ഹാദിയ: മുഖ്യധാരാ വ്യാകുലതകള്‍

സി  എ  റഊഫ്
മുസ്‌ലിം ഏകോപന സമിതി എന്ന സംഘടനയ്ക്കു കോടതിവിധിയില്‍ പ്രതിഷേധിക്കാനോ ഹൈക്കോടതിയിലേക്കു മാര്‍ച്ച് നടത്താനോ അവകാശമില്ലെന്നാണ്, കോടതികളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപ്പെട്ടു നില്‍ക്കുന്ന 'മുഖ്യധാര'യുടെ വിലയിരുത്തല്‍. കോടതിവിധികളില്‍ എതിര്‍പ്പുണ്ടെങ്കില്‍ മേല്‍ക്കോടതിയില്‍ പോയി നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും തെരുവില്‍ പ്രതിഷേധം തീര്‍ക്കുന്നത് അപക്വവും അതിവൈകാരികതയുമാണെന്നും ഇക്കൂട്ടര്‍ ഉപദേശിക്കാനും ശ്രമിക്കുന്നുണ്ട്. പ്രതിഷേധങ്ങളുടെ രീതിയും സ്വഭാവവും നിശ്ചയിക്കുന്നത് പ്രതിഷേധം സംഘടിപ്പിക്കുന്ന സംഘാടകരാണ്. ഏതൊക്കെ വിഷയത്തില്‍ എങ്ങനെയൊക്കെ പ്രതികരിക്കണമെന്ന സ്വാതന്ത്ര്യവും അതിലുള്‍പ്പെടും. അതു വകവച്ചുനല്‍കാതെ മുസ്‌ലിം പക്ഷത്തുനിന്ന് പ്രതിഷേധമുയരുമ്പോള്‍ ഏതു പേരില്‍ സംഘടിപ്പിക്കണം, എവിടേക്കൊക്കെ പ്രതിഷേധമാവാം, ഏതുതരത്തിലുള്ള പ്രതിഷേധമാണ് വേണ്ടത് എന്നതരത്തില്‍ പ്രതിഷേധത്തിന് 'പ്രോട്ടോകോള്‍' ഉണ്ടാക്കാന്‍ ശ്രമിക്കുകയാണു ചിലര്‍ ചെയ്യുന്നത്. കോടതിവിധികളിലെ അന്യായങ്ങള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തുക സ്വാഭാവികമാണ്. കോടതികളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതും ഇതാദ്യത്തേതല്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞദിവസം രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരേ ആക്ഷേപവും പ്രതിഷേധവും ഉയര്‍ത്തിയതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഏകോപന സമിതി മാര്‍ച്ചിന്റെ അന്യായത്തിനെതിരേ കാംപയിന്‍ സംഘടിപ്പിച്ചവരാണ്. ആണ്‍മയിലും പെണ്‍മയിലും തമ്മില്‍ ഇണചേരാറില്ലെന്നും അതുകൊണ്ടാണ് ബ്രഹ്മചാരിയായ മയിലിനെ ദേശീയപക്ഷിയാക്കിയതെന്നുമാണ് ജസ്റ്റിസ് മഹേഷ്ചന്ദ്ര ശര്‍മ പ്രസ്താവന നടത്തിയത്. ജഡ്ജിയുടെ പരാമര്‍ശത്തില്‍ എന്തെങ്കിലും കുഴപ്പമോ അപാകതയോ ഉണ്ടെങ്കില്‍ മേല്‍ക്കോടതിയെ സമീപിച്ച് തിരുത്തിക്കുക എന്ന 'മുഖ്യധാരാ സര്‍ട്ടിഫൈഡ്' രീതിക്കു പകരം നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തുന്നത് ജുഡീഷ്യല്‍ സംവിധാനത്തെ തന്നെ എതിര്‍ക്കുന്നതിന് തുല്യമാണെന്ന നെടുങ്കന്‍ പ്രസ്താവനകളും ഉപദേശങ്ങളുമൊന്നും ഈ വിഷയത്തില്‍ കാണാന്‍ സാധിക്കുന്നില്ല. തലശ്ശേരിയില്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. നിരപരാധികളെ പീഡിപ്പിക്കുന്ന കോടതി നിലപാടിനെ വിമര്‍ശിച്ചാണ് ജാഥ നടത്തിയിട്ടുള്ളത്. കാരായി രാജനും ചന്ദ്രശേഖരനും നിരപരാധികളാണെങ്കില്‍, കോടതി നടപടി അന്യായമാണെങ്കില്‍ മേല്‍ക്കോടതിയെ സമീപിച്ച് നീതി ലഭ്യമാക്കാന്‍ ഇടപെടുന്നതിന് പകരം തെരുവില്‍ ജാഥയും മാര്‍ച്ചും നടത്തുന്നത് ജനാധിപത്യവിരുദ്ധവും നീതിപീഠത്തെ അവിശ്വസിക്കലുമാണെന്ന് സിപിഎമ്മിനെ ഉപദേശിക്കുകയല്ലേ ഈ മുഖ്യധാരക്കാര്‍ ആദ്യം ചെയ്യേണ്ടത്. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ ഹൈക്കോടതിയിലെ മീഡിയാ റൂം തുറന്നുകൊടുക്കാത്തതില്‍ ഉള്‍പ്പെടെ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയപ്പോഴും ജുഡീഷ്യല്‍ സംവിധാനത്തിന്റെ പവിത്രത കളങ്കപ്പെടുമെന്ന മുഖ്യധാരാ വിശദീകരണം കാണാന്‍ സാധിച്ചിട്ടില്ല. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരേ നിലപാടെടുത്തതിന്റെ പേരില്‍ ജസ്റ്റിസ് ബാലിയെ വളഞ്ഞിട്ട് ആക്രമിക്കുകയും അദ്ദേഹത്തെ നാടുകടത്തുകയും ചെയ്തത് ഇന്ത്യന്‍ ജുഡീഷ്യറിക്ക് 'കണ്ണിമവെട്ടാതെ കാവലിരിക്കുന്ന' ഇടതുപക്ഷ യുവജന സംഘടനയായിരുന്നു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഏജീസ് ഓഫിസുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കപ്പെട്ടത്.വിധിയുടെ പേരില്‍ കോടതികളെ വിമര്‍ശിക്കുന്നതില്‍ പ്രശസ്തി നേടുകയും കോടതിവിമര്‍ശനത്തിന്റെ 'അംബാസഡര്‍' ആവുകയും ചെയ്ത വ്യക്തിയാണ് സിപിഎം സംസ്ഥാന സമിതിയംഗവും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. കോടതിയെ വിമര്‍ശിച്ചതിന് മന്ത്രി സുധാകരന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നോട്ടീസ് നല്‍കിയതും അടുത്തിടെയാണ്. വിധികളുടെ സ്വഭാവം നോക്കി അനുകൂലമോ പ്രതികൂലമോ എന്നതു പരിഗണിച്ച് പ്രശംസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രീതിയും ശീലവും കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും മറ്റു പൗരാവകാശ പ്രവര്‍ത്തകരും അനുവര്‍ത്തിച്ചുവരുന്നതാണ്. ഇവയിലൊക്കെ മിക്കതിലും ന്യായമായ കോടതി ഇടപെടലുകളാണ് ദൃശ്യമായിട്ടുള്ളത്. അതേ ആളുകളോ അവരുടെ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവരോ മുസ്‌ലിം ഏകോപന സമിതിക്ക് വിധിയിലെ നീതിനിഷേധത്തെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നു വാദിക്കുന്നത് വിചിത്രമാണ്. മെയ് 24ാം തിയ്യതി ഹാദിയ കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി തികച്ചും വിചിത്രവും പക്ഷപാതപരവുമാണ്. അതിലെ അന്യായത്തിനെതിരേ മേല്‍ക്കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ചില 'നിഷ്‌കളങ്കര്‍' സൗജന്യമായി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. അത് നല്ലതുതന്നെ. എന്നാല്‍ ആ വിധി കേരളത്തിന്റെ സാമൂഹിക ചുറ്റുപാടില്‍ ഉണ്ടാക്കുന്ന അപകടം മേല്‍ക്കോടതിയുടെ അപ്പീലില്‍ പരിഹരിക്കപ്പെടുന്നതല്ലെന്ന് ഈ 'പൊതുബോധം' മനസ്സിലാക്കുന്നത് നന്ന്. ഹാദിയ കേസില്‍ വിചിത്രമായ കോടതി ഇടപെടലാണ് ഉണ്ടായിട്ടുള്ളത്: 1. 24 വയസ്സ് പൂര്‍ത്തിയായ ഒരു യുവതിയെ ഇഷ്ടമുള്ള മതം സ്വീകരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ നാലു മാസത്തോളമാണ് കോടതിയുടെ തടവില്‍ ഹോസ്റ്റലില്‍ താമസിപ്പിച്ചത്.  2. ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചും വിവാഹിതരായ ദമ്പതിമാരുടെ വിവാഹം വൈകാരിക സമീപനത്തിലൂടെ അസാധുവാക്കുകയും ചെയ്തു. 3. 24 വയസ്സുള്ള, മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ യുവതിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ ശേഷിയില്ലെന്ന വിചിത്രമായ കണ്ടെത്തല്‍ നടത്തി.  4. സാധാരണ നടക്കാറുള്ള പ്രണയവിവാഹങ്ങള്‍ക്കു പകരം 'അറേഞ്ച്ഡ് മാരേജ്' നടത്തിയത് കുറ്റമായി കാണുന്നു. 5. വിവാഹഫോട്ടോ വരന്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചില്ലെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിക്കുന്നു.  6. വിവാഹം കഴിച്ച വരന്‍ ക്രിമിനല്‍ കേസ് ചുമത്തപ്പെട്ടവന്‍ ആയതുകൊണ്ട് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിക്കുന്നു. തങ്ങളുടെ മുമ്പാകെ വരുന്ന കേസില്‍ നിലനില്‍ക്കുന്ന നിയമമനുസരിച്ച് തീര്‍പ്പുകല്‍പിക്കുക എന്നതിനു പകരം, പ്രായപൂര്‍ത്തിയായ ഒരു യുവതിയുടെ രക്ഷാകര്‍തൃത്വം സ്വയം ഏറ്റെടുത്ത് ജഡ്ജിമാരുടെ തോന്നലുകള്‍ അടിസ്ഥാനമാക്കി വിധി പറയുന്ന വിചിത്ര ഇടപെടലാണ് ഹാദിയ കേസില്‍ ഉണ്ടായിട്ടുള്ളത്. നേരത്തേ അഫ്‌സല്‍ ഗുരുവിനെ വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും പൊതുമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് തൂക്കിലേറ്റാന്‍ വിധിക്കുന്നത് എന്നാണു കോടതി തന്നെ പറഞ്ഞത്. വര്‍ഗീയതയുടെ കണ്ണട വച്ച ഉത്തരേന്ത്യന്‍ വിധികള്‍ കേരളത്തിലേക്കും ഒളിച്ചുകടത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുക എന്ന ഒറ്റവഴി മാത്രം മതിയായതല്ല. ജനാധിപത്യത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് നീതിപീഠങ്ങള്‍. അവ ദുഷിക്കുന്നുവെന്നതിന് അര്‍ഥം നമ്മുടെ രാജ്യത്തു ജനാധിപത്യം ദുര്‍ബലപ്പെടുന്നുവെന്നാണ്. അതിനെതിരേ ജാഗ്രത പുലര്‍ത്തേണ്ടത് പൗരസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അസത്യങ്ങളും അര്‍ധസത്യങ്ങളും മാത്രം പരിഗണിക്കുകയും തെളിവുകളോ യാഥാര്‍ഥ്യങ്ങളോ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന കോടതികള്‍ കണ്ണടച്ചുപിടിച്ചിട്ടുള്ളത് നിഷ്പക്ഷമാവാനല്ല; നീതിക്ക് എതിരേയാണെന്ന വിലയിരുത്തലിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാനാണ്. ജനാധിപത്യത്തിന്റെ പഴുതുപയോഗിച്ച് അധികാരത്തിലേറിയ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ രാജ്യത്തുടനീളം കാവിവല്‍ക്കരണവും വര്‍ഗീയകലാപങ്ങളും ആക്രമണങ്ങളും നടത്തുമ്പോള്‍ ജനങ്ങളുടെ ആകെയുള്ള പ്രതീക്ഷയാണ് കോടതികള്‍. കാറ്റിനനുസരിച്ചു തൂറ്റാന്‍ കോടതികളും ശ്രമമാരംഭിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നൂറ്റാണ്ടുകളോളം പോരാട്ടം നടത്തി നേടിയെടുത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ്. അതു സംഭവിക്കാതിരിക്കണമെങ്കില്‍ കോടതികളും ജനാധിപത്യത്തിന്റെ കീഴിലാണ് വരുന്നതെന്ന ധാരണ ഉയരേണ്ടതുണ്ട്. വിശുദ്ധപശുക്കളായി ചോദ്യംചെയ്യപ്പെടാതിരിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും പുഴുക്കുത്ത് വരാനിടയുണ്ട്. അതിന്റെ സൂചനകള്‍ കണ്ടുതുടങ്ങുമ്പോള്‍ ജനകീയമായ പ്രതിഷേധങ്ങള്‍ നടത്തുന്നതിനെ മഞ്ഞക്കണ്ണട കൊണ്ട് നോക്കുന്നത് വര്‍ഗീയ മനസ്സ് പേറുന്നവരാണ്. നീതിക്കായുള്ള മുസ്‌ലിം പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുകയും അവരോട് മുഖ്യധാരയോടൊപ്പം ലയിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്ന ആസ്ഥാന ഉപദേശകന്‍മാര്‍ ഈ സമുദായത്തെ വെറുതെ വിടാന്‍ സന്മനസ്സ് കാണിക്കണം.
Next Story

RELATED STORIES

Share it