ഹാഷിം-ഹബീബ ദമ്പതികളുടെ തിരോധാനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍

കോട്ടയം: അറുപറ ഒറ്റക്കണ്ടത്തില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഹാഷിം (43), ഭാര്യ ഹബീബ (37) എന്നിവരുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ബന്ധുക്കളും ആവശ്യപ്പെട്ടു. 2017 ഏപ്രില്‍ ആറിന് രാത്രി 9.15ന് ഭക്ഷണം വാങ്ങാനായി പുറത്തുപോയ ഇരുവരെയും കാണാതാവുകയായിരുന്നു. ലോക്കല്‍ പോലിസിന്റെ അന്വേഷണത്തിനു ശേഷം കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടും യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. കേസന്വേഷണം നിലച്ചിരിക്കുകയാണോയെന്നു സംശയമുണ്ട്.
കേസിന്റെ തുടക്കത്തില്‍ ലോക്കല്‍ പോലിസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. പുതിയ കാറും ഹബീബയുടെ ശരീരത്തില്‍ 12 പവനോളം സ്വര്‍ണവുമുണ്ടായിരുന്ന സാഹചര്യത്തില്‍ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാവാനും സാധ്യതയുണ്ട്.
നേവിയുടെ സംഘമെത്തി ലക്ഷ്യബോധമില്ലാത്ത തിരച്ചിലുകള്‍ നടത്തി മടങ്ങി. അജ്മീറില്‍ ദമ്പതികളുടെ സാമ്യമുള്ളവരെ കണ്ടുവെന്നതു പോലിസ് പ്രചരിപ്പിച്ചതാണ്. ഇതുവരെയായും യാതൊരു തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നു ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു ഹാഷിമിന്റെ പിതാവ് അബ്്ദുല്‍ ഖാദര്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം എസ് ബഷീര്‍, കണ്‍വീനര്‍ റൂബി ചാക്കോ, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് പി എ അബ്ദുല്‍ കരിം, വാര്‍ഡ് അംഗം താരാ സാബു, ഹാഷിമിന്റെ പിതാവ് അബ്്ദുല്‍ ഖാദര്‍, സഹോദരന്‍ സാദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.






Next Story

RELATED STORIES

Share it