Sports

ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ ചാംപ്യന്‍



മോക്‌സിക്കോ സിറ്റി: ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ് നാലാം ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ഷിപ്പ്. ഇന്നലെ മെക്‌സിക്കന്‍ ഗ്രാന്‍ഡ്പ്രീയില്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ കിരീടം നേടിയപ്പോള്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്ണിന്റെ നെറുകയിലേറിയത്. സെബാസ്റ്റിയന്‍ വെറ്റല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ഈ സീസണില്‍ രണ്ട് ഗ്രാന്‍ഡ്പ്രീകള്‍ അവശേഷിക്കെ തന്നെ ഹാമില്‍ട്ടണ്‍ ചാംപ്യന്‍ഷിപ്പ് ഉറപ്പിക്കുകയായിരുന്നു. രണ്ട് ഗ്രാന്‍ഡ്പ്രീ മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ പോയിന്റ് പട്ടികയില്‍ 333 പോയിന്റുമായി ലൂയിസ് ഹാമില്‍ട്ടണ്‍ ഒന്നാംസ്ഥാനത്താണ്. 277 പോയിന്റുമായി സെബാസ്റ്റിയന്‍ വെറ്റല്‍ രണ്ടാം സ്ഥാനത്തും 262 പോയിന്റുമായി വാള്‍ത്തേരി ബോത്താസ് മൂന്നാംസ്ഥാനത്തുമുണ്ട്. അതേസമയം മെക്‌സിക്കന്‍ വിജയി മാക്‌സ് വെസ്തപ്പാന്‍ 148 പോയിന്റുമായി ആറാം സ്ഥാനത്താണ്. നവംബര്‍ 12ന് ബ്രസീലിലും 26ന് അബൂദബിയിലും നടക്കുന്ന ഗ്രാന്‍ഡ്പ്രീകളില്‍ വെറ്റല്‍ ഒന്നാംസ്ഥാനത്തെത്തിയാല്‍ പോലും ഫോര്‍മുല വണ്‍ കിരീടം ഹാമില്‍ട്ടന്റെ കൈവിട്ടു പോവില്ല. നേരത്തെ നടന്ന 17 ഗ്രാന്‍ഡ്പ്രിയില്‍ എട്ടിലും ചാംപ്യനായാണ് ബ്രിട്ടന്‍ ഡ്രൈവറുടെ കിരീടനേട്ടം. അതേസമയം പ്രതിയോഗി വെറ്റലിനു നാല് ഗ്രാന്‍ഡ്പ്രീയില്‍ മാത്രമേ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞുള്ളൂ. ഇന്നലെ നടന്ന മല്‍സരത്തില്‍ മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോത്താസ് രണ്ടാമതും ഫെരാരിയുടെ കിമി റൈക്കോനന്‍ മൂന്നാമതുമെത്തി. കാര്‍ നിര്‍മാണക്കാരുടെ പോരാട്ടത്തില്‍ 595 പോയിന്റുമായി മെഴ്‌സിഡസ് ഒരിക്കല്‍ കൂടി അപരാജിതരായി കിരീടം നേടി. 455 പോയിന്റുമായി ഫെരാരിയും 340 പോയിന്റുമായി റെഡ് ബുള്ളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മല്‍സരത്തിന്റെ ആദ്യ ലാപ്പില്‍ തന്റെ ചിരവൈരിയായ വെറ്റലുമായി നാടകീയമായി കൂട്ടിമുട്ടിയപ്പോള്‍ അവസാന സ്ഥാനത്തായിരുന്ന ഹാമില്‍ട്ടണ്‍ തീവ്രമുന്നേറ്റത്തിലൂടെയാണ് ഒമ്പതാം സ്ഥാനത്തെത്തിയത്. 2008ലും 2014ലും 2015ലുമാണ് ഹാമില്‍ട്ടന്റെ ഇതിനു മുമ്പത്തെ ഫോര്‍മുല വണ്‍ കിരീട നേട്ടം. ജര്‍മന്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറും(7) അര്‍ജന്റീന താരം യുവാന്‍ മാന്വല്‍ ഫാംഗിയോ (5)യുമാണ് ഹാമില്‍ട്ടന് മുന്നിലുള്ള ഫോര്‍മുല വണ്‍ ചാംപ്യന്‍മാര്‍.
Next Story

RELATED STORIES

Share it