ഹാഫിസ് സഈദിനെ വധിക്കാനും ശ്രമമെന്ന്നവാസ് ശരീഫിനെ വധിക്കാന്‍ റോ പദ്ധതിയിടുന്നതായി പാകിസ്താന്‍

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ വധിക്കാനും അതിലൂടെ രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി പാകിസ്താന്‍. പഞ്ചാബ് പ്രവിശ്യാ ആഭ്യന്തരവകുപ്പാണ് ഇതുസംബന്ധിച്ച രഹസ്യ വിവരം തങ്ങള്‍ക്കു ലഭിച്ചതായി കഴിഞ്ഞ ദിവസം പറഞ്ഞത്.

നവാസ് ശരീഫിനെ കൂടാതെ ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദിനെ വധിക്കാനും പദ്ധതിയുള്ളതായി പാക് അധികാരികള്‍ ആരോപിച്ചു. രണ്ടു കൊലപാതകങ്ങളും നടപ്പാക്കാന്‍ റോ ഏജന്റുമാരെ നിയോഗിച്ചുകഴിഞ്ഞതായി തങ്ങള്‍ക്കു സൂചന ലഭിച്ചെന്നും പാക് വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത് വിപുലമായതോതില്‍ അരാജകത്വം സൃഷ്ടിക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട നേതാക്കളെ ലക്ഷ്യംവയ്ക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും പാകിസ്താന്‍ പഞ്ചാബ് സര്‍ക്കാര്‍ ആരോപിച്ചു.

പദ്ധതി നടന്നുകഴിഞ്ഞാല്‍ അവയെ പാക് ഗ്രൂപ്പുകളുടെ തന്നെ ആക്രമണമായി ചിത്രീകരിക്കാനാണ് റോയുടെ പദ്ധതിയെന്നും പാക് രേഖ ആരോപിക്കുന്നു. പാകിസ്താന്‍ സര്‍ക്കാരിന്റെ ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ സര്‍ക്കാര്‍വിരുദ്ധ സായുധസംഘടനകളായ ലശ്കറെ ജങ്‌വി, തഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ എന്നിവ നടത്തിയ പ്രതികാര നടപടിയായി കൊലപാതകങ്ങളെ ചിത്രീകരിക്കാനും പദ്ധതിയുണ്ടായിരുെന്നന്നും പാക് അധികൃതര്‍ ആരോപിക്കുന്നു. പദ്ധതിയുടെ ഭാഗമായി പഞ്ചാബിലെ ഹാഫിസ് സഈദിന്റെ വിലാസങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ റോ ഏജന്റുമാര്‍ നിയോഗിക്കപ്പെട്ടതായും കൊലപാതകപദ്ധതിയെക്കുറിച്ചുള്ള മുന്നറിയിപ്പ് നവാസ് ശരീഫിനും ഹാഫിസ് സഈദിനും ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായും പഞ്ചാബ് സര്‍ക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it