World

ഹാഫിസ് സഈദിനെ പാകിസ്താന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന, ജമാഅത്തുദ്ദഅ്‌വ (ജെയുഡി) നേതാവ് ഹാഫിസ് സഈദിനെ പാകിസ്താന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു.  ഇതിന് 1997ലെ ഭീകരവിരുദ്ധ നിയമത്തില്‍  ഭേദഗതി വരുത്തി   പുതിയ ഓര്‍ഡിനന്‍സില്‍ പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസയ്ന്‍ ഒപ്പുവച്ചു. ലശ്കറെ ത്വയ്യിബ, ജമാ അത്തുദ്ദഅ്‌വ, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍ എന്നിവയുള്‍പ്പെടെ യുഎന്‍ രക്ഷാസമിതി നിരോധിത പട്ടികയില്‍പ്പെടുത്തിയ എല്ലാ വ്യക്തികളെയും സംഘടനകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) യോഗം ഈ മാസം 18 മുതല്‍ 23 വരെ  നടക്കാനിരിക്കേയാണ് പാകിസ്താന്റെ നടപടി. എഫ്എടിഎഫ് യോഗത്തില്‍ പാകിസ്താനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍, സായുധ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ ഇന്ത്യയും യുഎസും ശ്രമം നടത്തുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ പാക് ദേശീയ സുരക്ഷാ കമ്മിറ്റി ബന്ധപ്പെട്ട മന്ത്രാലയത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു. സഈദിനെ 2008 മെയില്‍ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സായുധ സംഘങ്ങള്‍ക്കു പാകിസ്താന്‍ സുരക്ഷിത താവളമൊരുക്കുന്നതായും സഹായങ്ങള്‍ നല്‍കുന്നതായും യുഎസും ഇന്ത്യയും ആരോപിക്കുകയും യുഎസ് പാകിസ്താനു നല്‍കിയിരുന്ന സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തി—രുന്നു. പാകിസ്താനില്‍ വീട്ടുതടങ്കലിലായിരുന്ന സഈദിനെ മതിയായ തെളിവുകളില്ലെന്നു കാണിച്ച് കഴിഞ്ഞമാസം 24ന് സ്വതന്ത്രനാക്കിയിരുന്നു.
Next Story

RELATED STORIES

Share it