ഹാരിസണ്‍ കമ്പനി ഭൂമി കൈവശം വയ്ക്കുന്നത് നിയമവിരുദ്ധം: ഹൈക്കോടതി

കൊച്ചി: വിദേശ കമ്പനിയായ ഹാരിസണ്‍ മലയാളം അനുമതിയില്ലാതെ ഇന്ത്യയില്‍ ഭൂമി കൈവശം വയ്ക്കുന്നത് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമെന്നു ഹൈേക്കാടതി. വിദേശ വിനിമയ നിയന്ത്രണ നിയമം അനുസരിച്ചും കേരള ഭൂപരിഷ്‌കരണ നിയമപ്രകാരവും കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് സാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഡിവിഷന്‍ ബെഞ്ചിനു വിട്ടാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഡിവിഷന്‍ ബെഞ്ചാണ് തീര്‍പ്പു കല്‍പിക്കേണ്ടതെന്നു വ്യക്തമാക്കിയാണ് ഹരജി ഡിവിഷന്‍ ബെഞ്ചിനു വിട്ടത്.
തങ്ങളുടെ കൈവശമുള്ള ഭൂമി ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫിസര്‍ എം ജി രാജമാണിക്യത്തിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹാരിസണ്‍ മലയാളവും ഇവരില്‍ നിന്ന് ഭൂമി വാങ്ങിയശേഷം നടപടി നേരിടുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യ ഉള്‍പ്പെടെ മറ്റു ചിലരും നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. വ്യാജരേഖകളാണോ ഹാരിസണിന്റെ കൈവശമുള്ളതെന്നു സിവില്‍ കോടതിയാണു തീരുമാനിക്കേണ്ടത്. വ്യാജ പട്ടയങ്ങള്‍ ബന്ധപ്പെട്ട അധികൃതരാണ് പരിശോധിച്ചു സ്ഥിരീകരിക്കേണ്ടതെന്നിരിക്കെ വ്യാജരേഖകളാണെന്നു ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ ഓഫിസര്‍ തീരുമാനമെടുത്ത നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാല്‍, 1923ല്‍ ഇംഗ്ലണ്ടില്‍ തയ്യാറാക്കിയ വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ഹാരിസണ്‍ ഭൂമി സ്വന്തമാക്കിയതെന്നും വിദേശകമ്പനിയായ ഹാരിസണ്‍ റിസര്‍വ് ബാങ്കിന്റെ അനുമതി നേടിയിട്ടില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഈ വാദം ശരിവയ്ക്കുന്നതാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍. 1947ലെയും 1973ലെയും വിദേശ വിനിയമ നിയന്ത്രണ നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ച് വിദേശകമ്പനിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വച്ച് അനുഭവിക്കാനാവില്ല. ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന പേരില്‍ ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ്. അതിനാല്‍, വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെറ) കമ്പനി ലംഘിച്ചതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കേരള ഭൂപരിഷ്‌കരണ നിയമത്തിലെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഇന്ത്യന്‍ കമ്പനി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കാണ്. അതേസമയം, ഭൂപരിഷ്‌കരണ നിയമത്തില്‍ ഭൂപരിധി വ്യവസ്ഥയില്‍ ഭൂരഹിതരായ കര്‍ഷകര്‍ക്ക് അനുവദിക്കുന്ന ഇളവുകള്‍ വിദേശിക്ക് അനുവദിക്കാനാവുമോയെന്ന കാര്യം നിയമനിര്‍മാതാക്കള്‍ പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇക്കാര്യം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഹരജികള്‍ ഡിവിഷന്‍ ബെഞ്ചിനു കൈമാറിയത്.
Next Story

RELATED STORIES

Share it