Flash News

ഹാദിയ കേസ് : ഹൈക്കോടതി ഉത്തരവ് ഞെട്ടിച്ചു- പ്രകാശ് കാരാട്ട്



തൃശൂര്‍: ഡോ. ഹാദിയ കേസിലെ ഹൈക്കോടതി ഉത്തരവ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അവകാശവും അര്‍ഹതയും ഹാദിയക്കു തന്നെയാണ്. ഹാദിയയുടെ തീരുമാനംപോലെ ജീവിക്കാമെന്നാണ് വിഷയത്തില്‍ പാര്‍ട്ടി നിലപാട്. എന്‍ഐഎ ഇടപെടല്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തതെന്നും കാരാട്ട് പറഞ്ഞു.  ജനാധിപത്യ രീതിയിലല്ല ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തനങ്ങള്‍. വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും രാജ്യത്തുടനീളം സൃഷ്ടിക്കുകയാണ് ബിജെപി. യുപി, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെല്ലാം അതാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഈ പ്രവര്‍ത്തനങ്ങളെ ദേശീയതലത്തില്‍തന്നെ സിപിഎം തുറന്നുകാട്ടും. ഇതിനെതിരേ ഈ മാസം 9ന് സിപിഎം ദേശവ്യാപക പ്രതിഷേധദിനം ആചരിക്കും. കേരളത്തില്‍ സിപിഎമ്മിനെതിരേ ബിജെപിയും ആര്‍എസ്എസും നടത്തുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പട്ടികയും പ്രചാരണത്തിലുള്‍പ്പെടുത്തും. കേരളത്തില്‍ വീണ്ടും വീണ്ടും പ്രകോപനമുണ്ടാക്കി അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം സിപിഎം തടസ്സപ്പെടുത്തുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണ്. മോദിയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ അനുദിനം പുറകോട്ടടിച്ചുകൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനത്തിന്റെ കിതപ്പില്‍നിന്ന് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ഇതുവരെ കരകയറിയിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മൂന്നുവര്‍ഷത്തിനിടയില്‍ 60 ശതമാനം കുറഞ്ഞിട്ടും അതിനനുസൃതമായി ഇന്ധനവില കുറക്കുന്നതിന് കേന്ദ്രം തയ്യാറാവുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിനനുസരിച്ച് ഇന്ധനത്തിന്റെ സെന്‍ട്രല്‍ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. വലിയ തോതില്‍ സെന്‍ട്രല്‍ എക്‌സൈസ് തീരുവ കുറച്ചാലെ സംസ്ഥാനങ്ങള്‍ക്കു നികുതിയിളവ് നല്‍കാന്‍ പ്രായോഗികമായി സാധിക്കുകയുള്ളൂവെന്നും കാരാട്ട് പറഞ്ഞു. കേരള മന്ത്രിസഭയിലെ ആരോപണ വിധേയനായ മന്ത്രിക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്ന മുറയ്ക്ക് വേണ്ട നടപടി സ്വീകരിക്കുമെന്നും കാരാട്ട് പറഞ്ഞു. സിപിഎം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it