ഹിജാബ് ധരിച്ചതിനാല്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; സിബിഎസ്ഇ ഡയറക്ടര്‍ക്ക് ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ്

തിരുവനന്തപുരം: ഓള്‍ ഇന്ത്യ പ്രിലിമിനറി മെഡിക്കല്‍ ടെസ്റ്റിന് ഹിജാബ് ധരിച്ചതിനാല്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന കരുനാഗപ്പള്ളി സ്വദേശിനി ആലിയ ഫര്‍സാനയുടെ പരാതിയില്‍ ന്യൂനപക്ഷകമ്മീഷന്‍ സിബിഎസ്ഇ ഡയറക്ടറില്‍നിന്നു വിശദീകരണം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മെഡിക്കല്‍ ടെസ്റ്റിന് മുഖമക്കന അഴിച്ചുവയ്ക്കണമെന്ന അധികൃതരുടെ ശാഠ്യം മൂലം പരാതിക്കാരിക്കു പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല.
ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാന്‍ മുഖമക്കനയില്‍ ചെവികൂടി കാണത്തക്ക രീതിയില്‍ ഫോട്ടോ എടുത്തു നല്‍കണമെന്ന കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടിഒയുടെ നിര്‍ദേശത്തിനെതിരേ ആലിയ ഫര്‍സാന സമര്‍പ്പിച്ച പരാതിയില്‍ മുഖമക്കനയുള്ള ഫോട്ടോ സ്വീകരിക്കണമെന്നു നിര്‍ദേശം നല്‍കി.
ബ്രഹ്മോസ് കമ്പനി അധികൃതര്‍, ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ തന്നെയും സഹപ്രവര്‍ത്തകനെയും നടപടികളെടുത്ത് പീഡിപ്പിക്കുന്നുവെന്ന ബ്രഹ്മോസ് എയറോസ്‌പേസ് ഫാബ്രിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നീഷ്യന്‍ ഷജിം പി സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ പരാതിക്കാരനില്‍നിന്നു മൊഴി രേഖപ്പെടുത്തി. ബ്രഹ്മോസ് എംപ്ലോയ്‌മെന്റ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ഉല്ലാസ് കുമാറും കമ്മീഷനില്‍ മൊഴി നല്‍കി. കേസ് കമ്മീഷന്‍ ഉത്തരവിനു മാറ്റി.
ഒഴിവുള്ള ഡ്രൈവര്‍ തസ്തികകള്‍ റിപോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന എ ഷാഷ്ഖാന്റെ പരാതിയില്‍ കമ്മീഷന്‍ നിര്‍ദേശപ്രകാരം ഹൗസിങ് ബോര്‍ഡ്, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങള്‍ അവരുടെ സ്ഥാപനങ്ങളിലെ തസ്തികകളുടെ വിശദവിവരം കമ്മീഷനു മുമ്പില്‍ സമര്‍പ്പിച്ചു. കേരള യൂനിവേഴ്‌സിറ്റി യൂനിയനിലെ സെനറ്റിലേക്ക് 2015ല്‍ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്കിടെ റിട്ടേണിങ് ഓഫിസര്‍ കൂടിയായിരുന്ന ഡോ. എ മുഹമ്മദ് ബഷീറിനെ എസ്എഫ്‌ഐ നേതാവ് ബാലമുരളിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് മെക്ക തിരുവ—നന്തപുരം ജില്ലാ സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ എതിര്‍കക്ഷിക്കു നോട്ടീസ് നല്‍കി.
ആരാധനാലയ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം ഹെവന്‍ലി ഫീസ്റ്റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ കോട്ടയം ജില്ലാ പോലിസ് മേധാവി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ ശ്രീകാന്ത് എന്നിവരില്‍നിന്ന് തെളിവെടുത്തു.
സിറ്റിങില്‍ ആകെ 27 കേസുകള്‍ പരിഗണിച്ചു. ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, മെംബര്‍ അഡ്വ. കെ പി മറിയുമ്മ, അഡ്വ. വി വി ജോഷി, വി എ മോഹന്‍ലാല്‍ (മെംബര്‍ സെക്രട്ടറി) സംബന്ധിച്ചു.
Next Story

RELATED STORIES

Share it