Articles

ഹാദിയ വെറുമൊരു പെണ്‍കുഞ്ഞല്ല

ഹാദിയ വെറുമൊരു പെണ്‍കുഞ്ഞല്ല
X






അംബിക

ഒരാഴ്ചയിലേറെയായി വൈക്കം സ്വദേശി ഡോ. ഹാദിയ അഖില വീട്ടുതടങ്കലിലാണ്. അവര്‍ 24 വയസ്സുള്ള വിദ്യാസമ്പന്നയായ സ്ത്രീയാണ്. സ്വന്തം വിശ്വാസത്തിലും താല്‍പര്യത്തിലും തിരഞ്ഞെടുത്ത മതാചാരപ്രകാരം ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്തവളാണ്. എന്നാല്‍, വിവാഹം നടന്നതിനു ശേഷം കേരള ഹൈക്കോടതി ഹാദിയയെ അവരുടെ അച്ഛന്റെ കൂടെ നിര്‍ബന്ധപൂര്‍വം വീട്ടിലേക്കു പറഞ്ഞുവിട്ടിരിക്കുന്നു. രക്ഷിതാക്കളുടെ വൈകാരികമായ വാദങ്ങളെയും ആകുലതകളെയും മാത്രം അംഗീകരിച്ചാണ് വിധി നടപ്പാക്കിയിട്ടുള്ളത്.

എന്നാല്‍, കോടതി കാണാതെയും കേള്‍ക്കാതെയും പോയത് ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമായുള്ള നിലവിളിയാണ്. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ അസാന്നിധ്യം മതാചാരപ്രകാരം നടന്ന വിവാഹത്തെ റദ്ദ് ചെയ്യാനുള്ള കാരണമായി കോടതി കണ്ടെത്തിയിരിക്കുന്നു. ഇതു വിചിത്രമായ കാര്യമാണ്. ഒന്നാമതായി ഇന്ത്യയില്‍ 18 വയസ്സു തികഞ്ഞ ഏതൊരു സ്ത്രീക്കും 20 വയസ്സ് പൂര്‍ത്തിയായ പുരുഷനും വിവാഹം നടത്താതെ തന്നെ ഒന്നിച്ചു ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.

അതിനു രക്ഷിതാക്കളുടെയോ കോടതിയുടെയോ അനുമതി ആവശ്യമില്ല. ഹാദിയയുടെ വിവാഹം മതാചാരപ്രകാരം തന്നെ നടന്നിരിക്കുന്നു. വിവാഹം രണ്ടു വ്യക്തികള്‍ ഒന്നിച്ചെടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന കാര്യമാണല്ലോ. അതിലൊരാളുടെയെങ്കിലും ആവശ്യമോ താല്‍പര്യമോ ഇല്ലാതെ എങ്ങനെയാണ് കോടതിക്ക് അസാധുവാക്കാനാവുക? വിവാഹിതയായ സ്ത്രീയെ ജീവിതപങ്കാളിയില്‍ നിന്നു വേര്‍പെടുത്തി രക്ഷിതാവിന്റെ കൂടെ നിര്‍ബന്ധിച്ചു പറഞ്ഞുവിടുന്നതിന് എന്തു ന്യായീകരണമാണ് കോടതിക്കുള്ളത്? വിവാഹം റദ്ദ് ചെയ്താല്‍ തന്നെ അവരെ വീട്ടുതടങ്കലിലാക്കുകയല്ല, സ്വതന്ത്രയായി വിടുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ മേന്മയായും ഇന്ത്യയുടെ മഹത്ത്വമായും പറയുന്നത് മതേതരത്വമാണ്.

മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള പൗരസ്വാതന്ത്ര്യം അത് ഉറപ്പുനല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നാണോ കോടതിവിധിയിലൂടെ വ്യക്തമാവുന്നത്? അതോ മതം ജന്മംകൊണ്ട് മാത്രം തീരുമാനിക്കപ്പെടേണ്ടതാണെന്നോ? ഹാദിയ ഇസ്‌ലാംമതം സ്വീകരിച്ചത് ഏകദൈവവിശ്വാസത്തോടുള്ള താല്‍പര്യംകൊണ്ടാണെന്ന് 95 പേജുള്ള കോടതിവിധിയുടെ അഞ്ചാംപേജില്‍ അവര്‍ കൊടുത്ത അഫിഡവിറ്റില്‍ പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അടുത്ത സുഹൃത്തായ ജസീനയുടെ വീട്ടില്‍ ഇടയ്ക്കിടെ പോയി താമസിച്ചതിനെ തുടര്‍ന്ന് ഇസ്‌ലാംമതത്തെ നന്നായി അടുത്തറിയുന്നതിനു സാധിച്ചെന്നും അങ്ങനെ ആകൃഷ്ടയായാണ് അവര്‍ മതം മാറാന്‍ തീരുമാനിച്ചതെന്നും കോടതിയുടെ വിധിപ്പകര്‍പ്പില്‍ തന്നെ പറയുന്നുണ്ട്.

പിന്നെ എങ്ങനെയാണ് നിര്‍ബന്ധിത മതംമാറ്റത്തിനു വിധേയമായെന്ന അവരുടെ പിതാവിന്റെ വാദത്തെ കോടതി അംഗീകരിച്ചത്? മകളെ ഐഎസില്‍ ചേര്‍ക്കുമെന്നും സിറിയയിലേക്ക് കൊണ്ടുപോവുമെന്നുമുള്ള പിതാവിന്റെ വാദത്തെ മുഖവിലയ്‌ക്കെടുക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി ഹാദിയ അഖില പറഞ്ഞ കാര്യങ്ങളെ കോടതി തള്ളിക്കളഞ്ഞത് അവള്‍ സ്ത്രീയായതുകൊണ്ടു മാത്രമാണോ? 15 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെപോലും അവര്‍ക്കു താല്‍പര്യമില്ലെങ്കില്‍ രക്ഷിതാവിന്റെ കൂടെ വിടാതെ ജുവനൈല്‍ഹോമില്‍ വിടുന്ന കോടതിയുടെ നീതിബോധം ഹാദിയയുടെ കാര്യത്തില്‍ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന്, ഹാദിയ അഖില എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുഞ്ഞൊന്നുമല്ല. മറ്റൊന്ന്, അവര്‍ മാനസികവിഭ്രാന്തിക്ക് ചികില്‍സയിലുമല്ല.

അതുകൊണ്ടുതന്നെ, മതംമാറ്റമോ വിവാഹമോ നിര്‍ബന്ധിതമാണെങ്കില്‍ അതു കോടതിയില്‍ നിര്‍ഭയമായി പറയാനുള്ള അവസരം അവര്‍ക്ക് കോടതി തന്നെ അനുവദിച്ചുകൊടുത്തിട്ടുണ്ട്. ജീവിതപങ്കാളിയുടെ കൂടെ വിടണമെന്നും പിതാവിന്റെ കൂടെ അയക്കരുതേ എന്നും ഹാദിയ കേണപേക്ഷിച്ചിട്ടും അത് ചെവികൊള്ളാതെ കോടതി മൗലികാവകാശലംഘനം നടത്തുകയായിരുന്നു. ഒരു സ്ത്രീ നേരിട്ട് കോടതിയിലെത്തി ബോധിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പിച്ചില്ലെന്നത് ആശങ്കയുളവാക്കുന്നതാണ്. കോടതിവിധിയെ തുടര്‍ന്ന് ഹാദിയ ഇപ്പോഴും വീട്ടുതടങ്കലില്‍ കഴിയുകയാണ്. അവരുടെ ശബ്ദം കോടതി അവഗണിച്ചത് സ്ത്രീയായതിനാലും ഇസ്‌ലാംമതം സ്വീകരിച്ചതിനാലും ആണെന്നു പറയേണ്ടിവരുന്നത് ഖേദകരമാണ്.

കാരണം, നിയമത്തിന്റെ മുന്നില്‍ ജാതി, മത, ലിംഗ വിവേചനമില്ലെന്ന് ഉറപ്പുനല്‍കുന്ന ഭരണഘടനയും ഈ കോടതിവിധിയും തമ്മിലുള്ള പൊരുത്തക്കേട് ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മാനസികാവസ്ഥ മനസ്സിലാക്കാനോ അവരുടെ ദുരവസ്ഥയ്‌ക്കെതിരേ പ്രതികരിക്കാനോ സ്ത്രീവാദികളാരെയും കണ്ടില്ലെന്നതാണു മറ്റൊരു വസ്തുത.
Next Story

RELATED STORIES

Share it