ഹാഷിംപുര കൂട്ടക്കൊല: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: ഹാഷിംപുര കൂട്ടക്കൊല കേസില്‍ പ്രതികളെന്നു കണ്ടെത്തിയ പോലിസുകാരെ വെറുതെവിട്ട വിചാരണക്കോടതി വിധിയില്‍ ഇടപെടാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ആര്‍ കെ ഗൗബ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി.
28 വര്‍ഷം പഴക്കമുള്ള കൂട്ടക്കൊല കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് 25നാണ് കമ്മീഷന്‍ കോടതിയെ സമീപിച്ചത്. കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ക്രൂരവും ഭീകരവുമായ കസ്റ്റഡി കൊലപാതകമാണ് ഹാഷിംപുരയില്‍ നടന്നതെന്നും കമ്മീഷന്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. മാര്‍ച്ച് 21നാണ് കേസില്‍ പ്രതികളായ ഉത്തര്‍പ്രദേശിലെ പ്രത്യേക പോലിസ് സായുധസേനയായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോസ്റ്റാബുലറി (പിഎസി)യിലെ 16 ഉദ്യോഗസ്ഥരെ വിചാരണക്കോടതി വെറുതെവിട്ടത്. ഹരജിയില്‍ അടുത്തവര്‍ഷം ഫെബ്രുവരി 17നു കൂടുതല്‍ വാദം കേള്‍ക്കും. സംഭവത്തില്‍ പങ്കാളികളായ എല്ലാ കക്ഷികളുടെയും വാദങ്ങള്‍ വിശദമായി കേള്‍ക്കേണ്ടതുണ്ടെന്ന് നേരത്തെ കേസ് പരിഗണിച്ച കോടതി അഭിപ്രായപ്പെട്ടിരുന്നു.
1987 മെയ് 22, 23 തിയ്യതികളിലാണ് ഉത്തര്‍പ്രദേശിലെ മീററ്റിനടുത്തുള്ള ഹാഷിംപുരയില്‍ നിന്ന് പിഎസി പിടികൂടിയ 50 മുസ്‌ലിം യുവാക്കളില്‍ 42 പേരെ വെടിവച്ചുകൊന്നത്. കൃത്യം നടത്തിയ പോലിസ് തന്നെ മൃതദേഹങ്ങള്‍ പ്രദേശത്തെ കനാലില്‍ ഉപേക്ഷിക്കകയായിരന്നു. സംഭവത്തിനു ശേഷം ഒമ്പതു വര്‍ഷം പിന്നിട്ട് 1996ലാണ് ഗാസിയാബാദ് ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സുപ്രിംകോടതി നിര്‍ദേശപ്രകാരം വിചാരണ ഡല്‍ഹിയിലേക്കു മാറ്റിയതോടെയാണ് കേസ് നടപടികള്‍ മുന്നോട്ടുപോവാന്‍ തുടങ്ങിയത്. 2006ല്‍ 19 പേരെ കുറ്റക്കാരാണെന്നു കണ്ടെത്തിയെങ്കിലും അതില്‍ ജീവിച്ചിരിക്കുന്ന 16 പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി ഈ വര്‍ഷം വിട്ടയക്കുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരേ യുപി സര്‍ക്കാര്‍ നല്‍കിയ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it