Flash News

ഹിന്ദുത്വര്‍ നടത്തിയ സ്‌ഫോടന പരമ്പരകളിലെ പ്രതി സുരേഷ് നായര്‍ക്കെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

കൊച്ചി: 10 വര്‍ഷം മുമ്പ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശി സുരേഷ് നായര്‍ക്കെതിരായ അന്വേഷണം പൂര്‍ണമായും അവസാനിപ്പിക്കാന്‍ നീക്കം. രാജ്യത്തെ നടുക്കിയ ഏഴു സ്‌ഫോടന സംഭവങ്ങളില്‍ നാലു കേസുകളിലെ മുഖ്യപ്രതിയാണു സുരേഷ് നായര്‍.
സ്‌ഫോടന പരമ്പരകളില്‍ 124 പേര്‍ കൊല്ലപ്പെടുകയും 293 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ല്‍ എന്‍ഐഎ ഏറ്റെടുത്തതാണ് കേസുകള്‍. ദുര്‍ബലമായ അന്വേഷണം നടത്തി സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അസീമാനന്ദയെ മക്കാമസ്ജിദ് സ്‌ഫോടനക്കേസില്‍ ഈയിടെയാണ് കോടതി വെറുതെവിട്ടത്. വിധിന്യായത്തിലെ ചില പരാമര്‍ശങ്ങളും പ്രത്യേക കോടതി ജഡ്ജിയുടെ രാജിയും വിവാദമായി. പ്രതികളെ രക്ഷപ്പെടുത്താന്‍ എന്‍ഐഎ പ്രത്യേകം ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
ആര്‍എസ്എസിന്റെ കേന്ദ്രസമിതി അംഗമായ ഇന്ദ്രേഷ് കുമാറിനും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനും സ്‌ഫോടന പരമ്പരയില്‍ പങ്കുള്ളതായി കോടതിയില്‍ അസീമാനന്ദ മൊഴി നല്‍കി. പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു. മൂന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരും പാകിസ്താനികളുമടക്കം 68 പേര്‍ കൊല്ലപ്പെട്ട സംജോത സ്‌ഫോടനത്തിനു പിന്നിലും 2007 ഒക്ടോബര്‍ 11നു അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടന പരമ്പരയ്ക്കു പിന്നിലും നായര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. അധികൃതര്‍ 2011ല്‍ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച സുരേഷ് നായര്‍ക്കെതിരേ ഒരന്വേഷണവും പിന്നീട് നടന്നില്ല എന്നാണു വ്യക്തമാവുന്നത്. 2011ല്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെടുത്തി എന്‍ഐഎയുടെ വെബ്‌സൈറ്റില്‍ പുറത്തുവിട്ട വിവരത്തില്‍ ഗുജറാത്തിലെ ഡാകര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ഫഌറ്റിന്റെ വിലാസം മാത്രമാണു നല്‍കിയത്.
എന്നാല്‍ എന്‍ഐഎ ഏറ്റെടുത്ത് ഏഴു വര്‍ഷം കഴിഞ്ഞിട്ടും സുരേഷ് നായരെ തിരിച്ചറിയാനുള്ള ഒരു വിവരം പോലും അധികൃതര്‍ക്കു ലഭിച്ചില്ല. എന്‍ഐഎയുടെ ഏറ്റവും പുതിയ ലിസ്റ്റിലും നായരുടെ പേരുണ്ട്. കൊയിലാണ്ടി പേലിയക്കടുത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നു ഗുജറാത്തിലേക്ക് ഏതാനും വര്‍ഷം മുമ്പ് പോയി എന്ന് പറയപ്പെടുന്ന സുരേഷ് നായരുടെ കൊയിലാണ്ടിയിലെ ഒരു വിലാസവും ലുക്ക് ഔട്ട് നോട്ടീസില്‍ കാണാന്‍ കഴിയില്ല.
ഒരു ദാമോദരന്‍ നായരുടെ മകന്‍ എന്ന് മാത്രം പറഞ്ഞ് റിവാര്‍ഡ് പ്രഖ്യാപിച്ച് അന്വേഷണ പ്രഹസനമാണ് എന്‍ഐഎ ഇതുവരെ നടത്തിയതെന്നാണു മനസ്സിലാക്കുന്നത്. ഇയാളുടെ സംഘടനയെക്കുറിച്ച് പരാമര്‍ശിക്കുന്ന കോളത്തില്‍ ഒരു ഭീകരസംഘം എന്നു മാത്രമാണു ചേര്‍ത്തിരിക്കുന്നത്. അതേയവസരത്തില്‍ കൂട്ടുപ്രതിയും സ്‌ഫോടനക്കേസില്‍ എന്‍ഐഎ 10 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചയാളുമായ സന്ദീപ് ഡാങ്കേയുടെ വിശദവിവരം എന്‍ഐഎയുടെ വെബ് സൈറ്റില്‍ കാണാം. സ്‌ഫോടന പരമ്പര കേസിലെ മറ്റൊരു പ്രതിയായ ആര്‍എസ്എസ് നേതൃത്വവുമായി ബന്ധമുണ്ടായിരുന്ന പ്രചാരക് സുനില്‍ ജോഷി 2007 ഡിസംബറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതുപോലെ ദേശീയ അന്വേഷണ ഏജന്‍സി തിരയുന്നു എന്നു പറയുന്ന മറ്റു ചില പ്രതികളും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായിട്ടുമുണ്ട്. കേരളത്തിലെ ഏത് പെറ്റി കേസിലും പ്രതികളുടെ കുടുംബ പാരമ്പര്യം പോലും ശേഖരിച്ച് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ പ്രത്യേക ഫയലില്‍ ശേഖരിക്കുന്ന കേരള പോലിസ്, 124 പേരെ സ്‌ഫോടനത്തിലൂടെ വധിച്ച കൊടുംക്രിമിനലിനെ പറ്റി ഒരു വിവരവും ശേഖരിച്ചിട്ടില്ല എന്നതാണ് മറ്റൊരു വിരോധാഭാസം.
കേരളത്തിലെ ആര്‍എസ്എസ് നേതാക്കന്മാരുമായും ഗുജറാത്തില്‍ ജോലി ചെയ്യുന്ന മലയാളികളുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന സുരേഷ് നായര്‍ക്കെതിരായ അന്വേഷണം ആര്‍എസ്എസ് നേതൃത്വം തടയുകയാണ് എന്നാണു സൂചന.
Next Story

RELATED STORIES

Share it