ഹാപ്പൂര്‍ ആള്‍ക്കൂട്ടക്കൊല; ജീവന് ഭീഷണിയുണ്ടെന്ന് സാക്ഷി

ന്യൂഡല്‍ഹി: സത്യം പറഞ്ഞതിന് തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ ആള്‍ക്കൂട്ടം നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷി സമയുദ്ദീന്‍. പോലിസ് തയ്യാറാക്കിയ പ്രാഥമികാന്വേഷണ റിപോര്‍ട്ടും (എഫ്‌ഐആര്‍) വസ്തുതകളുമായി വൈരുധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റോഡപകടത്തെ തുടര്‍ന്നാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ഇതു ശരിയല്ലെന്നാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട സമയുദ്ദീന്‍ പറയുന്നത്. ജൂണ്‍ 18നാണ് ഗോഹത്യ ആരോപിച്ച് കാലിക്കച്ചവടക്കാരനായ കാസിമിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. തന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു ആള്‍ക്കൂട്ടം കാസിമിനെ ആക്രമിച്ചത്. താനും അയല്‍ക്കാരനുമായ ഹസനും കാലിയെ വാങ്ങാനാണ് പോയത്.
അപ്പോള്‍ 30ഓളം പേര്‍ ഓടിവന്ന് കാസിമിനെ മര്‍ദിക്കുന്നത് കണ്ടു. എന്തിനാണ് കാസിമിനെ മര്‍ദിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അവിടെ നില്‍ക്കാനും അടുത്തത് നിങ്ങളാണെന്നുമാണ് അക്രമികള്‍ പറഞ്ഞത്- സമയുദ്ദീന്‍ പറഞ്ഞു. സമയുദ്ദീനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതും ഗോഹത്യ നടത്തിയെന്നു സമ്മതിക്കാന്‍ നിര്‍ബന്ധിക്കുന്നതും ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തന്റെ മൊഴിയെടുക്കാന്‍ പോലിസ് ഒരിക്കലും ആശുപത്രിയിലെത്തിയില്ലെന്നും ആംബുലന്‍സില്‍ വച്ചു വിരലടയാളമെടുത്തുവെന്നും സമയുദ്ദീന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it