Flash News

ഹിതപരിശോധനാ ഫലം : യൂറോപ്യന്‍ കോടതിയുടെ അധികാര പരിധിയില്‍ പെടില്ലെന്ന് തുര്‍ക്കി



ആങ്കറ: പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഹിതപരിശോധനാ ഫലത്തെ ചോദ്യംചെയ്യാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിക്ക് അധികാരമില്ലെന്ന് തുര്‍ക്കി നിയമകാര്യമന്ത്രി ബെക്കിര്‍ ബോസ്ടാഗ്. ഇത് യൂറോപ്യന്‍ കോടതിയുടെ അധികാര പരിധിയില്‍ പെടുന്ന കാര്യമല്ല. ഫലം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം തുര്‍ക്കി ഭരണഘടനാ കോടതി തള്ളിയതാണെന്നും മന്ത്രി പ്രതികരിച്ചു. ഹിതപരിശോധനാ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കിയിലെ മുഖ്യ പ്രതിപക്ഷമായ സിഎച്ച്പി ഭരണഘടനാ കോടതിയിലും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലും അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിറകെയാണ് അധികാര പരിധി സംബന്ധിച്ച പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. ഇത്തരമൊരു അപ്പീല്‍ ഭരണഘടനാ കോടതിക്കു തള്ളിക്കളയുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലെന്നും മന്ത്രി ബെക്കിര്‍ ബോസ്ടാഗ് പറഞ്ഞു. ഹിതപരിശോധനയെ വിമര്‍ശിച്ച യൂറോപ്യന്‍ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തിന്റെ നടപടിക്കെതിരേയും ബോസ്ടാഗ് കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഹിതപരിശോധനയില്‍ മുദ്ര വയ്ക്കാത്ത ബാലറ്റ് അടക്കം ഉപയോഗിച്ചെന്ന നീരീക്ഷകരുടെ ആരോപണം ബാലിശമാണെന്നും മന്ത്രി പ്രതികരിച്ചു.
Next Story

RELATED STORIES

Share it