ഹാഷിംപുര കൂട്ടക്കൊലയ്ക്ക് 30 വര്‍ഷം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊലയായ ഹാഷിംപുര കൂട്ടക്കുരുതിക്ക് 30 വര്‍ഷം. 1987 മെയ് 22നാണ് ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്‌ലിം യുവാക്കളെ പ്രൊവിഷനല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) കസ്റ്റഡിയിലെടുത്ത് കനാലിനരികില്‍ കൊണ്ടുപോയി വെടിവച്ചുകൊന്നത്. 30 വര്‍ഷത്തിനുശേഷവും ഇരകള്‍ക്ക് കേസില്‍ നീതികിട്ടിയില്ല. മീറത്തില്‍ വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ നടക്കുന്നതിനിടെയാണ് കൂട്ടക്കൊല നടക്കുന്നത്. മീറത്തില്‍ നിന്നും ഹാഷിംപുരയില്‍ നിന്നുമായി 600നും 700നും ഇടയില്‍ മുസ്്‌ലിംകളെ പിഎസി വീടുകളില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുവരുകയായിരുന്നു. ഇതില്‍ നിന്ന് 40-45 യുവാക്കളെ കൊല്ലാനായി തിരഞ്ഞെടുത്തു. ഇവരെ പിഎസിയുടെ യുആര്‍യു 1493 നമ്പര്‍ ട്രക്കില്‍ കയറ്റി മക്കന്‍പൂര്‍ ഗ്രാമത്തിലുള്ള കനാലിനരികെ കൊണ്ടുപോയി. തുടര്‍ന്ന് ഓരോരുത്തരെയായി വെടിവച്ച് കനാലില്‍ തള്ളി. കൊലയാളികള്‍ ആരെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഹാഷിംപുര കൂട്ടക്കൊല പോലിസിലെയും സര്‍ക്കാരിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ആസൂത്രണം ചെയ്തതാണെന്ന് വിഭൂതി നാരായണ്‍ റായ് എന്ന പോലിസ് ഉദ്യോഗസ്ഥന്‍ 'ഹാഷിംപുര 22 മെയ്' എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊല നടക്കുമ്പോള്‍ ഹാഷിംപുര സ്ഥിതിചെയ്യുന്ന ഗാസിയാബാദ് പോലിസ് സൂപ്രണ്ടായിരുന്നു വിഭൂതി നാരായണ്‍ റായ്. ശിക്ഷിക്കപ്പെടില്ലെന്ന് ചില ഉന്നത ഉദ്യോഗസ്ഥരും രാ്രഷ്ടീയക്കാരും ഉറപ്പുനല്‍കിയില്ലായിരുന്നെങ്കില്‍ കൂട്ടക്കൊല നടക്കുമായിരുന്നില്ലെന്നു റായ് ചൂണ്ടിക്കാട്ടുന്നു.കൂട്ടക്കൊല ആസൂത്രണം ചെയ്യാന്‍ മെയ് 21, 22 തിയ്യതികളില്‍ മീറത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നതായി റായ് വെളിപ്പെടുത്തുന്നു. യോഗത്തില്‍ സൈന്യത്തിലെ ചില ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ യോഗത്തില്‍ വച്ച് പങ്കെടുത്ത ആളുകളെ രണ്ടായി തിരിച്ചു. അതില്‍ ഒരുവിഭാഗം കൊല്ലേണ്ട ആളുകളെ കണ്ടെത്തണം. രണ്ടാമത്തെ വിഭാഗം കൊല നടത്തണം. മരിക്കാതെ കിടന്നയാളാണ് എന്താണ് സംഭവിച്ചതെന്ന് സ്ഥലത്തെത്തിയ തന്നോട് വെളിപ്പെടുത്തിയതെന്നും റായ് പറയുന്നു. സിഐഡി അന്വേഷണം ഏറ്റെടുത്തതിന്റെ തുടക്കം മുതല്‍ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണു നടത്തിയത്. ചടങ്ങുപോലെയായിരുന്നു അന്വേഷണം. കുറ്റപത്രം സമയത്ത് സമര്‍പ്പിച്ചില്ല. കോടതി പ്രതികളെ വെറുതെവിടും വിധം കുറ്റപത്രം തയ്യാറാക്കി. 28 വര്‍ഷത്തിനു ശേഷം തെളിവില്ലാത്തതിനാല്‍ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. തീസ്ഹസാരി കോടതിയില്‍ 13 വര്‍ഷമാണ് വിചാരണ നീണ്ടത്. അപ്പോഴേക്കും കേസിലെ മുഖ്യപ്രതി സുരേന്ദ്രപാല്‍ സിങ് മരിച്ചു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ഇവരെ കയറ്റിക്കൊണ്ടുപോയ ട്രക്ക് പിടിച്ചെടുക്കുകയും ആവശ്യമായ തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമായിരുന്നുവെന്ന് റായ് പറയുന്നു.
Next Story

RELATED STORIES

Share it