World

ഹാരി രാജകുമാരനും നടി മേഗനും വിവാഹിതരായി

ബ്രിട്ടന്‍: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് നടി മേഗന്‍ മര്‍ക്കലും  വിവാഹിതരായി. വിന്‍സറിലെ സെന്റ് ജോര്‍ജ് പള്ളിയില്‍ എലിസബത്ത് രാജ്ഞിയുടെയും 600 അതിഥികളുടെയും സാന്നിധ്യത്തിലായിരുന്നു മിന്നുകെട്ട്. ബ്രിട്ടിഷ് ഡിസൈനര്‍ ക്ലാരെ വെയ്റ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വെള്ളനിറത്തിലുള്ള വിവാഹവസ്ത്രമാണ് മേഗന്‍ അണിഞ്ഞിരുന്നത്.
ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരന്‍ മേഗനെ സെന്റ് ജോര്‍ജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അള്‍ത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചു. വധുവിനെ ചാപ്പലിലേക്ക് അനുഗമിച്ച കുട്ടികളില്‍ ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിയുമുണ്ടായിരുന്നു. ഹാരിയുടെ മാതാവ് ഡയാന രാജകുമാരിയുടെ സഹോദരി ലേഡി ജെയിന്‍ ഫെല്ലോസും വിവാഹത്തില്‍ അതിഥിയായി എത്തിയിരുന്നു. ലക്ഷത്തോളം പേരാണ് നവദമ്പതികള്‍ക്കു വിവാഹാശംസകള്‍ നേരാനായി വിന്‍സറിലെ വീഥികളില്‍ സന്നിഹിതരായത്.
ടെന്നിസ് താരം സെറീന വില്യംസ്, ടിവി താരം ജെയിംസ് കോര്‍ഡന്‍, ഗായകന്‍ ജെയിംസ് ബ്ലന്റ്, സിനിമാതാരം കാരി മുല്ലിഗണ്‍, റഗ്ബി കായികതാരം ജോണി വികിന്‍സണ്‍ എന്നിവരും അതിഥികളായി എത്തിയിരുന്നു. അതേസമയം, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയിയെ ചടങ്ങില്‍ ക്ഷണിച്ചിരുന്നില്ല. പൊതുചടങ്ങല്ലാത്തതു കൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്നാണ് രാജകുടുംബത്തിന്റെ വിശദീകരണം. എന്നാല്‍, മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജര്‍ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു.വിവാഹശേഷം ഹാരിയും മേഗനും പൊതുജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് വിന്‍സറിലൂടെയുള്ള പരേഡിലും പങ്കെടുത്തു.
Next Story

RELATED STORIES

Share it