിയത്.
അസീമാനന്ദയുടെ വാക്കുകള്‍ കാണുക: ''നിരവധി യോഗങ്ങള്‍ക്കു ശേഷം ഹൈദരാബാദ്, മലേഗാവ്, അജ്മീര്‍ ശരീഫ്, അലിഗഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ 2008 മെയ് മാസത്തില്‍ തീരുമാനമെടുത്തു. ആദ്യം സ്‌ഫോടനം നടത്തേണ്ടത് മലേഗാവിലാണെന്ന് ഞാന്‍ നിര്‍ദേശിച്ചു. കാരണം, ഞങ്ങള്‍ക്കടുത്തുള്ള പ്രദേശമായിരുന്നു അത്. കൂടാതെ ജനസംഖ്യയില്‍ 80 ശതമാനവും മുസ്‌ലിംകളാണ്. ഇന്ത്യ സ്വതന്ത്രമായ സന്ദര്‍ഭത്തില്‍ ഹൈദരാബാദ് പാകിസ്താനോടൊപ്പം ചേരണമെന്നാണ് നൈസാം വാദിച്ചത്. അതിനാല്‍, ബോംബ് സ്‌ഫോടനം നടത്തി ഹൈദരാബാദിനെയും ഒരു പാഠം പഠിപ്പിക്കണം. നിരവധി മുസ്‌ലിം യുവാക്കള്‍ പഠിക്കുന്ന അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ബോംബ് വയ്ക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. എന്റെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കപ്പെട്ടു.''
ഈ കുറ്റസമ്മതം തന്നെ മതിയായ തെളിവായിരുന്നിട്ടും അസീമാനന്ദ ഉള്‍പ്പെടെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു.
ഇന്ത്യയില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളിലും വര്‍ഗീയ ലഹളകളിലും ഇരകളാക്കപ്പെട്ടവര്‍ മുസ്‌ലിംകളാണ്. അവരുടെ ജീവിതമാണ് തകര്‍ക്കപ്പെട്ടത്. അവരുടെ സ്ഥാപനങ്ങളും സംരംഭങ്ങളുമാണ് കൊള്ളയടിക്കപ്പെട്ടത്. എന്നാല്‍, ആക്രമണങ്ങളുടെ ആസൂത്രണവും പ്രയോഗവും ഇരകളായ മുസ്‌ലിംകളുടെ മേല്‍ തന്നെയാണ് ചാര്‍ത്തിയത്. ഇങ്ങനെ നിരപരാധികളെ കുറ്റവാളികളാക്കി മുദ്രയടിക്കല്‍ രാജ്യത്ത് ഒരു അംഗീകൃത രീതിയായി പിന്തുടര്‍ന്നുവരുന്നു. മക്കാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടും അന്വേഷണം ആ മാതൃകയിലാക്കാനായിരുന്നു ശ്രമം. 700 മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. ശഹീദ് ബിലാലിന്റെ നേതൃത്വത്തിലാണ് സ്‌ഫോടനമെന്നു വരുത്തിത്തീര്‍ക്കാന്‍ പോലിസും അന്വേഷണസംഘങ്ങളും ഹീനതന്ത്രങ്ങള്‍ അവലംബിച്ചു.
1925ല്‍ ആര്‍എസ്എസ് രൂപീകരിച്ച ഹെഡ്‌ഗേവാറിനും 1937ല്‍ ബോണ്‍സാലെ മിലിറ്ററി അക്കാദമി സ്ഥാപിച്ച ഡോ. മൂന്‍ജേക്കും പ്രേരണയും പ്രചോദനവുമായി വര്‍ത്തിച്ചത് 1905ല്‍ പൂനെയില്‍ അഭിനവ് ഭാരത് സ്ഥാപിച്ച സവര്‍ക്കറാണ്. വിധ്വംസക പ്രവര്‍ത്തനങ്ങളായിരുന്നു അഭിനവ് ഭാരതിന്റെ രൂപീകരണ ലക്ഷ്യങ്ങള്‍. അവര്‍ണ ജനവിഭാഗങ്ങളുടെ തനിമയും സവിശേഷതയും പൊഴിച്ചുകളഞ്ഞ് അവരുടെ മേല്‍ ഹിന്ദുത്വ മുദ്ര അടിച്ചേല്‍പിക്കാന്‍ അഭിനവ് ഭാരതിന്റെ മുന്‍കൈയില്‍ ശ്രമങ്ങളുണ്ടായി. ഹിന്ദുക്കളെ സൈനികവല്‍ക്കരിക്കുക, സൈന്യത്തെ ഹിന്ദുത്വവല്‍ക്കരിക്കുക എന്ന ലക്ഷ്യം വിജയിപ്പിച്ചെടുക്കാനും ആ വിധ്വംസക സംഘം പ്രതിജ്ഞാബദ്ധമായിരുന്നു.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന ബോംബ് സ്‌ഫോടനങ്ങളും മറ്റു ഭീകരപ്രവര്‍ത്തനങ്ങളും അഭിനവ് ഭാരതും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നു സംഘടിപ്പിച്ചതാണെന്ന് മുന്‍ പോലിസ് ഉദ്യോഗസ്ഥനായ എസ് എം മുശ്‌രിഫ് പ്രസ്താവിച്ചിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളായാലും സ്‌ഫോടനങ്ങളായാലും കൃത്യമായ ലക്ഷ്യങ്ങള്‍ അവയുടെ പിന്നിലുണ്ടായിരുന്നു. ചിലത് മുസ്‌ലിംകളുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കാനായിരുന്നു. ചിലത് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനായിരുന്നു.
ഹൈദരാബാദില്‍ മക്കാ മസ്ജിദ് സ്‌ഫോടനത്തിനു തിരഞ്ഞെടുത്തത് രാഷ്ട്രീയ ലക്ഷ്യം ഉന്നംവച്ചുകൊണ്ടായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംവരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അവലംബിച്ച നയം മുസ്‌ലിംവിരുദ്ധമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മൂവ്‌മെന്റ് ഓഫ് പീസ് ആന്റ് ജസ്റ്റിസ് 2007 മെയ് 31ന് ഇന്ദിര പാര്‍ക്കില്‍ ഒരു റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. റാലി മുസ്‌ലിംകളുടെ രാഷ്ട്രീയമായ ഉണര്‍വിനു പ്രചോദനമായിത്തീരുമെന്ന് ഭയപ്പെട്ട അധികാരികള്‍ എന്തു വില കൊടുത്തും അത് നടത്താതിരിക്കാന്‍ ശ്രമിച്ചു. റാലി നടത്തിയാല്‍ സ്‌ഫോടനങ്ങള്‍ നടത്തുമെന്ന് താക്കീതു ചെയ്തുകൊണ്ടുള്ള ഊമക്കത്തുകള്‍ മൂവ്‌മെന്റ് ഓഫ് പീസ് ആന്റ് ജസ്റ്റിസിന്റെയും ജംഇയ്യത്ത് ഉലമയുടെയും ഓഫിസുകളില്‍ ലഭിക്കുകയുണ്ടായി. റാലിക്ക് രണ്ടാഴ്ച മുമ്പാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്.
ഹിന്ദുത്വര്‍ പ്രതികളായി പിടിക്കപ്പെട്ട സംഭവങ്ങളിലൊക്കെ അവര്‍ കുറ്റവിമുക്തരായി പ്രഖ്യാപിക്കപ്പെടുന്നു. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി അരങ്ങേറിയ നരമേധങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തവര്‍ക്ക് എന്തു സംഭവിച്ചുവെന്നു മാത്രം പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാവും. വഡോദരയിലെ ബെസ്റ്റ് ബേക്കറി അഗ്നിക്കിരയാക്കിയ സംഭവത്തില്‍ 14 പേരാണ് അഗ്നിക്കിരയായത്. 21 പേരെ പ്രതികളായി പിടിച്ചെങ്കിലും എട്ടു പേരെ വെറുതെ വിട്ടു. ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് ഒമ്പതു പേര്‍ക്കു മാത്രം.
സര്‍ദാര്‍പുര കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പിടികൂടിയ 73 പേരില്‍ 42 പേരെ കുറ്റവിമുക്തരായി പ്രഖ്യാപിച്ചു. മറ്റുള്ളവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്‌രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, ആ ആവശ്യം കോടതി തള്ളി. പ്രതികളില്‍ 16 പേരെ കുറ്റവിമുക്തരാക്കി. 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കര്‍സേവകര്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിന്‍ ഗോധ്രയില്‍ വച്ച് ആക്രമിക്കപ്പെടുകയും 89 പേരുടെ മരണത്തിന് ഇടയാവുകയും ചെയ്ത സംഭവത്തില്‍ ഫോറന്‍സിക് റിപോര്‍ട്ട് എതിരായിട്ടും 11 പേര്‍ക്ക് വധശിക്ഷ നല്‍കി.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഗോധ്രാ സംഭവത്തില്‍ മാത്രമാണ് കോടതി പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചത്. നരോദപാട്യ കൂട്ടക്കൊലയില്‍ 97 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. അതിനു നേതൃത്വം കൊടുത്ത മായാ കോട്‌നാനിയെ കീഴ്‌ക്കോടതി 28 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് ഹൈക്കോടതി അവരെ വെറുതെ വിട്ടു.
ആദ്യമാദ്യം ഹിന്ദുത്വര്‍ രാഷ്ട്രീയാധികാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം അവരുടെ നിഗൂഢമായ കാര്യപരിപാടികള്‍ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്തു. മത-ഭാഷാ ന്യൂനപക്ഷങ്ങളുമായും ഉപദേശീയതകളുമായും ബന്ധപ്പെട്ട വിഷയങ്ങളിലും മതപരിവര്‍ത്തനം, ബാബരി മസ്ജിദ്, വര്‍ഗീയ ലഹളകള്‍ എന്നീ പ്രശ്‌നങ്ങളിലും പലപ്പോഴും ഹിന്ദുത്വ സംഘടനകളുടെ മാതൃകയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. റാഞ്ചിയിലും ഭീവണ്ടിയിലും അഹ്മദാബാദിലും ഭാഗല്‍പൂരിലും മീറത്തിലും കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് മുസ്‌ലിംവിരുദ്ധ കലാപങ്ങള്‍ നടന്നു.
1969ലെ ജംഷഡ്പൂര്‍ കലാപത്തിനു പിന്നില്‍ ഹിന്ദു ധര്‍മ സമിതിയാണ് പ്രവര്‍ത്തിച്ചതെന്ന യാഥാര്‍ഥ്യം ജഗ്‌മോഹന്‍ റെഡ്ഡി കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. 1971ലെ ഭീവണ്ടി കലാപം രാഷ്ട്രീയ ഉത്സവ് മണ്ഡലിന്റെ സൃഷ്ടിയായിരുന്നു. 1992ലെ ബോംബെ കലാപം ശിവസേന ആസൂത്രണം ചെയ്തതാണെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി. ഈ ലഹളകള്‍ക്ക് നേതൃത്വം കൊടുത്ത സംഘടനകള്‍ക്കെതിരേ നടപടിയെടുക്കാനോ അവയില്‍ പങ്കെടുത്ത വ്യക്തികളെ ശിക്ഷിക്കാനോ കോണ്‍ഗ്രസ് തയ്യാറായില്ല.              ി

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it