Editorial

ഹാദിയ സന്തുഷ്ടയാണോ എന്നതല്ല പ്രശ്‌നം



ഹാദിയയുടെ മതംമാറ്റത്തിലും തുടര്‍ന്നുണ്ടായ വിവാഹത്തിലും അന്തര്‍ഭവിച്ചിട്ടുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ സജീവമായി നില്‍ക്കവെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ആ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. ഹാദിയയെ കണ്ടു സംസാരിച്ച കമ്മീഷന്‍ അധ്യക്ഷ ഒരു പ്രസ്താവന നടത്തുകയും ചെയ്തു. ഹാദിയ സന്തുഷ്ടയാണെന്നും പ്രസ്തുത വിഷയത്തില്‍ മനുഷ്യാവകാശലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നുമാണ് അവര്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചത്. കൂട്ടത്തില്‍ കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റം നടക്കുന്നുണ്ടെന്ന അമിട്ട് പൊട്ടിക്കാനും അവര്‍ മറന്നില്ല. ചുരുക്കത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണു സംഗതികള്‍ മുഴുവനും നടന്നത്. ഹാദിയാ കേസ് നവംബര്‍ 27ന് സുപ്രിംകോടതിയുടെ പരിഗണനയ്ക്കു വരുമ്പോഴേക്കും കാവിരാഷ്ട്രീയക്കാര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാകത്തിലാണ് കമ്മീഷന്‍ അധ്യക്ഷയുടെ വരവും വര്‍ത്തമാനങ്ങളും എന്ന് സാരം. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഏത് അടിയന്തര കാര്യത്തിനാണ് ഇപ്പോള്‍ ഹാദിയയുടെ വീട്ടിലേക്ക് എഴുന്നള്ളിയത്? സാധാരണനിലയ്ക്കു പാലിക്കേണ്ട ചട്ടങ്ങളും വ്യവസ്ഥകളുമൊന്നും സന്ദര്‍ശനകാര്യത്തില്‍ കമ്മീഷന്‍ പാലിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരെ മുഴുവനും അകറ്റിനിര്‍ത്തി അതീവ രഹസ്യമായിട്ടാണ് അവര്‍ ഹാദിയയെ കണ്ടത്. ഇതെല്ലാം സംശയമുയര്‍ത്തുന്നു. ഹാദിയയെ കാണുന്നതിനു മുമ്പ് അവര്‍ തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിലെ പീഡനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെയും കണ്ടിട്ടുണ്ട്. അതേസമയം, പീഡനത്തെച്ചൊല്ലി പരാതി പറഞ്ഞ ആരെയും കാണാന്‍ അവര്‍ തയ്യാറായിട്ടില്ലതാനും. ഇരകളെ അകറ്റിനിര്‍ത്തി വേട്ടക്കാരുമായി ബന്ധപ്പെടുകയും അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം, നിര്‍ബന്ധിത മതപരിവര്‍ത്തനത്തെപ്പറ്റിയൊരു കാച്ചുകാച്ചുകയും ചെയ്ത രേഖാ ശര്‍മയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ടെന്ന് ആര്‍ക്കും ബോധ്യപ്പെടും. സംഘപരിവാര അജണ്ട നടപ്പില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തുകയല്ലാതെ മറ്റൊന്നുമല്ല ഇത്. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാടിന്റെ അപഹാസ്യത വെളിപ്പെടുത്തി എന്നതു മാത്രമാണ് ദേശീയ കമ്മീഷന്‍ അധ്യക്ഷയുടെ വരവുകൊണ്ടുണ്ടായ ഗുണം. കോടതിയുടെ പരിഗണനയിലുള്ള കേസാണ്, ഹാദിയയെ ചെന്നുകണ്ടുകൂടാ, മിണ്ടിക്കൂടാ എന്നൊക്കെ പറഞ്ഞു ഒളിച്ചുകളിക്കുകയായിരുന്നു സംസ്ഥാന കമ്മീഷന്‍. അപ്പോള്‍ പിന്നെ ദേശീയ കമ്മീഷന്റെ വരവോ എന്ന ചോദ്യത്തിന് സംസ്ഥാന കമ്മീഷന്‍ ഉത്തരം പറയേണ്ടതുണ്ട്. ഹാദിയ കാര്യത്തില്‍ സംസ്ഥാന കമ്മീഷന്‍ കൈക്കൊണ്ട നിലപാട് സംഘപരിവാര ശക്തികള്‍ക്ക് ബലംനല്‍കാനും അവരെ പ്രീതിപ്പെടുത്താനുമുള്ളതായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞു. ഞഞ്ഞാമ്മിഞ്ഞാ വര്‍ത്തമാനങ്ങള്‍കൊണ്ടൊന്നും അത് ഇനി മറച്ചുവയ്ക്കാനാവുകയില്ല. ഹാദിയ ചിന്താവിഷ്ടയാണോ, അതല്ല സന്തുഷ്ടയാണോ എന്നതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. അക്കാര്യത്തില്‍ ആരുടെയും സാക്ഷ്യപത്രവും പടംപിടിത്തവും നമുക്കാവശ്യമില്ല. പ്രായപൂര്‍ത്തിയായ ഈ സ്ത്രീയുടെ ഇച്ഛകള്‍ക്കും അവകാശങ്ങള്‍ക്കും വിലയുണ്ടോ എന്നതാണ് ചോദ്യം. ഈ ചോദ്യത്തിന് രണ്ട് കമ്മീഷനുകള്‍ക്കും എന്ത് ഉത്തരമാണു നല്‍കാനുള്ളത്?
Next Story

RELATED STORIES

Share it