ഹാന്‍ഡ് ബോള്‍ ടീമംഗങ്ങളുടെ വേര്‍പാടില്‍ വിറങ്ങലിച്ച് എറണാകുളം

കൊച്ചി: എടപ്പാളിലുണ്ടായ വാഹനാപകടത്തില്‍ ജില്ലാ ഹാന്‍ഡ് ബോള്‍ ടീമിലെ മൂന്നു പേരുടെ ജീവന്‍ പൊലിഞ്ഞതിന്റെ ആഘാതത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് എറണാകുളം ജില്ല. എറണാകുളം എസ്ആര്‍വി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും കടവന്ത്ര മലക്കപറമ്പില്‍ കെ ജി സുനിലിന്റെ മകനുമായ സുധീഷ്(15), ഫോര്‍ട്ട്‌കൊച്ചി സെന്റ് ജോണ്‍ ഡി ബ്രിട്ടോ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പള്ളുരുത്തി ബ്ലാപ്പറമ്പില്‍ രാജീവിന്റെ മകന്‍ അതുല്‍ രാജ്(15), പറവൂര്‍ കരിമ്പാടം ഡിഡി സഭ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ചേന്ദമംഗലം കരിമ്പാടം കോലംവീട്ടില്‍ ഷാജിയുടെ മകന്‍ അമല്‍കൃഷ്ണ(15) എന്നിവരാണു മരിച്ചത്.
സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത ശേഷം മടങ്ങവേ ഇവര്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ച ശേഷം തോട്ടിലേക്കു മറിയുകയായിരുന്നു. മൂവരുടെയും മൃതദേഹം അവര്‍ പഠിച്ചിരുന്ന സ്‌കൂളുകളില്‍ പൊതുദര്‍ശനത്തിനു വച്ചു.എറണാകുളം ശ്രീരാമവര്‍മ സ്‌കൂളിന്റെയും ജില്ല ഹാന്‍ഡ് ബോള്‍ അസോസിയേഷന്റെയും ഗോള്‍വല കാത്തിരുന്നതു സുധീഷായിരുന്നു. സുധീഷിന്റെ മൃതദേഹം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഫോര്‍ട്ട്‌കൊച്ചി സെന്റ് ജോണ്‍ ഡി ബ്രിട്ടോ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയായ അതുല്‍ രാജിന്റെ വേര്‍പാട് ഇനിയും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ, മേയര്‍ സൗമിനി ജയിന്‍, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, കൗണ്‍സിലര്‍ ടി കെ അഷറഫ്, മുന്‍ കൗണ്‍സിലര്‍ ആന്റണി കുരീത്തറ, കൗണ്‍സിലര്‍ ഷൈനി മാത്യു, വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നൂറു കണക്കിനാളുകള്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പറവൂര്‍ കരിമ്പാടം ഡിഡി സഭ ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ അമല്‍കൃഷ്ണ (15)യുടെ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോ ള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നാടാകെ ഒഴുകിയെത്തുകയായിരുന്നു. അമലിന്റെ പിതാവ് ഷാജി മധ്യപ്രദേശിലെ ഒരു കോഫിഹൗസില്‍ ജീവനക്കാരനാണ്. മരണവാര്‍ത്തയറിഞ്ഞ അതുലിന്റെ പിതാവ് ഇന്നു നാട്ടിലെത്തും. തുടര്‍ന്ന് രാവിലെ 10.30ന് മൃതദേഹം തോന്ന്യകാവ് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it