ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം പോരടിക്കരുത്: പ്രധാനമന്ത്രി

മുഹമ്മദ്  സാബിത്

പട്‌ന: രാജ്യത്ത് ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം പോരാടുകയല്ല,  മറിച്ച് പൊതുശത്രുവായ ദാരിദ്ര്യത്തിനെതിരേ ഒന്നിച്ചു പൊരുതുകയാണ് വേണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നവാഡയില്‍ നടത്തിയ പ്രസംഗത്തിലാണ് തന്റെ മുന്‍ പ്രസംഗങ്ങളില്‍ നിന്നു വ്യത്യസ്തമായി സാമുദായിക ഐക്യത്തിനായി മോദി ആഹ്വാനം ചെയ്തത്. യു.പിയിലെ ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട ശേഷം സംഭവവുമായി ബന്ധപ്പെട്ട് മോദി നടത്തുന്ന പ്രസ്താവന കൂടിയാണിത്്.

എന്നാല്‍, ദാദ്രി പ്രത്യേകം പരാമര്‍ശിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധപുലര്‍ത്തി. പകരം ബഹുസ്വരതയും സഹിഷ്ണുതയും അടക്കമുള്ള രാജ്യത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന രാഷ്ട്രപതിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തെ ഉദ്ധരിക്കുകയായിരുന്നു. മുസ്‌ലിംകളോടാണോ ദാരിദ്ര്യത്തോടാണോ പോരാടേണ്ടതെന്ന് ഹിന്ദുക്കള്‍ തീരുമാനിക്കണം. അതുപോലെ ഹിന്ദുക്കളോടാണോ ദാരിദ്ര്യത്തോടാണോ പൊരുതേണ്ടതെന്ന് മുസ്‌ലിംകളും തീരുമാനിക്കണം. ഇരുവിഭാഗവും ഒന്നിച്ചു ദാരിദ്ര്യത്തിനെതിരേ പൊരുതുകയാണ് വേണ്ടത്. രാജ്യം ഒറ്റക്കെട്ടായി നിലനില്‍ക്കേണ്ടതുണ്ട്. ഒരുമയും സാമുദായിക സൗഹാര്‍ദവും സാഹോദര്യവും സമാധാനവുമാണ് രാജ്യത്തെ മുന്നോട്ടുനയിക്കുക. ചില രാഷ്ട്രീയനേതാക്കള്‍ രാഷ്ട്രീയലാഭങ്ങള്‍ക്കു വേണ്ടി നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കണം. അത്തരം പ്രസ്താവനകള്‍ക്കു ശ്രദ്ധ കൊടുക്കരുത്.

മോദി തന്നെയാണ് അത്തരം പ്രസ്താവനകള്‍ നടത്തുന്നതെങ്കില്‍ പോലും അവ അവഗണിക്കണം. എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു സന്ദേശമുണ്ടെങ്കില്‍ അത് ഇന്നലെ രാഷ്ട്രപതി നല്‍കിയ സന്ദേശമാണ്. അദ്ദേഹം പറഞ്ഞതിനേക്കാള്‍ വലിയൊരു സന്ദേശമില്ല. അതിനേക്കാള്‍ വലിയൊരു നേര്‍മാര്‍ഗമില്ല. അതിനേക്കാള്‍ വലിയ പ്രചോദനമില്ലെന്നും മോദി പറഞ്ഞു. എന്നാല്‍, ഇന്നലെത്തന്നെ മറ്റു തിരഞ്ഞെടുപ്പു യോഗങ്ങളില്‍ മോദിയുടെ പ്രസംഗങ്ങള്‍ സാമുദായികമായിരുന്നു.
Next Story

RELATED STORIES

Share it