Flash News

ഹാദിയ : വനിതാ കമ്മീഷന്റെ നിലപാട് ലജ്ജാകരം - സാംസ്‌കാരിക നായകര്‍

ഹാദിയ : വനിതാ കമ്മീഷന്റെ നിലപാട് ലജ്ജാകരം - സാംസ്‌കാരിക നായകര്‍
X


തിരുവനന്തപുരം: ഹാദിയയെ കാണാന്‍ ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷന്‍ സുപ്രിംകോടതിയുടെ അനുവാദം കാത്തിരിക്കുന്നത് പ്രബുദ്ധകേരളത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണെന്നു പ്രമുഖ സാംസ്‌കാരിക നായകര്‍ ചൂണ്ടിക്കാട്ടി. ഹാദിയയെ കാണുന്നതിന് രാഹുല്‍ ഈശ്വറിനോ അവിടെ ചെല്ലാന്‍ കുമ്മനത്തിനോ തടസ്സമില്ലെന്നിരിക്കെ വനിതാ കമ്മീഷന്റെ നിലപാട് ശരിയല്ലെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇഷ്ടമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയെ/സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള മതവും രാഷ്ട്രീയവും വിശ്വാസവും ഒക്കെ സ്വീകരിക്കാനും, പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഭരണഘടനാപരമായ  അവകാശങ്ങളുള്ള നാടാണ് ഇന്ത്യ. സ്ത്രീപുരുഷന്‍മാരുടെ ഇഷ്ടത്തിനനുസരിച്ച് വിവാഹം കഴിക്കാതെപോലും ഒരുമിച്ചു ജീവിക്കാന്‍  നിയമപരമായി സാധിക്കും. പക്ഷേ, മാതാപിതാക്കളുടെ ആഗ്രഹങ്ങളേക്കാളും താല്‍പര്യങ്ങളേക്കാളും ആധുനിക ജനാധിപത്യ ലോകത്ത് വിലമതിക്കപ്പെടുന്നത് പ്രായപൂര്‍ത്തിയായവരുടെ സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളുമാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കുകയോ ജീവിതപങ്കാളിയെ സ്വീകരിക്കുകയോ ചെയ്യുമ്പോഴുണ്ടാവുന്ന കുടുംബസംഘര്‍ഷങ്ങള്‍ ഇതിന്റെ ഭാഗമായാണ് ഉണ്ടാവുന്നത്. കുടുംബങ്ങളുടെ ദുരഭിമാനത്തിനപ്പുറം, വ്യത്യസ്ത വ്യക്തിത്വങ്ങളെയും തുല്യതയെയും  അംഗീകരിക്കുന്നതിലൂടെ മാത്രമേ കുടുംബാംഗങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും ജനാധിപത്യപരമായ ബന്ധം നിലനിര്‍ത്താന്‍ സാധിക്കൂവെന്നും പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍ അഭിപ്രായപ്പെടുന്നു. വൈക്കത്തെ അശോകന്‍-പൊന്നമ്മ ഈഴവ ദമ്പതികളുടെ മകളായ അഖില സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും ഹാദിയ എന്ന പേര് സ്വീകരിച്ചതെന്നും അവര്‍തന്നെ  കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ ഷെഫിന്‍ ജഹാന്‍ എന്ന മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചിട്ടുള്ളതും. ഒരുമിച്ചു കഴിയാനുള്ള അവരുടെ അവകാശത്തെ ഹനിക്കാന്‍, അവരിരുവരുടെയും മാതാപിതാക്കള്‍ക്കോ പൊതുസമൂഹത്തിനോ ആര്‍ക്കും അധികാരമില്ല, കോടതിക്കുപോലും. ദൗര്‍ഭാഗ്യവശാല്‍ കേരള ഹൈക്കോടതി അവരുടെ അവകാശത്തെ  അനുവദിക്കാതെ ഹാദിയയെ അശോകന്റെയും പൊന്നമ്മയുടെയും ഒപ്പം അയക്കുകയാണു ചെയ്തത്. കഴിഞ്ഞ നാലു മാസത്തിലേറെയായി, പുറത്തിറങ്ങാനോ മറ്റുള്ളവരുമായി സംസാരിക്കാനോ ആരെയും കാണാനോ സാധിക്കാത്തവിധം തടവില്‍ കഴിയുകയാണു ഹാദിയ. ഹാദിയയുടെ മോചനത്തിന് പൊതുസമൂഹത്തിന്റെ, വിശേഷിച്ച് ഒബിസി/ഈഴവ സമുദായങ്ങളില്‍പ്പെടുന്ന നേതാക്കളുടെയോ ആക്റ്റിവിസ്റ്റുകളുടെയോ സംഘടനകളുടെയോ ഭാഗത്തുനിന്ന്, ഇതുവരെ ആവശ്യം ഉയര്‍ന്നിട്ടില്ല എന്നത് ആശങ്കാജനകംതന്നെയാണ്. ഹാദിയയെ തടവിലിടാനോ ആളുകളുമായി ബന്ധപ്പെടുന്നതും സ്വതന്ത്രമായി അഭിപ്രായം പറയുന്നതും വിലക്കാനോ ഒരു കോടതിയും പറഞ്ഞിട്ടില്ല. അതിനൊപ്പം അന്യായമായ തടവില്‍ നിന്നു ഹാദിയയെ മോചിപ്പിക്കാനും അവളുടെ അഭിപ്രായം കേള്‍ക്കാനും ഇടപെടേണ്ട ബാധ്യത കേരള സര്‍ക്കാരിനും വനിതാ കമ്മീഷനുമുണ്ട്. ഒരു നൂറ്റാണ്ടിനപ്പുറം, കേരളത്തില്‍ മതപരിവര്‍ത്തനത്തിനുള്ള ആലോചനകളും ശ്രമങ്ങളും ഊര്‍ജിതമായ കാലഘട്ടത്തില്‍, 1923 മേയ് 30ന് സഹോദരന്‍ അയ്യപ്പനുമായി നടന്ന സംഭാഷണത്തില്‍ ശ്രീനാരായണഗുരു പറഞ്ഞു ' മാറണമെന്നു തോന്നിയാല്‍ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം. മതം മാറുകയും പുറകേ കള്ളം പറയുകയും ചെയ്യുന്നത് കഷ്ടവും പാപവും ആണ്. മതം ഓരോരുത്തരുടെയും ഇഷ്ടംപോലെയായിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണ് നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ?' “മതപരിവര്‍ത്തനത്തെപ്പറ്റി ഇത്രയും സുവ്യക്തമായി സംസാരിച്ച ഗുരുവിന്റെ അനുയായികളില്‍, “ഈഴവര്‍ ഹിന്ദുക്കളല്ലെന്നും അവര്‍ സ്വതന്ത്ര സമുദായമായി നില്‍ക്കണ’മെന്നും വാദിച്ചിരുന്ന ഇ മാധവനെപ്പോലുള്ളവരുടെ ധാരയുണ്ടായിരുന്നു. ബുദ്ധമതത്തോടു പ്രതിപത്തിയുണ്ടായിരുന്ന സഹോദരന്‍ അയ്യപ്പന്‍, മിതവാദി കൃഷ്ണന്‍, സി വി കുഞ്ഞിരാമന്‍ തുടങ്ങി എം കെ രാഘവന്‍ വരെയുള്ളവര്‍ നേതൃത്വം നല്‍കിയ വേറൊരു ധാരയും ഈഴവര്‍ ഹിന്ദുമതത്തിലെ ഒരു ജാതിയാണെന്നും ഹിന്ദുമതത്തില്‍ തുടര്‍ന്നുകൊണ്ട് മതപരിഷ്‌കരണത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്നു വാദിച്ചിരുന്ന കുമാരനാശാന്‍, ടി കെ മാധവന്‍ എന്നിവരുടെ മറ്റൊരു ധാരയും ഉണ്ടായിരുന്നു. “അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം’ എന്ന ഒരു ചെറുപുസ്തകം തന്നെ (1936ല്‍) പ്രസിദ്ധീകരിച്ച കേരള തിയ്യ യൂത്ത്‌ലീഗ് പോലുള്ള സംഘടനകളും അക്കാലത്ത് ഈഴവ/തിയ്യ സമുദായത്തിലുണ്ടായിരുന്നു. ഇപ്പോഴത്തെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പോലും തുടക്കത്തില്‍ സഹോദരന്റെ ധാരയുടെ വക്താവായിരുന്നു. സാമൂഹികമായും സാമ്പത്തികമായും ജനസംഖ്യാപരമായും ഏതാണ്ട് സമാനാവസ്ഥയിലുള്ള  രണ്ടു സമുദായങ്ങളെന്ന നിലയ്ക്ക് മുസ്‌ലിം, ഈഴവ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രേമവും വിവാഹവും മതംമാറ്റവും താരതമ്യേന കൂടുതലാവുന്നതു സ്വാഭാവികമാണെന്നു താഴെ പറയുന്നവര്‍ ഒപ്പുവച്ച വിശദമായ പ്രസ്താവനയില്‍ പറയുന്നു. (2017 ഒക്ടോബര്‍ 6) ബി ആര്‍ പി ഭാസ്‌കര്‍, സിവിക് ചന്ദ്രന്‍, കെ കെ ബാബുരാജ്, ഡോ. അജയ് ശേഖര്‍, കാലടി സര്‍വകലാശാല, ഡോ. ഗിരിജ കെ പി, ഫെലോ, ഐഐഎഎസ് സിംല, ഡോ. ബിജുലാല്‍ എം വി, എം ജി യൂനിവേഴ്‌സിറ്റി, ഡോ. രഞ്ജിത് തങ്കപ്പന്‍, ഇഎഫ്എല്‍യു ഹൈദരാബാദ്, ഡോ. ഷൈമ പി, ഡോ. ശ്രീബിത പി വി, കര്‍ണാടക സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, ഡോ. നാരായണന്‍ എം എസ്, ഡബ്ല്യൂഎംഒ കോളജ് മുട്ടില്‍, വയനാട്, ഡോ. ജെന്റില്‍ വര്‍ഗീസ്, അനൂപ് വി ആര്‍, ഡോ. സുദീപ് കെ എസ്, സുദേഷ് എം രഘു, ഷിബി പീറ്റര്‍, സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്റ് കള്‍ച്ചര്‍, ശ്രീകൃഷ്ണന്‍ കെ പി, ധന്യ കെ ആര്‍, സുനില്‍ ഗോപാലകൃഷ്ണന്‍, അജയ് കുമാര്‍ വി ബി, അഡ്വ. പി ആര്‍ സുരേഷ്, അജിത് കുമാര്‍ എ എസ്, പ്രശാന്ത് കോളിയൂര്‍, രൂപേഷ് കുമാര്‍ ലോകന്‍  കെ വി ജിഷ, സജി അജയന്‍ ബാബു, എം ജി യൂനിവേഴ്‌സിറ്റി അഡ്വ. ശാരിക പള്ളത്ത്  കെ പി, റിസര്‍ച്ച് സ്‌കോളര്‍, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി അനു കെ ആന്റണി, റിസര്‍ച്ച് സ്‌കോളര്‍, ഐഐടി ബോംബെ മായാ പ്രമോദ്, റിസര്‍ച്ച് സ്‌കോളര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അശ്വനി സി ഗോപി, റിസര്‍ച്ച് സ്‌കോളര്‍, ശാന്തിനികേതന്‍ രാധു രാജ് എസ് ജോണ്‍സണ്‍ ജോസഫ് ശ്രീജിത പി വി ആശാറാണി പി എല്‍ ശ്രീജിത് കെ എന്‍ നിഷ ടി അനൂപ് എം ദാസ് ജിതേന്ദ്രന്‍ ദീപ്തി ശ്രീറാം, റിസര്‍ച്ചര്‍, മണിപ്പാല്‍ യൂനിവേഴ്‌സിറ്റി പ്രസന്നന്‍ ഹമിഅനില്‍ തറയത്ത് സുജിത സി.
Next Story

RELATED STORIES

Share it